ശിവ്‌രാജ്‌സിങ് യുഗത്തിന് അന്ത്യം; മോഹന്‍ യാദവ്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

ശിവ്‌രാജ്‌സിങ് യുഗത്തിന് അന്ത്യം; മോഹന്‍ യാദവ്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

ഒൻപത് ദിവസത്തെ സസ്പെന്സിന് ശേഷമാണ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞ് പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്

മധ്യപ്രദേശില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ശിവ്‌രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമാകുന്നു. മധ്യപ്രദേശിനെ ഇനി മോഹന്‍ യാദവ് നയിക്കും. മോഹന്‍ യാദവിനെ നിയസഭാകക്ഷി നേതാവായി ഇന്നുചേര്‍ന്ന എംഎല്‍എമാരുടെ യോഗം തിരഞ്ഞെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടർ, പാർട്ടി ഒബിസി മോർച്ച പ്രസിഡന്റ് കെ ലക്ഷ്മൺ, പാർട്ടി ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവരുൾപ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് മോഹന്‍ യാദവ്.

നിയസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒമ്പത് ദിവസം നീണ്ട സസ്‌പെന്‍സിനു ശേഷമാണ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞ് പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെയായിരുന്നു ബിജെപി മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. 15 വർഷത്തിലധികം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആരാകും പുതിയ മുഖ്യമന്ത്രി എന്ന ചോദ്യവും നിലനിന്നിരുന്നു. ഇതിനാണ് നിലവിൽ ഉത്തരമായിരിക്കുന്നത്.

ഉജ്ജയിൻ എം എൽ എ ആയ മോഹൻ യാദവ് 2013ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2018ലും ഇതേ സീറ്റിൽനിന്ന് വിജയിച്ചു. 2020ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ക്യാബിനറ്റ് അംഗമായിരുന്നു അദ്ദേഹം. പതിമൂവായിരത്തില്പരം വോട്ടുകൾക്കാണ് ഇത്തവണ നിയുക്ത മുഖ്യമന്ത്രി ജയിച്ചു കേറിയത്

logo
The Fourth
www.thefourthnews.in