വിജയേന്ദ്ര യെദിയൂരപ്പ കര്‍ണാടക ബിജെപി അധ്യക്ഷന്‍

വിജയേന്ദ്ര യെദിയൂരപ്പ കര്‍ണാടക ബിജെപി അധ്യക്ഷന്‍

നളിന്‍ കുമാര്‍ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്

ബിജെപി കര്‍ണാടകഅധ്യക്ഷനായി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര യെദ്യൂരപ്പയെ നിയമിച്ചു. നളിന്‍ കുമാര്‍ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു.

2019 ല്‍ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായ നളിന്‍ കുമാര്‍ കട്ടീലില്‍ നിന്ന് ചുമതലയേല്‍ക്കുന്ന അദ്ദേഹം കര്‍ണാടകയുടെ പത്താമത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിതാവ് പ്രതിനിധീകരിച്ച ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് വിജയേന്ദ്ര എംഎല്‍എയായി വിജയിച്ചു.

കര്‍ണാടകയില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയ ബിജെപി പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുത്തിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ശോഭ കരന്ദ്ലാജെ, സി.ടി.രവി, വി.സുനില്‍കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വിജയേന്ദ്രയെ അധ്യക്ഷനായി നിയമിച്ചത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചതിന് ശേഷം, ബി എസ് യെദിയൂരപ്പ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ബിജെപിക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. തന്റെ മകനുവേണ്ടി ശിക്കാരിപുരയിലുടനീളം പ്രചാരണം നടത്തുകയും ബി വൈ വിജയേന്ദ്രയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in