തിരഞ്ഞെടുപ്പിന് സജ്ജമായി ബിജെപി; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

തിരഞ്ഞെടുപ്പിന് സജ്ജമായി ബിജെപി; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെ 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട പട്ടികയാണ് മധ്യപ്രദേശിൽ ബിജെപി പുറത്തിറക്കിയത്

അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഛത്തിസ്ഗഢിലെ ബിജെപി സംസ്ഥാന മേധാവി അരുൺ സാവോ, രാജസ്ഥാനിൽ നിന്നുള്ള ദിയാ കുമാരി, രാജ്യവർദ്ധൻ സിങ് റാത്തോഡ് എന്നീ എംപിമാർ ഉള്‍പ്പെടെയുള്ളവർ പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെ 57 സ്ഥാനാർത്ഥികളുടെ മൂന്നാം ഘട്ട പട്ടികയാണ് മധ്യപ്രദേശിൽ ബിജെപി പുറത്തിറക്കിയത്. സിറ്റിങ് സീറ്റായ ബുധിനിയിൽനിന്നാകും ശിവരാജ് സിങ് ചൗഹാൻ ഇത്തവണയും മത്സരിക്കുക. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 136 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.

രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിലെ 64 സ്ഥാനാർത്ഥികളുടെ പേരാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനും ലോക്സഭാ എംപിയുമായ അരുൺ സാവോ ബിലാസ്പുർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. നേരത്തെ, ഓഗസ്റ്റിൽ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് നവംബർ ഏഴ്, പതിനേഴ് എന്നീ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്.

രാജസ്ഥാനിലെ 41 സ്ഥാനാർഥികളുടെ പട്ടികയാണ് തിങ്കളാഴ്ച ബിജെപി പ്രസിദ്ധീകരിച്ചത്. ബിജെപിയുമായി അത്ര രസത്തിലല്ലാത്ത മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗ്രൂപ്പിലെ ഒരാൾ പോലും പുതിയ പട്ടികയിൽ ഇടം നേടിയിട്ടില്ല. ബിജെപി നേതാവ് രാജ്യവർധൻ സിങ് റാത്തോഡ് ജോത്വാരയിലാണ് മത്സരിക്കുക. നവംബർ 23നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പിന് സജ്ജമായി ബിജെപി; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാർഥി പട്ടിക പുറത്തിറക്കി
സെമി ഫൈനലിനൊരുങ്ങി മുന്നണികൾ; ബിജെപിക്കും 'ഇന്ത്യ'ക്കും ഒരുപോലെ നിർണായകം

തിങ്കളാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. തെലങ്കാനയിലാണ് ഏറ്റവും അവസാനം വോട്ടെടുപ്പ് നടക്കുക. നവംബർ മുപ്പതിനാണ് തെക്കൻ സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. 16.14 കോടി വോട്ടർമാരാണ് അവരുടെ സമ്മതിദാനാവകാശം നിർവഹിക്കുക.

logo
The Fourth
www.thefourthnews.in