മനീഷ് സിസോദിയ
മനീഷ് സിസോദിയ

മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് ; രാഷ്ട്രീയപ്രേരിതമെന്ന് എഎപി

റെയ്ഡ് വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ മദ്യ നയവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഇതിന് പുറമെ രാജ്യത്താകെ 20 സ്ഥലങ്ങളിലാണ് ഒരേ സമയം സിബിഐ റെയ്ഡ് നടത്തിയത്. ഡൽഹി മുൻ എക്സൈസ് കമ്മീഷണർ എ ഗോപീകൃഷ്ണയുടെ ദാമൻ ദിയുവിലെ വസതിയിലും റെയ്ഡ് നടന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്.

ഡൽഹിയിൽ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ മനീഷ് സിസോദിയ സർക്കാരിലെയും ആംആദ്മി പാർട്ടിയിലെയും രണ്ടാമനാണ്. റെയ്ഡ് വിവരം ട്വിറ്ററിലൂടെ സിസോദിയ തന്നെ സ്ഥിരീകരിച്ചു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ അവര്‍ക്കാവില്ല എന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തങ്ങളിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരാകുകയാണെന്നും അതിനാലാണ് സംസ്ഥാനത്തെ മന്ത്രിമാരെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും സിസോദിയ ആരോപിച്ചു. കോടതിയില്‍ സത്യം പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ നടത്തിയ തെരച്ചിനിടയിലും സര്‍ക്കാരിനെതിരെ ഒന്നും ലഭിചച്ചില്ലെന്നും ഇത്തവണയും ആരും ഒന്നും പ്രതീക്ഷിക്കേണ്ടയെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡൽഹി സർക്കാരിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വീട്ടിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു

കഴിഞ്ഞ നവംബറില്‍ ഡൽഹി സർക്കാർ രൂപീകരിച്ച മദ്യനയത്തിൽ വ്യാപക ക്രമക്കേടെന്നാണ് ആരോപണം. സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചെന്നാണ് ആക്ഷേപം. മദ്യനയത്തില്‍ ചട്ടലംഘനവും നടപടി ക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സെന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. വിഷയത്തിൽ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി തടയാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് എഎപിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in