''രാജ്യത്തിന് നേരെയുള്ള ആക്രമണം''; മോദിക്കെതിരായ
ജോര്‍ജ് സോറോസിൻ്റെ  
പരാമര്‍ശത്തിനെതിരെ ബിജെപി

''രാജ്യത്തിന് നേരെയുള്ള ആക്രമണം''; മോദിക്കെതിരായ ജോര്‍ജ് സോറോസിൻ്റെ പരാമര്‍ശത്തിനെതിരെ ബിജെപി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളാണ് ജോർജ്ജ് സോറോസിനെതിരെ രംഗത്ത് വന്നത്

ഗൗതം അദാനി നേരിടുന്ന പ്രതിസന്ധികളുടെ ഭാഗമായി ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം സാധ്യമാകുമെന്ന ശതകോടീശ്വരന്‍ ജോര്‍ജ് സോറസിൻ്റെ പരാമര്‍ശം രാജ്യത്തിനു നേരെയുള്ള ആക്രമണമാണെന്ന വാദവുമായി ബിജെപി രംഗത്ത് .അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സംസാരിച്ച ശതകോടീശ്വരനായ ജോർജ്ജ് സോറോസിനെ  രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയാണ് ബിജെപി നേതാക്കള്‍ . കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ള നേതാക്കളാണ് ജോർജ്ജ് സോറോസിനെതിരെ രംഗത്തു വന്നത് . വിദേശ ശക്തികളോട് കരുതിയിരിക്കാനാണ് ബിജെപിയുടെ മുന്നറിയിപ്പ് .

സോറോസിൻ്റെ പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ ഓരോ ഇന്ത്യക്കാരനും തയ്യാറാകണമെന്നും സ്മൃതി ഇറാനി

സോറോസിന്റെ പ്രസ്താവന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ഇതിനു മുമ്പും ഇത്തരത്തില്‍ ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച വിദേശികള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം . കൂടാതെ ഈ പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ ഓരോ ഇന്ത്യക്കാരനും തയ്യാറാകണമെന്നും കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു .

നരേന്ദ്രമോദിക്കെതിരായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപ ഇയാള്‍ ചിലവഴിച്ചിട്ടുണ്ടെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി .വിമർശനം ഏറ്റുവാങ്ങാമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയ്‌ക്കെതിരായ ഇത്തരം പ്രവണതകളെ വച്ചു പൊറുപ്പിക്കാനാകില്ലെന്നും സ്മൃതി ഇറാനി കൂട്ടി ചേര്‍ത്തു . ഇതൊരു യുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിന് വിദേശീയനായ കോടീശ്വരനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനകൾക്കും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുകയും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു .

ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകർത്ത്, സാമ്പത്തിക യുദ്ധക്കുറ്റവാളിയായി രാജ്യം വിശേഷിപ്പിച്ചയാളാണ് ജോർജ്ജ് സോറോസെന്നും,ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള തൻ്റെ ആഗ്രഹം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമാണ് ബിജെപി പൊതുവിൽ ഉയർത്തുന്ന വിമർശനം.മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരിനെ താഴെ ഇറക്കാനും തനിക്കു പ്രിയപ്പെട്ടവരെ ഭരണമേല്‍പ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം ശക്തികള്‍ ഇന്ത്യക്കു നേരെ തിരിയുന്നതെന്ന വാദവും ബിജെപി ഉയർത്തുന്നു .

അദാനി വിഷയം ഒരു ജനാധിപത്യ പുനരുജ്ജീവനത്തിന് കാരണമാകുമോ എന്നത് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളേയും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയേയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം . ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും അതിന്റെ പരിണാമത്തെ കുറിച്ചും ഒരു വിദേശി അഭിപ്രായപ്പെടേണ്ടതില്ലെന്നും അത് ഇന്നും ഇന്ത്യ തുടരുന്ന നെഹ്റു പാരമ്പര്യത്തിന് വിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തല്‍ .

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും അതിൻ്റെ പരിണാമത്തെക്കുറിച്ചും ഒരു വിദേശി അഭിപ്രായപ്പെടേണ്ടതില്ലെന്നും അത് ഇന്നും ഇന്ത്യ തുടരുന്ന നെഹ്റു പാരമ്പര്യത്തിന് വിരുദ്ധമാണെന്നും ജയറാം രമേശ്

അതേ സമയം ജോര്‍ജ് സോറസിനു വേണ്ടി എന്തിനാണ് ബിജെപി തുടര്‍ച്ചയായി പത്ര സമ്മേളനം നടത്തുന്നതെന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍ വേദി പരിഹാസത്തോടെ ചോദിച്ചത് . ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഇസ്രയേല്‍ ഏജന്‍സിയുടെ ഇടപെടലിനെ കുറിച്ചും ശിവസേന നേതാവ് ട്വീറ്റില്‍ പരാമര്‍ശിച്ചു .

ഇന്ത്യയിലെ പ്രധാന വ്യവസായ സംരംഭകനായ ഗൗതം അദാനി നേരിടുന്ന പ്രതിസന്ധികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ജോര്‍ജ് സോറൻ്റെ പരാമര്‍ശം. 2023 ലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കെയായിരുന്നു വിവാദപരാമർശം.

അദാനി ഗ്രൂപ്പ് കമ്പനികൾ സ്റ്റോക്കിൽ കൃത്രിമം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനു പുറകെ രാജ്യത്ത് ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു . മോദിയും വ്യവസായ പ്രമുഖൻ അദാനിയും സഖ്യകക്ഷികളാണെന്നും അവരുടെ വിധി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ഇന്ത്യയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മോദി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ പദ്ധതിയിടുകയാണെന്ന പരാമര്‍ശത്തോടെയാണ് ജോർജ്ജ് സോറോസ് ബിജെപിയുടെ എതിരാളിയായത്. നിരന്തരം മോദി വിമര്‍ശനായ ഇദ്ദേഹത്തിന് ഏകദേശം 8.5 ബില്യൺ ഡോളർ ആസ്തിയുണ്ട്.

ജനാധിപത്യം സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സംഭാവന നല്‍കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളുടെ സ്ഥാപകനുമാണ് ജോർജ്ജ് സോറോസ്.

logo
The Fourth
www.thefourthnews.in