ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ലക്ഷം രൂപ, രണ്ടു കോടി രൂപയുടെ ചെക്ക്, ഐഫോൺ എന്നിവ മഹുവയ്ക്ക് ലഭിച്ചുവെന്ന് ബിജെപി എംപി പരാതിയിൽ ആരോപിക്കുന്നു

പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ബിജെപി എംപിയുടെ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനി മഹുവ മൊയ്ത്രയ്ക്ക് പണം നൽകിയെന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം.

ഞായറാഴ്ച ലോക്‌സഭാ സ്‌പീക്കർക്ക് നൽകിയ പരാതിയിൽ പാർലമെന്ററി പദവിയുടെ ലംഘനം, സഭയെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ മഹുവ നടത്തിയതായും ബിജെപി എംപി ആരോപിച്ചിരുന്നു. അതേസമയം, ഏതുതരം അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മഹുവ പറഞ്ഞു.

ഊർജക്കരാറിന് വേണ്ടിയുള്ള മത്സരത്തിൽ ഹിരാനന്ദനി ഗ്രൂപ്പ് അദാനിയോട് പരാജയപ്പെട്ടിരുന്നുവെന്ന് നിഷികാന്ത് ദുബെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുപകരമായി സഭയിൽ ചോദ്യങ്ങൾ ചോദിച്ച് അദാനി ഗ്രൂപ്പിനെ തരംതാഴ്ത്തണമെന്ന് ലക്ഷ്യമിട്ടാണ് ഹിരാനന്ദാനി മഹുവയ്ക്ക് പണം നൽകിയത് എന്നാണ് നിഷികാന്തിന്റെ വാദം.

എന്നാൽ ആരോപണങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പ് തള്ളി. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. തങ്ങൾ എപ്പോഴും വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, രാഷ്ട്രീയത്തിലല്ല. ദേശതാത്പര്യങ്ങൾ മുൻനിർത്തി സർക്കാരിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതിനിയും തുടരുമെന്നും ഗ്രൂപ്പ് വക്താവ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ലക്ഷം രൂപ, രണ്ടു കോടി രൂപയുടെ ചെക്ക്, ഐഫോൺ എന്നിവ മഹുവയ്ക്ക് ലഭിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. 2019നും 2020നുമിടയിൽ മഹുവ ഉയർത്തിയ 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെ താത്പര്യ പ്രകാരമായിരുന്നു. തന്റെ ലോക്സഭാ അക്കൗണ്ട് ഉപയോഗിക്കാൻ ഹിരാനന്ദാനിക്ക് മഹുവ അനുവാദം കൊടുത്തിരുന്നുവെന്നും പല ചോദ്യങ്ങളും അദ്ദേഹം തന്നെ നേരിട്ടാണ് പോസ്റ്റ് ചെയ്തതെന്നും ദുബെ കത്തിൽ ആരോപിക്കുന്നു.

ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു
അദാനി ഗ്രൂപ്പിനും കേന്ദ്രത്തിനുമെതിരെ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി; മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ പോർമുഖം

ബിജെപി എംപിയുടെ ആരോപണങ്ങൾ തള്ളിയ മഹുവ മൊയ്ത്ര, പാർലമെന്ററി പ്രത്യേക പദവി ലംഘിച്ചതിന് നിരവധി പരാതികൾ ദുബെയ്ക്കും മറ്റ് ബിജെപി എംപിമാർക്കുമെതിരെ നിലനിൽക്കുന്നുണ്ടെന്ന് ഓർമിപ്പിച്ചു. മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. നിഷികാന്ത് ദുബെയെ വ്യാജ ബിരുദധാരിയാണെന്നും മഹുവ പരിഹസിച്ചു. അവർക്കെതിരായ പരാതികളെല്ലാം പരിഹരിച്ച ശേഷം തനിക്കെതിരെയുള്ള ഏത് പരാതിയും സ്വീകരിക്കാമെന്നും മഹുവ പറഞ്ഞു.

ഡേറ്റ സംരക്ഷണ വിഷയത്തിൽ ഹിരാനന്ദാനി ഗ്രൂപ്പ് ഐടി മന്ത്രാലയത്തിന് നൽകിയ അതേ ചോദ്യങ്ങളാണ് മഹുവയും സഭയിൽ ചോദിച്ചതെന്ന് ആരോപിച്ച് വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറും തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in