നയതന്ത്ര വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ

നയതന്ത്ര വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ

ഡിആര്‍ഡിഒയുടെ പ്രതിരോധ പദ്ധതികളും സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കേസ്

രാജ്യത്തിന്റെ പ്രതിരോധ പദ്ധതികള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കേസ് എടുത്തതിന് പിന്നാലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിവകേ രഘുവംശിയെ അറസ്റ്റ് ചെയ്ത് സിബിഐ. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) പ്രതിരോധ പദ്ധതികളും സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കേസ്. വിവേക് രഘുവംശിയുടെ സഹായിയെയും സിബിഐ കസ്റ്റഡിയില്‍ എടുത്തു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 12 ഇടങ്ങളില്‍ ചൊവ്വാഴ്ച പരിശോധന ശക്തമാക്കിയിരുന്നു. മതിയായ തെളിവുകള്‍ കണ്ടെടുത്തതിന് ശേഷമാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത്. ആദ്യം ഡല്‍ഹി പോലീസാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസ് എടുത്തത്. വിഷയം സിബിഐ ഏറ്റെടുത്തതോടെ ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ടിലെ മൂന്നാംവകുപ്പ് പ്രകാരം ചാരവൃത്തിക്കും ഇന്ത്യൻ പീനൽ കോഡിലെ 120 ബി വകുപ്പ് പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തു. പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്ക ആസ്ഥാനമായുള്ള വെബ്സൈറ്റിന്റെ ഇന്ത്യൻ കറസ്പോണ്ടന്റാണ് രഘുവംശി. 

നയതന്ത്ര വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ
'നയതന്ത്ര വിവരങ്ങൾ ചോർത്തി'; മാധ്യമ പ്രവർത്തകനെതിരെ ചാരവൃത്തിക്ക് കേസെടുത്ത് സിബിഐ

അന്വേഷണത്തിനിടെ, നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ചില രേഖകള്‍ കണ്ടെടുത്തതായി സിബിഐ വ്യക്തമാക്കി. വിവരങ്ങള്‍ ചോരുന്നത് വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യയിലും വിദേശത്തുമുള്ള രഘുവംശിയുടെ കൂട്ടാളികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

. രഘുവംശി, ഇന്ത്യൻ സായുധ സേനകൾ ഭാവിയിൽ നടത്താനിരിക്കുന്ന ആയുധ സംഭരണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും വിദേശ രഹസാന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്തെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിആർഡിഒയുടെയും സൈനിക പദ്ധതികളുടെയും രഹസ്യസ്വഭാവമുള്ള മിനുട്സുകൾ, അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര വിവരങ്ങൾ അടക്കം ഇയാൾ കൈമാറിയെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.

ജർമ്മൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ഇന്ത്യയിൽ നിന്നുള്ള ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടന്റായി വിവേക് രഘുവംശി പ്രവർത്തിച്ചിരുന്നതായി ഇയാളുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. മാധ്യമരംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട് വിവേക് രഘുവംശിക്ക്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന്റെ വാര്‍ത്ത അവസാനമായി പ്രസിദ്ധീകരിച്ചത്. പ്രതിരോധ കരാറുമായി ബന്ധപ്പെട്ട കുടിശിക പരിഹരിക്കുന്ന വിഷയത്തിൽ ഇന്ത്യയും റഷ്യയും എങ്ങനെ ഒത്തുതീർപ്പിൽ എത്തിയെന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

logo
The Fourth
www.thefourthnews.in