പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം; വീണ്ടും 
പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം; വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നില്ല.

ലൈംഗിക പീഡനക്കേസില്‍ കുരുക്കിലായ ജെഡിഎസ് നേതാവും എംഎല്‍എയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദേശ കാര്യ മന്ത്രാലയത്തോട് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രി നിര്‌ദേശിക്കണമെന്നു സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. പ്രജ്വൽ  ഇനിയും വിദേശത്തു തുടരുന്നത്‌  രാജ്യത്തെ നിയമവ്യവസ്ഥയെ  വെല്ലുവിളിക്കലാണെന്നും  പ്രതിയുടെ മടങ്ങി വരവിനു  വിദേശ മന്ത്രാലയം  നടപടി  സ്വീകരിക്കണമെന്നും  സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെട്ടു . 

''നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കിയാൽ പ്രജ്വലിനു  തിരികെ വരികയല്ലാതെ മാർഗമില്ല .വിദേശകാര്യ മന്ത്രാലയം ഇടപെടാതെ  ഇത്  നടക്കില്ല. വിദേശത്ത് നിന്ന് പ്രജ്വല് രേവണ്ണയെ എത്തിക്കുന്നതിനാണ്  മുൻഗണന. നിയമപരമായ എല്ലാ വഴികളും  അന്വേഷണ സംഘം പരിശോധിക്കുകയാണ്. വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രി മോദി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകണം. വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണം. അന്താരാഷ്ട്ര പോലീസ് ഏജൻസി ( ഇന്റർപോൾ ) മുഖേനയും നടപടി സ്വീകരിക്കണം. " -സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നില്ല. അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിനും മറുപടി ലഭിച്ചിരുന്നില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ധാക്കിയാല്‍ പ്രജ്വലിനെ നാട്ടില്‍ എത്തിച്ച് അറസ്റ്റു ചെയ്യാനാകും. ജര്‍മനിയില്‍ തുടരുന്ന പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ ബ്ലൂ-റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചിരുന്നു.

ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിന്‍ബലത്തിലാണ് അന്വേഷണ സംഘം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാല്‍ പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വല്‍ ഇപ്പോള്‍ ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്നത്.

നിലവിലെ സാഹചര്യത്തിൽ  നയതന്ത്ര പാസ്പോർട്ട്‌  റദ്ധാക്കിയാൽ മാത്രമേ പ്രജ്വലിനെ   വിദേശത്തു വെച്ച്  അറസ്റ്റു ചെയ്യാൻ സാധിക്കുകയുള്ളൂ. എം പി എന്ന നിലയിൽ  ലഭിച്ച  നയതന്ത്ര പരിരക്ഷയിലാണ്  പ്രതി ജർമനിയിൽ തങ്ങുന്നത്  .  ജനപ്രതിനിധികളുടെ  കേസ് പരിഗണിക്കുന്ന  കോടതി പുറപ്പെടുവിച്ച  അറസ്റ്റു  വാറന്റ്  നിലവിലുള്ളതിനാൽ  വിദേശകാര്യ മന്ത്രാലയത്തിന്  നയതന്ത്ര പാസ്പോർട്ട് റദ്ദ്  ചെയ്യാൻ  നിയമ തടസമില്ല. എന്നിട്ടും  നടപടി  സ്വീകരിക്കാതെയിരിക്കുന്നത്  ജെഡിഎസ്  ബിജെപിയുടെ സഖ്യ കക്ഷിയായതിന്റെ  ഔദാര്യമാണെന്നാണ്  ആക്ഷേപം. 

ലോക്‌സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാല്‍ മാത്രമേ വിദേശത്തു വെച്ച് ഇന്റര്‍ പോളിന് പ്രതിയെ പിടികൂടി ഇന്ത്യയിലെ അന്വേഷണ സംഘത്തിന് കൈമാറാന്‍ കഴിയുകയുള്ളൂ. പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ് കര്‍ണാടക ആഭ്യന്തര വകുപ്പ്.

കർണാടകയിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്  നടന്ന  ഏപ്രിൽ 26 ന്‌  ശേഷമാണ്  പ്രജ്വൽ  രാജ്യം വിട്ടത്. ഏപ്രിൽ  22 ന്  തന്നെ ഹാസ്സനിലെ ഹൊളനരസിപുര  പോലീസ്  സ്റ്റേഷനിൽ  പ്രജ്വലിനെതിരെ  കേസ്  രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രജ്വലിനെ  രാജ്യം കടക്കാൻ അനുവദിച്ചത്  പ്രധാനമന്ത്രി ഉൾപ്പടെയുളള ബിജെപി നേതാക്കളാണെന്ന ആരോപണമാണ്‌  കോൺഗ്രസ്  ഉന്നയിക്കുന്നത്. ലോക്സഭാ  തിരഞ്ഞെടുപ്പ്  തീരാതെ  പ്രതി  ഇന്ത്യയിൽ  കാലുകുത്തുന്നതും  അറസ്റ്റു  ചെയ്യപ്പെടുന്നതും  ബിജെപിക്ക്  ക്ഷീണമായേക്കും എന്ന് കണ്ടാണ്  കേന്ദ്ര  സർക്കാർ പാസ്പോർട്ട്  റദ്ദാക്കാനുള്ള നടപടികൾ   വൈകിപ്പിക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട്. 

പ്രജ്വലിനെതിരെ ബ്ലൂ-റെഡ് കോർണർ നോട്ടീസുകൾ സിബിഐ പുറപ്പെടുവിച്ചിട്ടുണ്ടെകിലും  ഇന്റർപോളിന്  വിവരങ്ങൾ കൈമാറുന്നതിനോ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനോ  ഒരു  നീക്കവും വിദേശകാര്യമന്ത്രാലയം  ചെയ്തിട്ടില്ല. പ്രജ്വൽ ജർമനിയിൽ തന്നെയുണ്ടോ മറ്റേതെങ്കിലും രാജ്യത്തേക്ക്  പോയോ  എന്നത് സംബന്ധിച്ചും വിദേശ കാര്യ മന്ത്രാലയം ഒരു വ്യക്തതയും  വരുത്തുന്നില്ല. 

നിലവിൽ  പ്രജ്വലിനെതിരെ  മൂന്നു ലൈംഗികാതിക്രമ കേസുകളാണ് കർണാടകയിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. നാനൂറോളം സ്ത്രീകളെ ലൈംഗിക അതിക്രമത്തിനിരയാക്കി  പ്രജ്വൽ സ്വയം മൊബൈൽ ഫോണിൽ  ചിത്രീകരിച്ച  2967 വീഡിയോകളാണ്  കർണാടകയിൽ  പ്രചരിച്ചത്. ഇതേ തുടർന്നായിരുന്നു സ്ത്രീകൾ പരാതിയുമായെത്തിയത്. വീഡിയോ  പ്രചരിപ്പിച്ച  ബിജെപി നേതാവു  ദേവരാജ് ഗൗഡ  നേരത്തെ അറസ്റ്റിലായിരുന്നു. 

logo
The Fourth
www.thefourthnews.in