'അതിനുള്ള ധൈര്യം മോദിക്കില്ല'; മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ബിജെപി വക്താവ്‌

'അതിനുള്ള ധൈര്യം മോദിക്കില്ല'; മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ബിജെപി വക്താവ്‌

മണിപ്പൂര്‍ കലാപം രാജ്യത്തിന്റെ അന്തസ് കെടുത്തിയെന്നും വിഷയം കൈകാര്യം ചെയ്തതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെട്ടെന്നും വിനോദ് ശര്‍മ പറഞ്ഞു

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ബിഹാറിലെ ബിജെപി വക്താവ് വിനോദ് ശര്‍മ പാര്‍ട്ടിവിട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് വിനോദ് ശര്‍മ രാജിപ്രഖ്യാപനം നടത്തിയത്. മണിപ്പൂര്‍ കലാപം രാജ്യത്തിന്റെ അന്തസ് കെടുത്തിയെന്നും വിഷയം കൈകാര്യം ചെയ്തതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി ഉറങ്ങുകയാണെന്നും വിനോദ് ശര്‍മ പറഞ്ഞു.

മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ പുറത്താക്കാൻ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്നുെം വിനോദ് ശർമ്മ ആരോപിച്ചു. മണിപ്പൂരിൽ 800-1000 പുരുഷന്മാരുടെ സാന്നിധ്യത്തിൽ കുക്കി സമുദായത്തിലെ രണ്ട് സ്ത്രീകളെ പട്ടാപ്പകൽ നഗ്നരാക്കുകയും പരസ്യമായി റോഡിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം ലോകത്തിന് മുന്നിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. വളരെ ക്രൂരമായ സംഭവമുണ്ടായിട്ടും സമാനമായ നൂറുകണക്കിന് സംഭവങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട് എന്ന മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അവകാശവാദം ഏറെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

''ഇത്തരമൊരു സംഭവം രാജ്യത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി മോദിക്കും കത്തയച്ചു. എന്നിട്ടും പ്രധാനമന്ത്രി ഉറങ്ങുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കാൻ അദ്ദേഹത്തിന് ധൈര്യമില്ല. മണിപ്പൂർ സംഭവത്തിൽ അനുകൂലമായി സംസാരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടിയിലുളളവർ അധികാരത്തോടുള്ള അത്യാഗ്രഹികളാണ്, അവർക്ക് നമ്മുടെ പെൺമക്കളെയും പൗരന്മാരെയും കുറിച്ച് ആശങ്കയില്ല'' ശർമ്മ പറഞ്ഞു.

മണിപ്പൂരിൽ നടന്നുവരുന്ന അക്രമ പരമ്പരയുടെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി ബിരേൻ സിങിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണെന്ന് ശർമ്മ വ്യക്തമാക്കി. അതുകൊണ്ടാണ് പാർട്ടി സ്ഥാനമാനങ്ങളിൽ നിന്നും രാജി വയ്ക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജൂലൈ 19നായിരുന്നു മണിപ്പൂരിലെ കുക്കി വംശജരിലെ രണ്ട് സത്രീകളെ ന​ഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും പിന്നീട് ഇവരെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ രാജ്യത്തിന്റ വിവിധ കോണുകളിൽ നിന്നും നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in