സുപ്രീം കോടതി
സുപ്രീം കോടതി

ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം, ആവര്‍ത്തിച്ച് നല്‍കിയ 10 ശുപാര്‍ശകള്‍ മടക്കി

കൊളീജിയം സമര്‍പ്പിച്ച 21 ശുപാര്‍ശകളില്‍ രണ്ടെണ്ണം മാത്രമാണ് അംഗീകരിച്ചത്

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീംകോടതി കൊളീജിയവുമായി കേന്ദ്ര സര്‍ക്കാര്‍ തുറന്ന പോരിന്. കൊളീജിയം ശുപാര്‍ശ ചെയ്ത 19 പേരുകള്‍ കൂടി കേന്ദ്രം മടക്കിയതോടെയാണ് ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെട്ടത്. കേന്ദ്രം മടക്കിയ 19 പേരുകളില്‍ 10 എണ്ണം കൊളീജിയം ആവര്‍ത്തിച്ച് നല്‍കിയ ശുപാര്‍ശകളാണ്. നേരത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതി കൊളീജിയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയത്തിന്റെ ആവര്‍ത്തിച്ചുള്ള ശുപാര്‍ശകള്‍ പോലും തള്ളിക്കൊണ്ടുള്ള നിയമമന്ത്രാലയത്തിന്റെ തീരുമാനം. കൊളീജിയത്തിനെതിരായ കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തില്‍ സുപ്രീംകോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നതാണ് രാജ്യത്തെ നിയമം. കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം പാലിക്കേണ്ടതുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

കൊളീജിയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത 10 പേരുകളും ആദ്യ ശുപാര്‍ശയായി നല്‍കിയ 9 പേരുകളുമാണ് നവംബര്‍ 25ന് കേന്ദ്രം മടക്കിയത്. രണ്ട് ശുപാര്‍ശകള്‍ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സന്തോഷ് ഗോവിന്ദ്, മിലിന്ദ് മനോഹര്‍ സതായി എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ശുപാര്‍ശകള്‍ മാത്രമാണ് അംഗീകരിച്ചവ .

കൊളീജിയം ആവര്‍ത്തിച്ചതിന് ശേഷവും കേന്ദ്രം തള്ളിയ 10 ശുപാര്‍ശകള്‍

അലഹബാദ് ഹൈക്കോടതി

  • റിഷാദ് മുര്‍താസ - ശുപാര്‍ശ ചെയ്തത് 24/08/2021, കൊളീജിയം ആവര്‍ത്തിച്ചത് 14/07/2022

  • ശിഷിര്‍ ജെയ്ന്‍ - ശുപാര്‍ശ ചെയ്തത് 24/08/2021, കൊളീജിയം ആവര്‍ത്തിച്ചത് 14/07/2022

  • ധ്രുവ് മാതുര്‍ -ശുപാര്‍ശ ചെയ്തത് 24/08/2021, കൊളീജിയം ആവര്‍ത്തിച്ചത് 14/07/2022

  • വിമലേന്ദു ത്രിപാദി- ശുപാര്‍ശ ചെയ്തത് 24/08/2021, കൊളീജിയം ആവര്‍ത്തിച്ചത് 14/07/2022

  • മനു ഖാരെ -ശുപാര്‍ശ ചെയ്തത് 06/10/2021, കൊളീജിയം ആവര്‍ത്തിച്ചത് 14/07/2022

    കല്‍ക്കട്ട ഹൈക്കോടതി

  • അമിതേഷ് ബാനര്‍ജി - ശുപാര്‍ശ ചെയ്തത് 24/07/2019, കൊളീജിയം ആവര്‍ത്തിച്ചത് 01/09/2021

  • സാക്യ സെന്‍ - ശുപാര്‍ശ ചെയ്തത് 24/07/2019, ആവര്‍ത്തിച്ചത് 08/10/2021

    കേരള ഹൈക്കോടതി

  • സഞ്ജിത കല്ലൂര്‍ അറയ്ക്കല്‍ -ശുപാര്‍ശ ചെയ്തത് 01/09/2021, ആവര്‍ത്തിച്ചത് 11/11/2021

  • അരവിന്ദകുമാര്‍ ബാബു താവരക്കാട്ടില്‍ - ശുപാര്‍ശ ചെയ്തത് 01/09/2021, ആവര്‍ത്തിച്ചത് 11/11/2021

    കര്‍ണാടക ഹൈക്കോടതി

  • നാഗേന്ദ്ര രാമചന്ദ്ര നായിക് - ശുപാര്‍ശ ചെയ്തത് 03/10/2019, ആവര്‍ത്തിച്ചത് - 02/03/2021, 01/09/2021

ആദ്യ ശുപാര്‍ശയ്ക്ക് ശേഷം കേന്ദ്രം മടക്കിയവ

  • ഗണേഷ് റാം മീണ; രാജസ്ഥാന്‍ ഹൈക്കോടതി ; ശുപാര്‍ശ ചെയ്തത് 01/09/2021

  • മനീഷ് ശര്‍മ; രാജസ്ഥാന്‍ ഹൈക്കോടതി ; ശുപാര്‍ശ ചെയ്തത് 06/10/2021

  • സൗരഭ് കൃപാല്‍; ഡല്‍ഹി ഹൈക്കോടതി; ശുപാര്‍ശ ചെയ്തത് 11/11/2021

  • മിസ്ര സെയ്ഫുല്ല ; തെലങ്കാന് ഹൈക്കോടതി; ശുപാര്‍ശ ചെയ്തത് 01/02/2022

  • സോമശേഖര്‍ സുന്ദരേശന്‍; ബോംബെ ഹൈക്കോടതി; 16/02/2022

  • ആര്‍ ജോണ്‍ സത്യന്‍; മദ്രാസ് ഹൈക്കോടതി ശുപാര്‍ശ ചെയ്തത് 16/02/2022

  • അബ്ദുല്‍ ഗനി അബ്ദുല്‍ ഹമീദ്; മദ്രാസ് ഹൈക്കോടതി; ശുപാര്‍ശ ചെയ്തത് 16/02/2022

  • സുമന്‍ പട്‌നായക്; ഒറീസ ഹൈക്കോടതി ; ശുപാര്‍ശ ചെയ്തത് 25/07/2022

  • ഹര്‍പ്രീത് സിംഗ് ബ്രാര്‍; പഞ്ചാബ് - ഹരിയാന ഹൈക്കോടതി ; ശുപാര്‍ശ ചെയ്തത് 25/07/2022

കൊളീജിയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്രം തള്ളിയ പത്ത് പേരുകളില്‍ അഞ്ചുപേര്‍ അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിങ് പാനലിലേക്കുള്ളവരാണ്. കൊല്‍ക്കത്ത, കേരള ഹൈക്കോടതികളിലേക്കുള്ള രണ്ട് ശുപാര്‍ശകളും കര്‍ണാടക ഹൈക്കോടതിയിലേക്കുള്ള രണ്ട് പേരുകളും കേന്ദ്രം തള്ളിയ ലിസ്റ്റിലുണ്ട്. സെപ്റ്റംബര്‍ 26ന് കൊളീജിയം ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രം തീരുമാനമെടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.

നവംബര്‍ 11ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് നിയമമന്ത്രാലയത്തിലെ ജസ്റ്റിസ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് ഒരു നോട്ടീസ് നല്‍കിയിരുന്നു. കൊളീജിയം ശുപാര്‍ശകള്‍ സര്‍ക്കാര്‍ വലിച്ചുനീട്ടുന്നത് എന്തുകൊണ്ടാണെന്ന് നവംബര്‍ 28ന് മുന്‍പായി മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയത്തിലെ അംഗമാണ്. ഒരിക്കല്‍ മടക്കുന്ന ശുപാര്‍ശ കൊളീജിയം ആവര്‍ത്തിച്ച് നല്‍കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതാണ് പതിവ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള മെമ്മോറണ്ടം ഓഫ് പ്രൊസീജിയറില്‍ നടപടിക്രമങ്ങൾ സംബന്ധിച്ച് കൃത്യമായി ചര്‍ച്ച ചെയ്യുന്നില്ല. നിയമമന്ത്രി എത്രയും വേഗത്തില്‍, പരമാവധി മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ചട്ടപ്രകാരമുള്ള മാനദണ്ഡം.

സുപ്രീം കോടതി
"അനാവശ്യ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ല": വിമർശനവുമായി കേന്ദ്ര നിയമമന്ത്രി

1993ലേയും 1998ലേയും ഭരണഘടനാ വ്യവസ്ഥകളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് കൊളീജിയം സമ്പ്രദായം വികസിക്കപ്പെട്ടത്. 1993ലെ സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ vs യൂണിയന്‍ ഗവണ്‍മെന്‌റ് ഓഫ് ഇന്ത്യ, 1998ലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതി കെ ആര്‍ നാരായണന്‍ നല്‍കിയ കണ്‍സല്‍ട്ടേഷന്‍ റഫറന്‍സ് എന്നിവയാണ് അവ. ഇതില്‍ 1993ലെ കേസുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജസ്റ്റിസുമാരും കൂടിയാലോചിച്ച് ശുപാര്‍ശ നല്‍കുന്ന സമ്പ്രദായം നിലവില്‍ വന്നത്. ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് പുനഃപരിശോധന ആവശ്യപ്പെടാം. പുനഃപരിശോധനയ്ക്ക് ശേഷം കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ നിയമനം നടത്താന്‍ എക്‌സിക്യൂട്ടീവിന് ബാധ്യതയുണ്ടെന്ന് ഭരണഘടന വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിരുന്നു. 1998ല്‍ ഇത് ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജസ്റ്റിസുമാരും ചേര്‍ന്ന് ശുപാര്‍ശ ചെയ്യുക എന്ന് ഭേദഗതി ചെയ്തു. നിര്‍ദിഷ്ട ഹൈക്കോടതി ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുമ്പോള്‍ ഇതുമായി ബന്ധമുള്ള സുപ്രീംകോടതി ജഡ്ജിയുമായും ചര്‍ച്ച ചെയ്യണമെന്നും നിബന്ധനയുണ്ട്.

സുപ്രീം കോടതി
'ലോകത്തൊരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലെപ്പോലെ സ്വതന്ത്രമല്ല'; ചീഫ് ജസ്റ്റിസിന് മറുപടിയുമായി നിയമമന്ത്രി

നേരത്തെ, കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അനാവശ്യ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ രാജ്യത്തിന്റെ ഭരണം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. അനാവശ്യമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതികൾ നടത്തേണ്ടതില്ല. ഒരു ജഡ്ജി തന്റെ വിധികളിലൂടെയാണ് സംസാരിക്കേണ്ടതെന്നുമായിരുന്നു വിമര്‍ശനം. പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്രം നിയമം പാലിക്കണമെന്നായിരുന്നു കോടതി നല്‍കിയ മറുപടി.

logo
The Fourth
www.thefourthnews.in