ജാതി ക്വാട്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പുകൾ

ജാതി ക്വാട്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ എസ്‌സി/എസ്‌ടി വിഭാഗങ്ങളുടെ വോട്ട് വളരെ നിർണായകമാണ്.

കർണാടകയിലെ കനത്ത തോൽവിക്ക് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ജാതി ക്വാട്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പട്ടിക ജാതി പട്ടികവർ​ഗ സമുദായത്തിൽ നിന്നും ഗണ്യമായ എണ്ണം വോട്ടർമാരുള്ളതിനാൽ പാർട്ടി എസ്‌സി/എസ്ടി ക്വാട്ടയിൽ ശ്രദ്ധചെലുത്തും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ എസ്‌സി/എസ്ടി സമുദായങ്ങൾക്ക് സംവരണം വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടും ബിജെപി തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാർട്ടി നിർണായക നീക്കം നടത്താനായി തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാ​ഗമായി മേയ് 20 മുതൽ ഒരു മാസത്തേക്ക് മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ആഘോഷിക്കുമെന്നും എല്ലാ എസ്ടി സംവരണ മണ്ഡലങ്ങളിലും പ്രധാനമന്ത്രിയുടെ പരിപാടികൾ എങ്ങനെ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചുവെന്നത് സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുമെന്നും ബിജെപി എസ്ടി മോർച്ചാ തലവൻ സമീർ ഒറോൺ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി കൃത്യമായ ആസൂത്രണമാണ് നടത്താൻ പോകുന്നതെന്നും അതിലൂടെ മോദി ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും അദ്ദേ​ഹം പറ‍ഞ്ഞു.

ജാതി ക്വാട്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പുകൾ
കർണാടകയിലെ തോൽവി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി

മധ്യപ്രദേശിൽ, എസ്‌സി/എസ്ടി വിഭാഗങ്ങളുടെ പ്രാധാന്യം പാർട്ടിയും സർക്കാരും മനസ്സിലാക്കുന്നുണ്ടെന്നും അവരെ അണിനിരത്താനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപി നേതാവ് പി മുരളീധർ റാവു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി എസ്‌സി/എസ്‌ടി സമുദായങ്ങളെ പാർട്ടി വളരെ ശ്രദ്ധയോടെയാണ് പരി​ഗണിക്കുന്നതെന്നും മധ്യപ്രദേശിലെ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ വളർച്ച കർണാടകയിലേതിനേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേ​ഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ എസ്‌സി/എസ്‌ടി വിഭാഗങ്ങളുടെ വോട്ട് വളരെ നിർണായകമാണ്. 2011-ലെ സെൻസസ് പ്രകാരം, മധ്യപ്രദേശിലെ സംസ്ഥാന ജനസംഖ്യയുടെ 21.1 ശതമാനം എസ്ടി വിഭാ​ഗത്തിൽ നിന്നുളളവരും 15.6 ശതമാനം എസ്‌സി വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. ഗോത്രവർഗ ആധിപത്യമുള്ള ഛത്തീസ്ഗഢിൽ 30.62 ശതമാനം ഗോത്രവർഗ്ഗക്കാരും 12.82 ശതമാനം പട്ടികജാതിക്കാരുമാണുളളത്. ഇതിനോടകം തന്നെ, രാജസ്ഥാൻ, ബൻസ്വാര, ഭരത്പൂർ, നാഥ്ദ്വാര പ്രദേശങ്ങളിലും എസ് സി എസ്ടി വോട്ടർമാരുള്ള മറ്റ് സ്ഥലങ്ങളിലും വോട്ടർമാരെ സ്വാധീനിക്കാനായി നരേന്ദ്രമോദി യാത്ര ചെയ്ത് കഴിഞ്ഞു.

മോദി സർക്കാരിന്റെ ഒന്നാം ടേമിലും രണ്ടാം ടേമിലും ബിജെപി പരമാവധി എസ്‌സി/എസ്ടി സീറ്റുകൾ നേടിയിരുന്നു. 2014ൽ 67 സീറ്റുകൾ നേടിയെങ്കിൽ 2019ൽ അത് 77 ആയി ഉയർന്നിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇരു സമുദായങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പൗരന്മാർക്ക് വേണ്ടിയുളള ക്ഷേമ പദ്ധതികളെക്കുറിച്ചുളള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കാനായി ആരംഭിച്ച ലഭാരതി പദ്ധതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നതും ഇരുസമുദായങ്ങളെയുമാണ്.

2011-ലെ സെൻസസ് പ്രകാരം കർണാടകയിലെ ജനസംഖ്യയുടെ 17.5 ശതമാനം പട്ടികജാതിക്കാരാണ്, അതേസമയം പട്ടികവർഗക്കാർ 6.95 ശതമാനവും. കർണാടകയിൽ, പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത 36 സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്. ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം, 2018ൽ 12 പട്ടികജാതി സീറ്റുകളിലും 8 എസ്ടി സീറ്റുകളിലും വിജയിച്ച കോൺ​ഗ്രസ് ഇത്തവണ 21 പട്ടികജാതി സീറ്റുകളും 14 പട്ടികവർഗ സീറ്റുകളും നേടി. എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളായ ശ്രീരാമുലു, ഗോവിന്ദ് കാർജോൾ അടക്കമുളളവർ പരാജയം രുചിച്ച തിരഞ്ഞെടുപ്പാണ് ഇത്. 19 സീറ്റുകളിൽ വിജയിച്ച ജെഡിഎസ് നാല് സംവരണ സീറ്റുകളാണ് നേടിയത്.

പട്ടികജാതി (ഇടത്) സമുദായത്തിനുളള സംവരണം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം പട്ടികജാതി വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇത് ബഞ്ചാര, ഭോവി, പട്ടികജാതി (വലത്) വിഭാഗത്തിലുളളവരും ബിജെപിക്കെതിരെ വോട്ടുചെയ്യാൻ ഇടയാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 17 ശതമാനമുളള പട്ടികജാതി ക്വാട്ടയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പട്ടികജാതി (ഇടത്) വിഭാഗത്തിന് ആറ് ശതമാനമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി (വലത്) വിഭാഗത്തിന് 5.5 ശതമാനവും പട്ടികജാതി വിഭാഗത്തിന് 4.5 ശതമാനവും വിഭജിച്ച് ആഭ്യന്തര സംവരണം ഏർപ്പെടുത്താൻ ബസവരാജ് ബൊമ്മൈ തീരുമാനിച്ചിരുന്നു. എസ്‌സി/എസ്ടി സീറ്റുകളിൽ പാർട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് ഉടൻ തന്നെ അവലോകനയോഗം ചേരും.

logo
The Fourth
www.thefourthnews.in