യുവതിയെ കാറില്‍ വലിച്ചിഴച്ചത് 12 കിലോമീറ്റർ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

യുവതിയെ കാറില്‍ വലിച്ചിഴച്ചത് 12 കിലോമീറ്റർ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

യുവതി സഞ്ചരിച്ച സ്കൂട്ടറിൽ തട്ടിയ ശേഷം കാർ നിർത്താതെ പോകുകയായിരുന്നു

ഡല്‍ഹി കഞ്ജവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയെ ഒരു മണിക്കൂറോളം റോഡിലൂടെ വലിച്ചിഴച്ചെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതി സഞ്ചരിച്ച സ്കൂട്ടറിൽ തട്ടിയ ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ യുവതിയെ 12 കിലോമീറ്ററോളമാണ് വലിച്ചിഴച്ചതെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒരു മാരുതി ബലേനോ കാർ യുവതിയുടെ സ്കൂട്ടറിലിടിച്ച ശേഷം യു ടേൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കാർ മുന്നോട്ട് നീങ്ങുമ്പോള്‍ കാറിനടിയില്‍ യുവതി കുടുങ്ങുകയായിരുന്നു. ഈ വിധമാണ് അപകടമുണ്ടായതെന്നും യുവതി കാറിനടിയില്‍പ്പെട്ട് വലിച്ചിഴയ്ക്കപ്പെടുന്നത് കണ്ടെന്നും ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. പുലർച്ചെ 3.20 ന് നടന്ന അപകടത്തിന് ശേഷം ഏതാണ്ട് 20 കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചെന്നായിരുന്നു തൊട്ടടുത്ത് കട നടത്തുന്ന ദീപകിന്റെ മൊഴി.

കാറിന് പിന്നാലെ ബൈക്കിൽ പിന്തുടർന്ന ദീപക്, പലതവണ കാർ നിർത്താനായി ശ്രമിച്ചെങ്കിലും പ്രതികള്‍ വാഹനം നിർത്തിയില്ല. കാറിൽ നിന്ന് മൃതദേഹം വീണതിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദീപക് മൊഴി നല്‍കിയിട്ടുണ്ട്.

കാറിൽ നിന്ന് മൃതദേഹം വീണതിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി

അതേസമയം, അപകടം നടക്കുമ്പോൾ കാറിന്റെ ​ഗ്ലാസ് ഉയർത്തിയിരിക്കുയായിരുന്നെന്നും ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നതിനാൽ അപകട വിവരം അറിഞ്ഞില്ലെന്നുമാണ് പ്രതികളുടെ മൊഴി. പിന്നീട് സംഭവം മനസിലാക്കിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മൊഴി.

ലജ്ജാകരമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംഭവത്തില്‍ പ്രതികരിച്ചു. പ്രതികൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തണമെന്നാണ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തത്. പ്രതികൾക്ക് ഏതെങ്കിലും തരത്തിലുളള രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും നീതിയുക്തമായ നടപടിയെടുക്കാൻ ലഫ്റ്റനന്റ് ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in