ഒഡിഷ ട്രെയിൻ ദുരന്തം: മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റിൽ

ഒഡിഷ ട്രെയിൻ ദുരന്തം: മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റിൽ

ജൂനിയർ സെക്ഷൻ എഞ്ചിനീയർമാരായ അരുൺ കുമാർ മഹന്ത, എംഡി അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 3 റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. ജൂനിയർ സെക്ഷൻ എഞ്ചിനീയർമാരായ അരുൺ കുമാർ മഹന്ത, എംഡി അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാ കുറ്റവും, തെളിവുകൾ നശിപ്പിച്ചതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബഹനാഗ ബസാറിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് റെയിൽവേ ജീവനക്കാർക്ക് ട്രെയിൻ ദുരന്തത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് നിലവിൽ ജീവനക്കാരുടെ അറസ്റ്റ്. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലസോറിലെ സോറോ വിഭാഗം സിഗ്നൽ ജൂനിയർ എഞ്ചിനിയർ അമീർ ഖാന്റെ വാടക വീട് കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു.

ഒഡിഷ ട്രെയിൻ ദുരന്തം: മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റിൽ
ഒഡിഷ ട്രെയിൻ ദുരന്തം; ജൂനിയർ എഞ്ചിനിയറുടെ വീട് സീൽ ചെയ്ത് സിബിഐ

ജൂൺ ആറിനാണ് ട്രെയിൻ അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടത്തിന് ശേഷം ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ കൃത്രിമം നടന്നതായി ആരോപണം ഉയർന്നതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ അന്വേഷണം ആരംഭിച്ചയുടൻ, ലോഗ് ബുക്കും, റിലേ പാനലും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് സ്റ്റേഷനും സീൽ ചെയ്തിരുന്നു. റിലേ ഇന്റർലോക്ക് പാനലും സീൽ ചെയ്തു. സിഗ്നലിങ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനവും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്സ് ട്രെയിനുകളോ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തില്ല.

ജൂൺ 2 നു വൈകീട്ട് 7.20 ഓടെ നടന്ന അപകടത്തില്‍ 292 പേരാണ് ഇതുവരെ മരിച്ചത്. 1,208 പേർക്ക് പരുക്കേറ്റിറ്റുണ്ട്. കോറമാണ്ടല്‍ എക്സ്പ്രസ് പാളംതെറ്റി എതിര്‍ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ ട്രെയിനിലേക്ക് അല്‍പ്പസമയത്തിനുശേഷം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറി. നിർത്തിയിട്ട ചരക്ക് ട്രെയിനിലേയ്ക്ക് ബോഗികൾ പതിക്കുകയായിരുന്നു.

മൂന്ന് ട്രെയിനുകളായിരുന്നു ബാലസോറിൽ ഒന്നിന് പുറകെ ഒന്നായി അപകടത്തിൽ പെട്ടത്. കൊല്‍ക്കത്തക്ക് സമീപമുള്ള ഷാലിമാറില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോയ കോറമാണ്ടല്‍ എക്സ്പ്രസ്, ബെംഗളുരു യശ്വന്ത്പൂരില്‍നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും പിന്നെ ഒരു ചരക്ക് ട്രെയിനും ആണ് ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ അപകടത്തില്‍ പെട്ടത്.

logo
The Fourth
www.thefourthnews.in