ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

തുടക്കത്തില്‍ ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആര്‍എസ്എസിനെ ആവശ്യമായിരുന്നു

ആര്‍എസ്എസിന്റെ സഹായത്തോടെ നിലനിന്ന സാഹചര്യത്തില്‍നിന്ന് ബിജെപി മുന്നോട്ടുപോയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ആര്‍എസ്എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്തില്‍നിന്ന് പാര്‍ട്ടി വളര്‍ന്നു. ഇപ്പോള്‍ സ്വയം പ്രാപ്തിയുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ നദ്ദ പറഞ്ഞു.

ആര്‍എസ്എസ് ആശയങ്ങളില്‍നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ അകലുന്നതായി കടുത്ത ആര്‍എസ്എസ് അനുഭാവികള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ജെ പി നദ്ദയുടെ പ്രതികരണം.

''തുടക്കത്തില്‍ ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആര്‍എസ്എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു. ഇന്ന് ഞങ്ങള്‍ ശേഷിയുള്ളവരാണ്. ബിജെപി സ്വന്തമായി പ്രവര്‍ത്തിക്കുന്നു. അതാണ് ഇപ്പോഴുള്ള വ്യത്യാസം,'' നദ്ദ പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തുനിന്ന് ബിജെപിയിലെ ആര്‍എസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി.

''ആര്‍എസ്എസ് സാംസ്‌കാരിക, സാമൂഹിക സംഘടനയും ബിജെപി രാഷ്ട്രീയ സംഘടനയുമാണ്. ആര്‍എസ്എസ് ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്,'' നദ്ദ പറഞ്ഞു. മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ബിജെപിക്കില്ല. ബിജെപിക്ക് അങ്ങനെയൊരു ആശയമോ പദ്ധതിയോ ആഗ്രഹമോ ചര്‍ച്ചകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ
വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത്, ബിജെപി ആര്‍എസ്എസ് നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഞായറാഴ്ചയാണ് നദ്ദയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in