കാലാവധി കഴിഞ്ഞ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റാൻ  ബിജെപിക്ക് എസ്ബിഐയുടെ സഹായം; ചട്ടലംഘനം കേന്ദ്രസർക്കാർ നിർദേശപ്രകാരം

കാലാവധി കഴിഞ്ഞ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റാൻ ബിജെപിക്ക് എസ്ബിഐയുടെ സഹായം; ചട്ടലംഘനം കേന്ദ്രസർക്കാർ നിർദേശപ്രകാരം

ബി ജെ പി നല്‍കിയ 15 ദിവസത്തെ കാലാവധി കഴിഞ്ഞ 10 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ പണമാക്കി നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം എസ്ബിഐയോട് നിർദേശിക്കുകയായിരുന്നു

കാലാവധി കഴിഞ്ഞ ഇലക്ടറല്‍ ബോണ്ടുകള്‍ പണമാക്കി മാറ്റാന്‍ ബിജെപിയെ സഹായിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2018 കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് കാലഹരണപ്പെട്ട 10 കോടി രൂപയുടെ ബോണ്ടുകള്‍ ബിജെപി പണമാക്കി മാറ്റിയത്. ഇലക്ടറല്‍ ബോണ്ടുകള്‍ പണമാക്കി നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം എസ്ബിഐയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ബോണ്ടുകള്‍ കൈപ്പറ്റിയാല്‍ 15 ദിവസത്തിനകം പണമാക്കി മാറ്റണമെന്നായിരുന്നു ചട്ടം. എന്നാല്‍, ഈ കാലാവധി കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഒരു പ്രമുഖ പാര്‍ട്ടി എസ്ബിഐയെ സമീപിച്ചതും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബാങ്ക് പണം നല്‍കിയതുമെന്ന് 2019-ല്‍ റിപ്പോര്‍ട്ടേര്‍സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അന്ന് ഏത് പാര്‍ട്ടിക്കാണ് പണം കൈമാറിയതെന്ന് വ്യക്തമാക്കിയിരുന്നില്ല.

2018 മേയ് 23-നാണ് കാലവധി കഴിഞ്ഞ ബോണ്ട് എസ്ബിഐയുടെ ഡല്‍ഹി ശാഖയിൽ എത്തിച്ചത്. മുംബൈയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സുമായും കേന്ദ്ര ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തിയശേഷം എസ്ബിഐ ബോണ്ട് പണമാക്കി മാറ്റി നല്‍കുകയായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന് എസ്ബിഐ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച്, 2018 മേയ് 23-ന്, 20 കോടി രൂപയുടെ ബോണ്ടുകളുമായി ചില ''ഇലക്ടറല്‍ ബോണ്ട് ഹോള്‍ഡര്‍മാര്‍'' ന്യൂഡല്‍ഹിയിലെ എസ്ബിഐ ശാഖയിലെത്തി. പകുതി ബോണ്ടുകള്‍ 2018 മേയ് മൂന്നിനും ബാക്കി അഞ്ചിനും വാങ്ങിയതായിരുന്നു. ഇവയെല്ലാം പതിനഞ്ച് ദിവസത്തെ കാലാവധി കഴിഞ്ഞ ബോണ്ടുകളായിരുന്നു.

എന്നാല്‍, 15 ദിവസത്തിനുള്ളില്‍ പണം എസ്ബിഐയില്‍ തന്നെ നിക്ഷേപിക്കുമെന്നും അതിനാല്‍ ബോണ്ടുകള്‍ പണമാക്കി മാറ്റാനായി ഇളവ് തരണമെന്നുമായിരുന്നു പാര്‍ട്ടി നേതാക്കളുടെ ആവശ്യം. ഈ വിഷയം ബാങ്കിന്റെ മുംബൈയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അന്നുതന്നെ അറിയിച്ചു. മേയ് 24 ന്, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാറിനുവേണ്ടി ബാങ്കിന്റെ അന്നത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ മൃത്യുഞ്ജയ് മഹാപത്ര, കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കണമോയെന്ന് ചോദിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് കത്തെഴുതി.

അതേ ദിവസം, അന്നത്തെ ധനകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ് കുമാര്‍ ഇതിന് മറുപടി നല്‍കി. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള 15 ദിവസം എന്നാണ് നിബന്ധയിലുള്ളതെന്നും ചട്ടങ്ങള്‍ അനുസരിച്ച്, കാലാവധി കഴിഞ്ഞതിനാല്‍ ഇലക്ടറല്‍ ബോണ്ടിലെ പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കേണ്ടതായിരുന്നുവെന്നും വിജയ് കുമാര്‍ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, 15 ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ എസ്ബിഐയില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍, ഇത്തരം ബോണ്ടുകള്‍ക്ക് ഇളവ് നല്‍കാമെന്നായിരുന്നു മറുപടി.

ധനവകുപ്പ് സെക്രട്ടറി എസ്‌ സി ഗാര്‍ഗ് അംഗീകരിച്ച ഈ കത്ത് അന്നു തന്നെ എസ്ബിഐ ചെയര്‍മാന് അയച്ചു. തുടര്‍ന്ന് എസ്ബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇക്കാര്യം ഡല്‍ഹി ശാഖയെ അറിയിക്കുകയും പിറ്റേദിവസം പത്തുകോടി രൂപ പണമായി കൈമാറുകും ചെയ്തുവെന്നും 2019-ലെ റിപ്പോര്‍ട്ടേര്‍സ് കളക്ടീവ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 10 കോടിയുടെ ഈ ബോണ്ട് ലഭിച്ചത് ബിജെപിക്കാണെന്ന് വ്യക്തമായെന്ന് റിപ്പോര്‍ട്ടേര്‍സ് കളക്ടീവ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആരാണ് ബോണ്ട് നല്‍കിയതെന്ന് വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in