മണിപ്പൂര്‍ സംഘര്‍ഷം; 30 ഓളം അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂര്‍ സംഘര്‍ഷം; 30 ഓളം അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ്

ഇംഫാൽ താഴ്‌വരയ്ക്ക് ചുറ്റുമുള്ള ജില്ലകളിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്

മണിപ്പുരിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വംശീയകലാപത്തിന് എതിരായ പോലീസ് നടപടികളില്‍ 30 ഓളം അക്രമികളെ വകവരുത്തിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഇംഫാൽ താഴ്‌വരയ്ക്ക് ചുറ്റുമുള്ള ജില്ലകളിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരെല്ലാം കുകി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ബിരേന്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്

തോക്കുകളും സ്‌നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് അക്രമികള്‍ സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കും വിധത്തിലാണ് ഇവര്‍ പ്രവൃത്തിച്ചത്. ഗ്രാമങ്ങളിലെ വീടുകള്‍ക്ക് തീവെക്കുകയും, നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിർക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തിന്റെ ക്രമസമാധാന നില കണക്കിലെടുത്ത് സൈന്യത്തിന്റേയും മറ്റ് സുരക്ഷാസേനകളുടേയും സഹായത്തോടെ ഇവര്‍ക്കെതിരെ തങ്ങള്‍ കടുത്ത നടപടി ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്' മുഖ്യമന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കലാപകാരികള്‍ ഒരേസമയം,ഇംഫാല്‍ താഴ്‌വരയിലെ അഞ്ചിടത്ത് ആക്രമണം നടത്തി. സെക്മായ്, സുഗ്നു, കുംബി, ഫെയംഗ്‌, സെറോവ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. മറ്റ് പലയിടങ്ങളിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും, തിരിച്ചറിയാനാവത്ത വിധത്തില്‍ നിരവധി മൃതദേഹങ്ങള്‍ തെരുവുകളില്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

വടക്കുകിഴക്കൻ സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പതിനായിരത്തിലധികം സൈനികർ, മറ്റ് അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവരെ വിന്യസിക്കേണ്ടതുണ്ടെന്നാണ് മണിപ്പൂര് സര്‍ക്കാരിന്റെ വാദം. കാക്‌ചിംഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം ആളുകള്‍ ആയുധങ്ങൾ കൊള്ളയടിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മണിപ്പുരിലെ പ്രധാന സാമുദായമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. മെയ് 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

logo
The Fourth
www.thefourthnews.in