'കുഞ്ഞിനെ ജനിക്കാന്‍ അനുവദിക്കണം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി

'കുഞ്ഞിനെ ജനിക്കാന്‍ അനുവദിക്കണം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി

ഗര്‍ഭഛിദ്രത്തിന് നിയമസാധുത തേടിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി നിഷേധിച്ചത്

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. ആറാം മാസത്തില്‍ ഗര്‍ഭഛിദ്രം നടത്തിയാലും കുഞ്ഞ് ജീവനോടെ ജനിക്കുമെന്നും, കുഞ്ഞിന് നവജാതശിശു പരിചരണം ആവശ്യമാണെന്നുമുള്ള ഡോക്ടര്‍മാര്‍ അഭിപ്രായം പരിഗണിച്ചാണ് കോടതി നടപടി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഔറംഗബാദ് ബെഞ്ചിന്റെ നടപടി.

നിര്‍ബന്ധിത പ്രസവം നടത്തുകയാണെങ്കില്‍ പൂര്‍ണ ആരോഗ്യമില്ലാതെയോ അല്ലെങ്കില്‍ ചില വൈകല്യങ്ങളോ കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ പെണ്‍കുട്ടിയുടെ ആരോഗ്യനിലയ്ക്കും സാഹചര്യം അപകടസാധ്യതയുണ്ടാക്കുമെന്നും പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് നിര്‍ബന്ധിത പ്രസവത്തിലൂടെ ആണെങ്കില്‍ പോലും ഒരു കുഞ്ഞ് ജീവനോടെ ജനിക്കാന്‍ പോകുകയാണെങ്കില്‍ കുഞ്ഞിന്റെ ഭാവി വിചാരിച്ച് പൂര്‍ണ്ണമായി ജനിക്കാന്‍ അനുവദിക്കണമെന്ന് കോടതി നിലപാട് എടുത്തത്. ജസ്റ്റിസുമാരായ ആര്‍വി ഘുഗെ, വൈ ജി ഖൊബ്രഗഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി.

'കുഞ്ഞിനെ ജനിക്കാന്‍ അനുവദിക്കണം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി
സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

''സ്വാഭാവിക പ്രസവത്തിന് 12 ആഴ്ച മാത്രം ബാക്കിനില്‍ക്കെ ഏതെങ്കിലും സാഹചര്യത്തില്‍ കുഞ്ഞ് ജനിക്കാന്‍ പോകുകയാണെങ്കില്‍ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയും ആരോഗ്യവും പരിഗണിക്കേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. 12 ആഴ്ചയ്ക്ക് ശേഷം ജീവനുള്ള ഒരു കുട്ടി ജനിക്കാന്‍ പോകുമ്പോള്‍ വൈദ്യോപദേശത്തിന് വിധേയമായി കുഞ്ഞിനെ ജനിക്കാന്‍ ഞങ്ങള്‍ അനുവദിക്കും. പിന്നീട് കുട്ടിയെ അനാഥാലയത്തിന് വിട്ടുകൊടുക്കാന്‍ അപേക്ഷകര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ചെയ്യുക,'' ഹൈക്കോടതി പറഞ്ഞു.

നിര്‍ബന്ധിത പ്രസവത്തിന് ധാരാളം പോരായ്മകളുണ്ട്. സ്വാഭാവികമായും നന്നായി വളരുമായിരുന്ന കുഞ്ഞിനെ മാസം പൂര്‍ത്തിയാകാതെ ജനിപ്പിക്കേണ്ടി വരും. പൂര്‍ണ്ണമായ ഗര്‍ഭ കാലാവധി പൂര്‍ത്തിയാക്കി സ്വാഭാവികമായി പ്രസവിച്ചാല്‍ ഒരു വൈകല്യവും ഉണ്ടാകില്ല. അവിടെ ദത്ത് നല്‍കാനുള്ള സാധ്യതകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കുഞ്ഞിനെ പ്രസവിക്കുന്നതുവരെ പെണ്‍കുട്ടിയെ ഏതെങ്കിലും എന്‍ജിഒയിലോ ആശുപത്രിയിലോ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി പെണ്‍കുട്ടിയെ ഗര്‍ഭിണികളെ പരിചരിക്കുന്ന നാസിക്കിലെ ഷെല്‍ട്ടര്‍ ഹോമിലോ ഔറംഗബാദിലെ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാരിന്റെ ഷെല്‍ട്ടര്‍ ഹോമിലോ പാര്‍പ്പിക്കാനും അനുമതി നല്‍കി. കുഞ്ഞിനെ പ്രസവിച്ച ശേഷം കുഞ്ഞിനെ വളര്‍ത്തണോ അതോ കുട്ടിയെ ദത്തുനല്‍കണോ എന്ന കാര്യത്തി തീരുമാനമെടുക്കാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയെ കാണാതായെന്നും മൂന്ന് മാസത്തിന് ശേഷം രാജസ്ഥാനില്‍ ഒരാളോടൊപ്പം പോലീസ് കണ്ടെത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in