കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമമെന്ന് വ്യാജ പ്രചാരണം ; ബിഹാറിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ

കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമമെന്ന് വ്യാജ പ്രചാരണം ; ബിഹാറിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ

ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണങ്ങൾ ആരംഭിച്ചത്

തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന തരത്തിൽ വ്യാജവീഡിയോ നിർമ്മിച്ച പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ മനീഷ് കശ്യപ് ആണ് അറസ്റ്റിലായത്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മനീഷ് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെയാളാണ് മനീഷ്. രണ്ട് ആഴ്ച മുൻപാണ് തമിഴ്‌നാട്ടിൽ കുടിയേറ്റക്കാരായ ബീഹാർ സ്വദേശികളെ കൊല്ലുകയും മർദ്ദിക്കുകയും ചെയ്യുന്നതിൻ്റെ വ്യാജ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് .

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ബീഹാർ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ വീഡിയോ വ്യാജമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു

ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണങ്ങൾ ആരംഭിച്ചത്. ഇയാളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ തമിഴ്നാടിനെതിരെ വിദ്വേഷപ്രചാരങ്ങൾ ആരംഭിച്ചു. തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്നവർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. തമിഴ്നാട്ടിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും മർദ്ദനമേൽക്കുകയാണെന്നും പറഞ്ഞുള്ള കുടിയേറ്റ തൊഴിലാളികളുടെ 30 ഓളം വീഡിയോകളും ഇതോടൊപ്പം പുറത്ത് വന്നിരുന്നു.

ഇതോടെ തമിഴ്‌നാട്ടിൽ ജോലിക്ക് പോകുന്ന തൊഴിലാളികൾക്കിടയിൽ ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ പവൻ യാദവിനെ കൊലപ്പെടുത്തിയ ജാർഖണ്ഡ് സ്വദേശിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പോലീസ് അറിയിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ബീഹാർ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ വീഡിയോ വ്യാജമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉറപ്പ് നൽകി. വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ,ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ ഉൾപ്പടെ അഞ്ച് പേർക്കെതിരെ തമിഴ്‌നാട്ടിലും കേസ് എടുത്തിട്ടുണ്ട്.

മനീഷ് കശ്യപ് ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ട് പേർ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് പട്‌ന, ചമ്പാരൻ പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി വരികയായിരുന്നു. ഇയാളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ അറസ്റ്റ് ചെയ്യുമെന്നും സ്വത്ത് കണ്ട് കെട്ടുമെന്നും ഭയന്നാണ് കീഴടങ്ങിയതെന്ന് ബീഹാർ പോലീസ് അറിയിച്ചു.അന്വേഷണത്തിൽ ഇയാൾക്കതിരെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in