ബിഎസ്എന്‍എല്‍ 4G ഈ വര്‍ഷം നവംബറില്‍
ബിഎസ്എന്‍എല്‍ 4G ഈ വര്‍ഷം നവംബറില്‍

ബിഎസ്എന്‍എല്ലിന്റെ സ്വന്തം 4ജി നവംബറിലെത്തും

2023 ഓഗസ്റ്റ് 15 മുതല്‍ 5G നെറ്റ്വര്‍ക്കും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ രണ്ട് പ്രധാന ടെലികോം കമ്പനികള്‍ 5ജി സേവനം ലഭ്യമാക്കാനൊരുങ്ങുമ്പോള്‍ നവംബറില്‍ 4ജി എത്തുമെന്ന് ബിഎസ്എന്‍എലിന്റെ ഔദ്യോഗിക പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4G പുറത്തിറക്കുന്നത്. ഈ വര്‍ഷം നവംബര്‍ മുതല്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 4ജി ലഭ്യമാകുമെന്ന് ടെല്‍കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) പികെ പുര്‍വാറാണ് ഔദ്യോഗികമായി അറിയിച്ചത്.

ഓഗസ്റ്റ് 15 ഓടെ നാല് നഗരങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ 4ജി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ചുമതലയേറ്റ കമ്പനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതോടെയാണ് ബിഎസ്എന്‍എല്‍ 4ജി പാതിവഴിയിലായത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (TCS) സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിന്റെയും (C-DoT) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ബിഎസ്എന്‍എലിന് 4ജി കോര്‍ സാങ്കേതികവിദ്യ നല്‍കാന്‍ ധാരണയായി. 2023 ഓഗസ്റ്റ് 15 മുതല്‍ 5G നെറ്റ്വര്‍ക്കും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരോ ഉപയോക്താവിനും ഏറ്റവും കുറഞ്ഞ ശരാശരി വരുമാനമാണുള്ളത് (എആര്‍പിയു). അതിനാല്‍ വിപണിയിലെ സുസ്ഥിരതയെകുറിച്ച് ചോദ്യമുയരുന്നുണ്ടന്ന് പുര്‍വാര്‍ അഭിപ്രായപ്പെട്ടു. കമ്പനി രാജ്യത്ത് 4ജി സേവനം ആരംഭിച്ചാല്‍ ബിഎസ്എന്‍എല്ലിന്റെ എആര്‍പിയു ഉയരുമെന്നാണ് എക്‌സിക്യൂട്ടീവിന്റെ പ്രതീക്ഷ. C-DoT ഇതിനകം തന്നെ തദ്ദേശീയമായ 5ജി കോര്‍ സാങ്കേതികവിദ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റുകള്‍ സുഗമമായി ചെയ്തുകഴിഞ്ഞാല്‍ ബിഎസ്എന്‍എല്‍ 5ജി സേവനം നല്‍കി തുടങ്ങും.

5ജി പ്ലാനുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പരിപാടിയില്‍വച്ച് വാര്‍ത്താ വിതരണവകുപ്പ് മന്ത്രി അശ്വനി വൈഷണവ് വീണ്ടും ഇതേ പ്രഖ്യാപനം നടത്തി.നേരത്തെ 1 ജിബി ഡാറ്റയ്ക്ക് ഏകദേശം 300 രൂപയായിരുന്നു വില, ഇപ്പോള്‍ ഒരു ജിബിക്ക് 10 രൂപയായി കുറഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും ഇതേ സൂചന നല്‍കി. ഇന്ത്യയില്‍ ഒരാള്‍ പ്രതിമാസം ശരാശരി 1 ജിബി ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്രതിമാസം 4,200 രൂപ ചെലവ് വരുമെങ്കിലും നിലവില്‍ 125-150 രൂപമാത്രമാണ് വരുന്നത്.

ജിയോ 5ജി പ്ലാന്‍ വില ലോകത്തിലെ ഏറ്റവും താഴ്ന്നതായിരിക്കുമെന്ന് റിലയന്‍സ് ജിയോയും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 4ജി പ്ലാനുകളിലും ജിയോ സമാനമായ തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. ഇത് രാജ്യത്തുടനീളം 4ജി വേഗത്തില്‍ വ്യാപിപ്പിക്കാന്‍ കാരണമായി. റിലയന്‍സ് ജിയോ ആദ്യം സൗജന്യ 4ജി സേവനങ്ങളാണ് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കുറഞ്ഞ വിലയിലുള്ള 4ജി പ്ലാനുകള്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എലും റിലയന്‍സ് ജിയോയും കുറഞ്ഞ വിലയില്‍ 5ജി പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, വോഡഫോണ്‍ ഐഡിയയും എയര്‍ടെലും തുടങ്ങിയ കമ്പനികളക്ക് വിപണിയില്‍ വെല്ലുവിളികളുണ്ടാകും.

logo
The Fourth
www.thefourthnews.in