'എന്നോട് ക്ഷമിക്കൂ...' നവീന്‍ പട്‌നായിക്കിന്റെ പതനത്തിന് പിന്നാലെ
രാഷ്ട്രീയം അവസാനിപ്പിച്ച് വി കെ പാണ്ഡ്യന്‍

'എന്നോട് ക്ഷമിക്കൂ...' നവീന്‍ പട്‌നായിക്കിന്റെ പതനത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിച്ച് വി കെ പാണ്ഡ്യന്‍

സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യന്‍

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജു ജനതാദള്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യന്‍. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്‌നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.

''എന്റെ ഗുരുവാണ് നവീന്‍ പട്‌നായിക്ക്. ഇത്രയുംകാലം പ്രവര്‍ത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്‍മയ്ക്ക് വേണ്ടിയാണ്. എന്റെ ഏകലക്ഷ്യം നവീന്‍ പട്‌നായിക്കിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കു എന്നതായിരുന്നു ആഗ്രഹം. എന്നാല്‍, മറ്റു ചിലര്‍ എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. എനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാന്‍ സാധിച്ചില്ല. ഒരു പ്രത്യേക പദവിക്ക് വേണ്ടി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഞാന്‍മൂലം പാര്‍ട്ടിക്കും പ്രവര്‍തത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു'', വികെ പാണ്ഡ്യന്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയന്നു.

147 അംഗ നിയമസഭയില്‍ ബിജെപിക്ക് 78 സീറ്റാണ് ലഭിച്ചത്. ബിജെഡി 51 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന് പതിനാലും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെഡി സംപൂജ്യരായി. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി. വി കെ പാണ്ഡ്യനെ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. പാണ്ഡ്യന്‍ നവീന്‍ പട്‌നായിക്കിനെ വീട്ടുതടങ്കലിലാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രചാരണം കടുത്തതോടെ, വികെ പാണ്ഡ്യനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ് നവീന്‍ രംഗത്തെത്തിയിരുന്നു.

 'എന്നോട് ക്ഷമിക്കൂ...' നവീന്‍ പട്‌നായിക്കിന്റെ പതനത്തിന് പിന്നാലെ
രാഷ്ട്രീയം അവസാനിപ്പിച്ച് വി കെ പാണ്ഡ്യന്‍
സബ്‌കളക്ടറിൽനിന്ന് ഒഡിഷയുടെ അധികാരതലപ്പത്തേക്ക്; നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയോ വികെ പാണ്ഡ്യനെന്ന തമിഴ്‌നാട്ടുകാരൻ?

നവീന്‍ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ '5 ടി'യുടെ (ടീം വര്‍ക്ക്, ടെക്നോളജി, ട്രാന്‍സ്പരന്‍സി, ട്രാന്‍സ്ഫര്‍മേഷന്‍, ടൈം ലിമിറ്റ്) സെക്രട്ടറിയായിരിക്കുമ്പോഴാണ് വി കെ പാണ്ഡ്യന്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. വി ആര്‍ എസ് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ 5 ടി പദ്ധതിയുടെ ചെയര്‍മാനായി ഒഡിഷ സര്‍ക്കാര്‍ നിയമിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് കീഴില്‍ നേരിട്ടായിരുന്നു പാണ്ഡ്യന്റെ നിയമനം.

പിന്നാലെ, ഫെബ്രുവരിയില്‍ നടത്തിയ ബിശ്വ ഒഡിയ ഭാഷാ സമ്മിളനി'യുടെ ചുമതലയും പാണ്ഡ്യനാണ് നവീന്‍ പട്നായിക് നല്‍കിയത്. ബിഡെജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വികെ പാണ്ഡ്യന്‍ നേരിട്ടാണ് നടത്തിയിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും പാണ്ഡ്യന്റെ ഇടപെടലുണ്ടായി. ഇത് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചു. നിരവധി പേര്‍ പാര്‍ട്ടി വിടുകയും ചെയ്തു. പുറത്തുനിന്നുള്ളവര്‍ ഒഡിഷയെ ഭരിക്കേണ്ടെന്ന ബിജെപിയുടെ പ്രചാരണം കൂടിയായപ്പോള്‍ നവീന്‍ പട്‌നായിക്കിന്റെ വീഴ്ച സമ്പൂര്‍ണമായി.

logo
The Fourth
www.thefourthnews.in