ബോളിവുഡ് നടി മയക്കുമരുന്ന് കേസിൽ ഷാർജ ജയിലിൽ; കുടുക്കിയ രണ്ട് പേർ മുംബൈയിൽ അറസ്റ്റിൽ

ബോളിവുഡ് നടി മയക്കുമരുന്ന് കേസിൽ ഷാർജ ജയിലിൽ; കുടുക്കിയ രണ്ട് പേർ മുംബൈയിൽ അറസ്റ്റിൽ

നടിയുടെ അമ്മയോടുള്ള പ്രതികാരത്തിന്റെ പേരിൽ കേസിൽ കുടുക്കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു

ബോളിവുഡ് നടി ക്രിസൻ പെരേരയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പേരെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. നടി ഷാർജ ജയിലിൽ കഴിയാനിടയാക്കിയ സംഭവത്തിൽ മുംബൈ ബോറവാലി സ്വദേശി ആന്റണി പോൾ, കൂട്ടാളി മഹാരാഷ്ട്ര സിന്ധുദുർഗ് സ്വദേശി രവി എന്ന രാജേഷ് ബബോട്ടെ എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് കടത്തിയ കേസിൽ ഏപ്രിൽ ആദ്യ വാരം ഷാർജയിൽ അറസ്റ്റിലായ ക്രിസൻ പെരേര അവിടെ ജയിലിൽ കഴിയുകയാണ്. ഓഡിഷൻ ആവശ്യത്തിനായി ഷാർജയിലേക്കു പോയ ക്രിസൻ പ്രതികൾ കൈമാറിയ ട്രോഫി കൊണ്ടുപോയിരുന്നു. ട്രോഫിയിൽ ഇരുവരും മയക്കുമരുന്ന് ഒളിപ്പിച്ചത് അറിയാതെയാണു ക്രിസൻ ഇതുകൊണ്ടുപോയത്. നടിയെ പ്രതികൾ മനപ്പൂർവം കുടുക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.

ക്രിസനെ കള്ളക്കേസിൽ കുടുക്കിയതാണെന്നു കുടുംബം ആരോപിച്ചുരുന്നു. തുടർന്നാണ് വിഷയത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്. നടിയുടെ അമ്മ പ്രമീള പെരേരയോടുള്ള പ്രതികാരത്തിന്റെ പുറത്താണ് ക്രിസനെ കേസിൽ കുടുക്കാൻ പോൾ പദ്ധതിയിട്ടതെന്നാണു പോലീസ് പറയുന്നത്.

ക്രിസന്റെ അമ്മ പ്രമീള താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പോളിന്റെ സഹോദരിയും താമസിക്കുന്നത്. 2020ൽ ലോക്ക്ഡൗൺ സമയത്ത്, തന്റെ സഹോദരിയെ കാണാനെത്തിയ പോളിനെ പ്രമീളയുടെ വളർത്തുനായ ആക്രമിക്കാൻ ശ്രമിച്ചു. സ്വയം രക്ഷാ​ർത്ഥം നായയെ അടിക്കാൻ പോൾ കസേരയെടുത്തു. ഇതുകണ്ട് പ്രകോപിതയായ പ്രമീള കെട്ടിടത്തിലെ മറ്റു താമസക്കാരുടെ മുന്നിൽ വച്ച് പോളിനെ അസഭ്യം പറഞ്ഞു. ഈ സംഭവത്തിന് പ്രതികാരം ചെയ്യാനാണ് ക്രിസനെ കേസിൽ കുടുക്കാൻ പോൾ പദ്ധതിയിട്ടത്.

റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലിയെക്കുറിച്ച് പ്രമീളയുടെ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് ലഭിച്ചതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. പ്രമീള നമ്പറിൽ തിരികെ ബന്ധപ്പെട്ടപ്പോൾ ഓഫീസിൽ വന്ന് തന്നെ കാണാൻ രവി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്കിടെ രവി പ്രമീളയോട് കുടുംബത്തെക്കുറിച്ച് ചോദിക്കുകയും തുടർന്ന് മകൾ സിനിമയിൽ അഭിവയിക്കുന്ന ആളാണെന്ന് പ്രമീള പറയുകയും ചെയ്തു.

'ടാലന്റ് പൂൾ' എന്ന പേരിൽ തനിക്കൊരു ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുണ്ടെന്നും അന്താരാഷ്ട്ര ഷോയ്ക്കായി ഒരു നടിയെ തിരയുകയാണെന്നും രവി പ്രമീളയോട് പറയുന്നു. തുടർന്ന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ മീറ്റിങ് നടത്തി ക്രിസനെ തിരഞ്ഞെടുത്തെന്നും ഓഡിഷന് വേണ്ടി ദുബായിൽ പോകേണ്ടിവരുമെന്നും അറിയിച്ചു. ഏപ്രിൽ ഒന്നിന് ഷാർജയിലേക്കും അവിടെനിന്ന് ദുബായിലേക്കും ക്രിസന് പോകാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഹിൽട്ടൺ ഹോട്ടലിൽ താമസവും ഏർ‍പ്പാടാക്കി. തുടർന്ന് ഷാർജയിലേക്കു പുറപ്പെടുന്നതിനു മുൻപാണ് ഓഡിഷൻ സമയത്ത് ആവശ്യം വരുമെന്ന് ധരിപ്പിച്ച് മയക്കുമരുന്ന് അടങ്ങിയ ട്രോഫി രവി ക്രിസന് നൽകുന്നത്.

ഷാർജയിലെത്തിയപ്പോൾ തന്റെ ബുക്കിങ് സ്ഥിരീകരിക്കാനായി ഹോട്ടലിൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഹോട്ടലിന്റെ ബുക്കിങ് രേഖയിൽ ക്രിസന്റെ പേരുണ്ടായിരുന്നില്ല. തുടർന്ന് ട്രോഫിയുമായി ക്രിസൻ പൊലീസ് അധികൃതരെ സമീപിച്ചു. ട്രോഫിക്കുള്ളിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ക്രിസനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മകൾ അറസ്റ്റിലായ വിവരമറിഞ്ഞാണ് പ്രമീള പോലീസിനെ സമീപിക്കുന്നത്. തുടർന്ന് വക്കോല പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം ക്രൈം വിഭാ​ഗം ജോയിന്റ് പോലീസ് കമ്മീഷണർ ലക്ഷ്മി ഗൗതമാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ പോൾ ആണ് പദ്ധതി തയ്യാറാക്കിയതെന്നും അത് നടപ്പിലാക്കാൻ സഹായിച്ചത് രവിയാണെന്നും പോലീസ് കണ്ടെത്തി.

രവിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് പോൾ അറസ്റ്റിലായത്. വിദേശകാര്യ മന്ത്രാലയത്തിലെ അധികാരികളുമായി പോലീസ് ബന്ധപ്പെടുകയും പ്രതികൾ നടിയെ കുടുക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ യുഎഇ അധികൃതരുമായി പങ്കിടുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. സഡക് 2, ബദ്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലാണ് ക്രിസൻ അഭിനയിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in