രാമനെ വിട്ട് ഹനുമാനെ പിടിച്ചു; കര്‍ണാടകയില്‍ വര്‍ഗീയ ചേരിതിരിവുമായി ബിജെപി

രാമനെ വിട്ട് ഹനുമാനെ പിടിച്ചു; കര്‍ണാടകയില്‍ വര്‍ഗീയ ചേരിതിരിവുമായി ബിജെപി

കർണാടകയിൽ ഒന്നും മാറുന്നില്ല. ഹിജാബും, ഹലാലും, ലവ് ജിഹാദുമൊക്കെ തരാതരം വർഗീയ ചേരിതിരിവിന് ആയുധമാക്കിയ ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീണുകിട്ടിയ വിഷയങ്ങളാണ് രാമക്ഷേത്രവും ഹനുമാൻ ധ്വജയും

പൊതുവിടത്തിൽ ഒരു കൊടി മരം സ്ഥാപിക്കാൻ നാട്ടുകാരിൽ ഒരുസംഘം ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനുമതി തേടുന്നു, ദേശീയ പതാക മാത്രമേ ഉയർത്താവൂ എന്ന ഉറപ്പിൽ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകുന്നു. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടക്കുമ്പോൾ ഇങ്ങു കർണാടകയിലെ മണ്ടിയ ജില്ലയിലെ കെരെഗുഡിൽ സ്ഥാപിച്ച 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ മുഖം പതിച്ച കാവിക്കൊടി ഉയരുന്നു. നാലു ദിവസങ്ങൾ കഴിഞ്ഞ്‌ റിപ്പബ്ലിക് ദിനത്തിൽ പോലീസിന്റെ സാന്നിധ്യ ത്തിൽ ഹനുമാൻ ധ്വജ താഴ്ത്തി ജില്ലാ ഭരണകൂടം അവിടെ ദേശീയ പതാക ഉയർത്തുന്നു. ചോദ്യം ചെയ്ത് ബിജെപിയും ജെഡിഎസും ഒറ്റക്കെട്ടായി രംഗത്ത്. ദേശീയ പതാക അഴിച്ചു മാറ്റണമെന്ന് ആക്രോശിക്കുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഹൈന്ദവ വിരുദ്ധമുഖം വെളിവായ സംഭവമെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. താലിബാൻ പതാക കെട്ടാൻ ശ്രമമെന്ന് ആരോപിച്ച് മുതിർന്ന നേതാക്കളടക്കം രംഗത്ത് വരുന്നു.

കെരെഗുഡിൽ കാവി കൊടി അഴിച്ചു ദേശീയ പതാക ഉയർത്തിയപ്പോൾ
കെരെഗുഡിൽ കാവി കൊടി അഴിച്ചു ദേശീയ പതാക ഉയർത്തിയപ്പോൾ

കെരെഗുഡ് എന്ന കൊച്ചു ഗ്രാമം ഇതുവരെ കണ്ടിട്ടില്ലാത്ത സംഘർഷത്തിന് സാക്ഷ്യം വഹിക്കുന്നു . സംഘ് പരിവാർ സംഘടനകൾ ഹനുമാൻ ധ്വജയേന്തി ഗ്രാമത്തിൽ പദയാത്ര നടത്തുന്നു. ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമി കാവി ഷാൾ ധരിച്ചു പ്രതിഷേധത്തിനെത്തുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ. നിയന്ത്രിക്കാനാവാത്ത സ്ഥിതി വന്നപ്പോൾ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു. ഹനുമാൻ ധ്വജ സർക്കാർ ഭൂമിയിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ ആവർത്തിക്കുന്നു. തീരദേശ കർണാടക പോലെ മണ്ടിയയെ ബിജെപി വർഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാൻ നോക്കുകയാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ, പൊതുജങ്ങൾ ജാഗ്രത കാട്ടണമെന്നും അഭ്യർഥിക്കുന്നു. ദേശീയ പതാക അഴിച്ചു മാറ്റി ഹനുമാൻ ധ്വജ പുനഃസ്ഥാപിക്കും വരെ സമരമെന്ന് പ്രഖ്യാപിക്കുന്നു ബിജെപി...

കെരെഗുഡിലെ പോലീസ് വിന്യാസം
കെരെഗുഡിലെ പോലീസ് വിന്യാസം

കർണാടകയിൽ ഒന്നും മാറുന്നില്ല. ഹിജാബും, ഹലാലും, ലവ് ജിഹാദുമൊക്കെ തരാതരം വർഗീയ ചേരിതിരിവിന് ആയുധമാക്കിയ ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീണു കിട്ടിയ വിഷയങ്ങളാണ് രാമക്ഷേത്രവും ഹനുമാൻ ധ്വജയും. രാമക്ഷേത്ര വിഷയം കോൺഗ്രസിനെതിരെ തിരിച്ചു വിടാനുള്ള ബിജെപി നീക്കത്തെ ബുദ്ധിപൂർവം പ്രതിരോധിച്ചാണ്‌ കർണാടക സർക്കാർ നീങ്ങിയത്. സിദ്ധരാമയ്യ ഉൾപ്പടെ ഹനുമാൻ ഭക്തനായി വേഷം കെട്ടിയതോടെ ബിജെപിയുടെ പരിപ്പ് വേവാതായി. അയോധ്യയും രാമനും ക്ഷേത്രവും ബിജെപിയുടെ കുത്തകയല്ലെന്നും ബിജെപി ശ്രീരാമനെ രാഷ്ട്രീയ ആയുധമാക്കുന്നതിനെ എതിർക്കുന്നുവെന്നുമുള്ള നേതാക്കളുടെ പ്രഖ്യാപനം കോൺഗ്രസിനെ വലിയ പരിക്കുകളില്ലാതെ കർണാടകയിൽ രക്ഷപ്പെടുത്തി . രാമ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മംഗളാരതി പൂജ നടത്തി കോൺഗ്രസ് വിശ്വാസികൾക്കൊപ്പം നിന്നു . ഇരുതല മൂർച്ചയുള്ള രാമക്ഷേത്ര വിഷയത്തെ കോൺഗ്രസ് ഈ വിധം കൈകാര്യം ചെയ്യുമെന്നു ബിജെപി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

ബിജെപിയുടെ പ്രതിഷേധ പദയാത്ര
ബിജെപിയുടെ പ്രതിഷേധ പദയാത്ര

അടുത്തതെന്തെന്നു ആലോചിച്ചു തലപുകച്ചിരിക്കെ ആയിരുന്നു 'ഹനുമാൻ ധ്വജ ‘ കൈയില്‍ കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്ന ജെഡിഎസിന് വേരോട്ടമുള്ള സ്ഥലമാണ് ഓൾഡ് മൈസൂർ മേഖലയിലെ മണ്ടിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയെങ്കിലും ലോക്സഭയിൽ ജെഡിഎസ് പ്രതീക്ഷ വെക്കുന്ന മണ്ഡലമാണിത്. അതുകൊണ്ടാണ് വളരെ എളുപ്പത്തിൽ ബിജെപി പ്രശ്നത്തെ വർഗീയവത്കരിച്ച് നാട്ടിലെ സമാധാനം കളഞ്ഞത് . ഹിന്ദുവിന്റെ ആരാധന ചിഹ്നങ്ങളോടെല്ലാം സിദ്ധരാമയ്യ സർക്കാരിന് വെറുപ്പാണെന്ന രാമക്ഷേത്ര വിഷയത്തിൽ പയറ്റിയ അതെ നരേറ്റീവ്‌ തന്നെയായിരുന്നു ബിജെപി ഇവിടെയും ഇറക്കിയത്.

മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം മറ്റു ജില്ലകളിലേക്കും വ്യാപിച്ചു . ഹനുമാൻ മാത്രമല്ല പതിവ് പോലെ വി ഡി സവർക്കറും ടിപ്പു സുൽത്താനുമൊക്കെ വീണ്ടും പൊങ്ങി വന്നു. ഉത്തര കന്നഡ ജില്ലയിലെ ഭട്‌ക്കലിൽ സവർക്കറിന്റെ പേരുള്ള ബോർഡും കാവി കൊടിയും എടുത്തു മാറ്റിയതിൽ സംഘർഷാവസ്ഥ നിലനിന്നു. മണ്ടിയയിൽ ഹനുമാൻ ധ്വജ നീക്കം ചെയ്ത ദിവസമായിരുന്നു തേങ്ങിനഗുണ്ടി ഗ്രാമ പഞ്ചായത്ത് അധികൃതർ ഇവ നീക്കം ചെയ്തത് . പഞ്ചായത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെയായിരുന്നു ബോർഡും കാവി കൊടിയും പൊതു ഇടത്തിൽ സ്ഥാപിച്ചത്.

അനുമതി ഇല്ലാതെ ഭട്കലിൽ സ്ഥാപിക്കപ്പെട്ട എല്ലാ പോസ്റ്റുകളും ബോഡുകളും കൊടികളും നീക്കം ചെയ്യും വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു ഹിന്ദുത്വ സംഘടനകൾ ബിജെപിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ് . റായ്ച്ചൂർ ജില്ലയിലെ സിർവ്വാർ ടൗണിൽ സ്ഥാപിച്ച ടിപ്പു സുൽത്താന്റെ പ്രതിമയിൽ അജ്ഞാതർ ചെരുപ്പ് മാല അണിയിച്ചു.പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല . പ്രദേശത്തു മുസ്ലിം വിഭാഗം പ്രതിഷേധം തുടരുകയാണ്.

ശിവാജി നഗറിലെ ദർഗ്ഗക്കു മുന്നിലെ  സ്തൂപത്തിലെ പച്ച കൊടി
ശിവാജി നഗറിലെ ദർഗ്ഗക്കു മുന്നിലെ സ്തൂപത്തിലെ പച്ച കൊടി

ബെംഗളൂരുവിൽ ശിവാജി നഗറിൽ ദർഗ്ഗക്കു മുന്നിലെ സ്തൂപത്തിൽ സ്ഥാപിച്ച പച്ച കൊടി ബിജെപിയുടെ എതിർപ്പിനെ തുടർന്ന് പോലീസ് നീക്കം ചെയ്തു . പകരം ത്രിവർണ പതാക ഉയർത്തി . ബിജെപി എം എൽ എ ബസന ഗൗഡ പാട്ടീൽ യത്നാൽ ആയിരുന്നു സമൂഹ മാധ്യമ പോസ്റ്റിലൂടെ വിഷയം ഉന്നയിച്ചത് . ശത്രു രാജ്യത്തിന്റെ പതാകയുടെ നിറമുള്ള കൊടി പൊതു ഇടത്തിൽ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ് . ശിവാജി നഗർ പാകിസ്ഥാനിൽ അല്ല ഇന്ത്യയിലാണ്, പാക് കൊടി അഴിച്ചു ദേശീയ പതാക ഉയർത്താൻ ബെംഗളൂരു പോലീസിനോട് അഭ്യർത്ഥിച്ചായിരുന്നു ബിജെപി എം എൽ എയുടെ പോസ്റ്റ്.

കോലാർ ഗോൾഡ് ഫീൽഡിലെ ക്ലോക്ക് ടവറിനു മുകളിലെ ഇസ്ലാം മത ചിഹ്നം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ബിജെപി രംഗത്ത് വന്നു . ക്ലോക്ക് ടവറിനു മുകളിലുള്ള ചന്ദ്ര കലയും നക്ഷത്രവും നീക്കം ചെയ്യണമെന്നാണ് ആവശ്യം . 2022 വരെ ഈ ടവറിനു മുകളിൽ മുസ്ലിം വിഭാഗം പച്ചക്കൊടി ഉയർത്തിയിരുന്നു . വിശേഷ ദിവസങ്ങളിൽ ഇവിടെ ഒത്തു ചേരലുകളും നടന്നിരുന്നു . 74 വർഷങ്ങൾക്ക് ശേഷം പച്ച കൊടി നീക്കം ചെയ്ത് ബിജെപി സർക്കാറിന്റെ കാലത്ത് ദേശീയ പതാക ഉയർത്തുകയായിരുന്നു . ക്ലോക്ക് ടവറിന്റെ പച്ച പെയിന്റ് മാറ്റി ത്രിവർണ നിറം നൽകുകയും ചെയ്തു .പ്രദേശത്തെ വ്യാപാരിയായിരുന്ന മുസ്തഫ സാഹിബ് 1930 ൽ പണി കഴിപ്പിച്ചതാണ് കൊളോണിയൽ മാതൃകയിലുളള ഈ ക്ലോക്ക് ടവർ.

കോലാറിലെ ഇസ്ലാം മത ചിഹ്നമുള്ള ക്ലോക്ക് ടവർ
കോലാറിലെ ഇസ്ലാം മത ചിഹ്നമുള്ള ക്ലോക്ക് ടവർ

കെരെഗുഡിൽ ഇപ്പോൾ ദേശീയ പതാക പാറിപ്പറക്കുന്ന കൊടി മരത്തിൽ വീണ്ടും ഹനുമാൻ ധ്വജ പാറി പറക്കുംവരെ വിട്ടു വീഴ്‌ച്ചയില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇങ്ങനെയെന്തെല്ലാം പോരുകൾ കാണേണ്ടി വരുമെന്ന ആശങ്കയിലാണ് കർണാടകയിലെ വോട്ടർമാർ.

logo
The Fourth
www.thefourthnews.in