ലോക്‌സഭാ പോരാട്ടം: സ്കോർബോർഡിൽ നേരിയ പോയിന്റിന് മുന്നേറുന്ന ബിജെപി; തിരിച്ചുവരവിനൊരുങ്ങി പ്രതിപക്ഷം

ലോക്‌സഭാ പോരാട്ടം: സ്കോർബോർഡിൽ നേരിയ പോയിന്റിന് മുന്നേറുന്ന ബിജെപി; തിരിച്ചുവരവിനൊരുങ്ങി പ്രതിപക്ഷം

38 വർഷം നീണ്ട ബിജെപി പദ്ധതിയായിരുന്നു ജനുവരി 22ന് ഫലം കണ്ടത്. രാജ്യത്തെ വർഗീയമായി വിഭജിച്ച, കലാപങ്ങൾക്ക് കാരണമായ ബാബരി ധ്വംസനം അന്നും ബിജെപിക്ക് അധികാരത്തിലെത്താൻ അനുകൂലമായ ഘടകമായി മാറിയിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്കിടയിൽ ഓളമുണ്ടാക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. അതിനായുള്ള ഒരുക്കങ്ങൾ ഇരുപക്ഷത്തും തകൃതിയാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിലെ മെഗാ ഇവേന്റിലേക്ക് അടുക്കുമ്പോൾ ബിജെപി ഒരുപടി മുന്നിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ, കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നീക്കത്തിന് അനുകൂലമായ സുപ്രീംകോടതി വിധി, ബിജെപിയെ നേരിടാനായി കെട്ടിപ്പടുത്ത പ്രതിപക്ഷ മഹാസഖ്യത്തിലെ വിള്ളലുകൾ, ബിഹാറിൽ നിതീഷ് കുമാറിന്റെ കൂറുമാറ്റം എന്നിങ്ങനെ നീളുന്നു ബിജെപിക്ക് പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കിക്കൊടുത്ത മുന്നേറ്റങ്ങൾ. നിലവിൽ ഇതെല്ലാം നേട്ടങ്ങളായി കരുതപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇത് എന്ത് സ്വാധീനമാണുണ്ടാക്കിയതെന്ന് വോട്ടെണ്ണുന്ന ദിവസം വരെ കാത്തിരുന്നേ മതിയാകൂ.

ബിജെപിയുടെ വർഷങ്ങളായുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയെന്നത്. 2019ലെ തിരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യം ബിജെപി ആവർത്തിച്ചിരുന്നു. അങ്ങനെ രണ്ടാമതും അധികാരത്തിലേറിയ തീവ്ര വലതുപക്ഷം 2019 ഓഗസ്റ്റ് ആറിന് തങ്ങളുടെ വാക്ക് പാലിച്ചു. ഈ നടപടി 2023 ഡിസംബർ 11ന് സുപ്രീംകോടതി ശരിവെച്ചതോടെ വലിയൊരു ഉത്തേജനമാണ് ഭരണകക്ഷിക്ക് ലഭിച്ചത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പദ്ധതികളിലൊന്ന് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിന്റെ ‘പ്രത്യേക പദവി’ റദ്ദാക്കുക എന്നതായിരുന്നു. അങ്ങനെ, അത് 2019 ഓഗസ്റ്റ് ആറിന് ചെയ്തു. 2023 ഡിസംബർ 11-ന് സർക്കാരിൻ്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. പെഗാസസ് മുതൽ നോട്ട് നിരോധനം വരെയുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് സംഭവിച്ചതിന്റെ തനിയാവർത്തനമായിരുന്നു ഇത്.

38 വർഷം നീണ്ട ബിജെപി പദ്ധതി ഫലം കണ്ടത് ഈ ജനുവരി 22നായിരുന്നു. രാജ്യത്തെ വർഗീയമായി വിഭജിച്ച, കലാപങ്ങൾക്ക് കാരണമായ ബാബരി ധ്വംസനം അന്നും ബിജെപിക്ക് അധികാരത്തിലെത്താൻ അനുകൂലമായ ഘടകമായി മാറിയിരുന്നു. അതിന്റെ വിജയപരിസമാപ്തിയെന്ന് ബിജെപി കണക്കുകൂട്ടുന്ന പ്രാണപ്രതിഷ്ഠ, അമ്പലത്തിന്റെ പണി പൂർത്തിയാകും മുൻപ് നടപ്പിലാക്കിയതും ലോക്സഭാ തിരഞ്ഞെടുപ്പ് മനസ്സിൽ കണ്ടുകൊണ്ടാണ്.

ബിജെപിയെ നേരിടാനായി വളരെ പ്രതീക്ഷയോടെ പ്രതിപക്ഷം ഉണ്ടാക്കിയെടുത്ത കൂട്ടായ്മയായിരുന്നു 'ഇന്ത്യ' സഖ്യം. പ്രത്യയശാസ്ത്രപരമായി വേറിട്ടുനിൽക്കുന്ന നിരവധി പാർട്ടികൾ ഒരേലക്ഷ്യത്തോടെ ഒത്തൊരുമിച്ചത് ശുഭസൂചനയായിട്ടായിരുന്നു രാജ്യം വീക്ഷിച്ചത്. എന്നാൽ സീറ്റ് വിഭജനത്തിന്റെ കാര്യമെത്തിയപ്പോഴേക്കും പശ്ചിമ ബംഗാൾ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വലിയ പൊട്ടിത്തെറികളാണുണ്ടാകുന്നത്. സഖ്യത്തിലെ പ്രധാന കക്ഷികളായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങളാണുണ്ടായത്.

എന്നാൽ ഇതിലെല്ലാം ഉപരിയായി 'ഇന്ത്യ' മുന്നണി രൂപീകരണത്തിന് നേതൃത്വം വഹിച്ച, ജെഡി(യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും ബിജെപിക്കൊപ്പം പോയതാണ് വലിയ തിരിച്ചടിയായിരിക്കുന്നത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വീണ്ടും മേൽക്കൈ നേടിക്കൊടുക്കാൻ ഇടയുണ്ട്.

നിലവിലെ സ്കോർ കാർഡിൽ ബിജെപിക്ക് അല്പം മുൻ‌തൂക്കം ലഭിച്ചിട്ടുണ്ടെങ്കിലും വരും നാളുകളിലേക്ക് ഇരുമുന്നണികളും അവരവരുടെ ആവനാഴികളിൽ എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. എന്നാൽ അടിക്കും തിരിച്ചടിക്കും ഫൗളുകൾക്കും ഗോളുകൾക്കുമെല്ലാം അവസാനം അവസാന വിസിൽ ജനങ്ങളുടെ കയ്യിലാണെന്നതാണ് പ്രസക്തം. അവരുടെ വിധിയാകും വിക്ടറി ബോർഡിൽ ആരുടെ പേര് വരണമെന്ന് തീരുമാനിക്കുക.

logo
The Fourth
www.thefourthnews.in