പൗരത്വ ഭേദഗതി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും; ചട്ടങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്

പൗരത്വ ഭേദഗതി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും; ചട്ടങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്

2019 ഡിസംബർ ഒൻപതിനാണ് സിഎഎ ബിൽ ലോക്സഭാ പാസാക്കുന്നത്. രണ്ടുദിവസത്തിന് ശേഷം രാജ്യസഭയും പാസാക്കിയ ബില്‍ ഡിസംബർ 12ന് രാഷ്രപതിയും ഒപ്പുവച്ചിരുന്നു

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് മുസ്ലിങ്ങൾ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നിയമങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്നാണ് വിവരം. സിഎഎയ്ക്ക് കീഴിൽ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാനും അതിന്റെ തുടർനടപടികൾക്കും വേണ്ടിയുള്ള ഓൺലൈൻ സംവിധാനം തയാറാണെന്നും സ്രോതസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2019 ഡിസംബർ ഒൻപതിനാണ് സിഎഎ ബിൽ ലോക്സഭ പാസാക്കുന്നത്. രണ്ടുദിവസത്തിനുശേഷം രാജ്യസഭയും പാസാക്കിയ ബില്‍ ഡിസംബർ 12ന് രാഷ്ട്രപതിയും ഒപ്പുവച്ചിരുന്നു. എന്നാൽ വകുപ്പിലെ നിയമങ്ങൾ സംബന്ധിച്ച് ഇതുവരെയും വിജ്ഞാപനങ്ങളൊന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നില്ല. 2014 ഡിസംബർ 31ന് മുൻപായി മൂന്ന് അയൽരാജ്യങ്ങളിൽനിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധമതം, പാഴ്സി വിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ നിഷ്കർഷിക്കുന്ന നിയമം രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വിവേചനപരമായ നിയമമെന്ന് ആരോപിച്ച് വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉൾപ്പെടെ വലിയ സമരങ്ങളായിരുന്നു രാജ്യത്താകമാനം നടന്നത്.

സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ മുന്നിലുണ്ട്

നിലവിൽ സിഎഎ നടപ്പിലാക്കാനുള്ള നിയമങ്ങളെല്ലാം തയാറാണെന്നും അതിനുവേണ്ടിയുള്ള ഓൺലൈൻ പോർട്ടൽ സജ്ജമാണെന്നും സ്രോതസ് പറയുന്നു. ഉടൻതന്നെ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുമെന്നും മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവരെ അപേക്ഷകൾ നൽകാനുള്ള സൗകര്യമുണ്ടെന്നുമാണ് വിവരം. വരും ദിവസങ്ങളിൽ നിയമവിജ്ഞാപനം പുറപ്പെടുവിക്കും. നിയമം പ്രാബല്യത്തിൽ വന്നാലുടൻ സിഎഎ നടപ്പിലാകുമെന്നും അർഹരായവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയും ചെയ്യുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

സി എ എക്കെതിരെ നടന്ന പ്രതിഷേധം
സി എ എക്കെതിരെ നടന്ന പ്രതിഷേധം

സിഎഎ നടപ്പിലാക്കുന്നതിൽനിന്ന് ആർക്കും തടയാൻ കഴിയില്ലെന്ന് ഇക്കഴിഞ്ഞ ഡിസംബർ 27ന് കൊൽക്കത്തയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 2024 മാർച്ച് മുപ്പതോടെ സിഎഎ നടപ്പിലാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ചിരുന്നു. പാർലമെന്ററി നടപടിക്രമങ്ങളുടെ മാനുവൽ അനുസരിച്ച്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ നിയമനിർമാണം നടക്കണം. അല്ലെങ്കിൽ ലോക്സഭയിലെയും രാജ്യസഭയിലെയും നിയമനിർമാണ സമിതികളിൽനിന്ന് കാലാവധി നീട്ടാനുള്ള അനുമതി നേടിയെടുക്കണമെന്നുമാണ് ചട്ടം.

അയൽരാജ്യങ്ങളിലെ ആളുകൾ നേരിടുന്ന മതപരമായ വിവേചനമാണ് നിയമത്തിലെ വർഗ്ഗീകരണത്തിന് കാരണമാണെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം

നിയമം നടപ്പിലാക്കാതെ മാറ്റിവച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു. അസം, ത്രിപുര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നേരിട്ട ശക്തമായ എതിർപ്പാണ് അതിൽ പ്രധാനപ്പെട്ടത്. നിയമനിർമാണം സംസ്ഥാനത്തിന്റെ ജനസംഖ്യാ അനുപാതത്തെ വലിയ തോതിൽ ബാധിക്കുമെന്ന ഭയമായിരുന്നു അസമിലെ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. 1966 ജനുവരി ഒന്നിന് ശേഷവും 1971 മാർച്ച് 25 ന് മുൻപുമായി അസമിലേക്ക് കുടിയേറിയ വിദേശ പൗരന്മാർക്ക് പൗരത്വം അനുവദിക്കുന്ന 1985 ലെ അസം കരാറിന്റെ ലംഘനമായാണ് സിഎഎയെ അസം സ്വദേശികൾ കാണുന്നത്. എന്നാൽ പ്രതിഷേധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. അതേസമയം സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ മുന്നിലുണ്ട്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നിവർക്ക് മാത്രമാണ് നിയമം ബാധകമാകുന്നതെന്നും മ്യാൻമറിൽ പീഡനമനുഭവിക്കുന്ന റോഹിങ്ക്യകളെയും ചൈനയിൽ നിന്നുള്ള ടിബറ്റൻ ബുദ്ധമതക്കാരെയും ശ്രീലങ്കയിൽ നിന്നുള്ള തമിഴരെയും സിഎഎയിൽനിന്ന് ഒഴിവാക്കുന്നതിനാൽ നിയമം ഏകപക്ഷീയമാണെന്നുമായിരുന്നു ഹർജിക്കാർ വാദിച്ചത്. അതേസമയം, മതമല്ല, അയൽരാജ്യങ്ങളിലെ ആളുകൾ നേരിടുന്ന മതപരമായ വിവേചനമാണ് നിയമത്തിലെ വർഗീകരണത്തിന് കാരണമാണെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം.

logo
The Fourth
www.thefourthnews.in