സൈനിക സ്കൂളുകളിൽ കാവിവത്കരണം; പുതുതായി അനുവദിച്ചതിൽ 62 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ക്ക്

സൈനിക സ്കൂളുകളിൽ കാവിവത്കരണം; പുതുതായി അനുവദിച്ചതിൽ 62 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ക്ക്

സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂളുകളാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്

പ്രതിരോധ സേനകളിലേക്ക് കേഡറ്റുമാരെ സംഭാവന നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതുതായി അനുവദിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകൾക്കും ബിജെപി-സഖ്യകക്ഷി നേതാക്കൾക്കും. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‍ പുറത്തുവിട്ടത്.

സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂളുകളാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ സൈനിക സ്‌കൂളുകള്‍ നടത്താനായി രൂപീകരിച്ച സ്വയംഭരണ അതോറിറ്റിയാണ് സൈനിക് സ്‌കൂള്‍ സൊസൈറ്റി.

സ്വകാര്യ പങ്കാളത്തത്തിൽ രാജ്യത്ത് 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ 2021ലെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. മതിയായ സ്ഥലം, ഭൗതിക, ഐ ടി അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ഭദ്രത, ജീവനക്കാർ എന്നീ കാര്യങ്ങളിൽ സൈനിക് സ്‌കൂള്‍ സൊസൈറ്റി നിർദേശിക്കുന്ന മാനദണ്ഡം പാലിക്കുന്ന ഏത് സ്കൂളും സൈനിക സ്കൂളായി അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

എന്നാൽ പുതിയ പദ്ധതി പ്രകാരം പ്രാബല്യത്തിൽ വന്ന 40 സൈനിക് സ്കൂൾ കരാറുകളിൽ 62 ശതമാനവും ആർ എസ് എസ്- അനുബന്ധ സംഘടനകൾ, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ- സുഹൃത്തുക്കൾ, ഹിന്ദുത്വ സംഘടനകൾ, വ്യക്തികൾ, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്കൂളുകൾക്കാണെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണം വെളിപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ പത്രക്കുറിപ്പുകളിൽനിന്നും വിവരാവകാശ രേഖകളിൽനിന്നുമുള്ള സംഗ്രഹിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍, ആര്‍എസ്എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവ ഭാരതിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോക് ന്യാസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സൈനിക സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി സ്ഥാപക സാധ്വി ഋതംഭര നടത്തുന്ന സ്‌കൂളിനും സൈനിക സ്‌കൂള്‍ പദവി ലഭിച്ചു.

സൈനിക സ്കൂളുകളിൽ കാവിവത്കരണം; പുതുതായി അനുവദിച്ചതിൽ 62 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ക്ക്
കേന്ദ്ര ഏജന്‍സികള്‍ വഴി 'പേടിപ്പിച്ചു'; 2014നുശേഷം ബിജെപിയില്‍ ചേര്‍ന്നത് 25 പ്രമുഖ പ്രതിപക്ഷ നേതാക്കള്‍

ഗുജറാത്തിലും അരുണാചല്‍ പ്രദേശിലുമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നല്‍കിയിരിക്കുന്നത്. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ ഉടമസ്ഥതയിലുള്ള തവാങ് പബ്ലിക് സ്‌കൂളിനും സൈനിക സ്‌കൂളിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ ഭാവ്‌സംഘ്ഭായി ചൗധരിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളിനും സൈനിക സ്‌കൂളിന് അനുമതി നല്‍കി. ഗുജറാത്ത് നിയമസഭ സ്പീക്കര്‍ ശങ്കര്‍ ചൗധരിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിനും സൈനിക സ്‌കൂള്‍ ആകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍, ബിജെപി എംഎല്‍എ സരിത ഭദൗരിയയുടെ നിയന്ത്രണത്തിലുള്ള മുന്ന സ്മൃതി സന്‍സ്താന്‍ നടത്ുന്ന ശാകുന്തളം ഇന്റര്‍നാഷണല്‍ സ്‌കൂളിനും സൈനി സ്‌കൂളായി മാറാന്‍ സാധിച്ചു. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്‌നാഥ് റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ ഇപ്പോള്‍ ഒരു സൈനിക് സ്‌കൂളാണ്. മുന്‍ ബിജെപി എംപി മഹന്ത് ചന്ദ്‌നാഥ് ആണ് ഇത് സ്ഥാപിച്ചത്.

2019ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രാധാകൃഷ്ണ വിഖെ പാട്ടീല്‍ ചെയര്‍മാനായ അഹമ്മദ്നഗറിലെ പത്മശ്രീ ഡോ വിത്തല്‍റാവു വിഖേ പാട്ടീല്‍ സ്‌കൂളും സൈനിക സ്‌കൂളായി മാറി.

സൈനിക സ്കൂളുകളിൽ കാവിവത്കരണം; പുതുതായി അനുവദിച്ചതിൽ 62 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ക്ക്
സവര്‍ണ രോഷം ബിജെപിയെ പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍

സൈനിക സ്‌കൂള്‍ മേഖലയില്‍ ആദ്യമായാണ് സ്വകാര്യവത്കരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടബോര്‍ 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സൈനിക സ്‌കൂള്‍ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിന് അനുമതി നല്‍കിയത്.

പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസുകളുള്ള ഒരു സ്‌കൂളിന് എസ്എസ്എസ് പ്രതിവര്‍ഷം 1.2 കോടി രൂപ പിന്തുണയായി നല്‍കുന്നുണ്ട്. 12-ാം ക്ലാസിലെ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കി പ്രതിവര്‍ഷം പരിശീലന ഗ്രാന്റായി 10 ലക്ഷം രൂപയും നല്‍കും. സര്‍ക്കാര്‍ പിന്തുണനല്‍കുന്നുണ്ടെങ്കിലും സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് വാര്‍ഷിക ഫീസായി വാങ്ങുന്നത് 2,47,900 രൂപയാണ് ഫീസ് വാങ്ങുന്നത്. പുതിയ നയം വരുന്നതുവരെ 16,000 കേഡറ്റുകളുള്ള 33 സൈനിക സ്‌കൂളുകള്‍ രാജ്യത്തുണ്ടായിരുന്നു. സൈനിക സ്‌കൂളില്‍ പഠിച്ചിറങ്ങിയ പതിനൊന്നു ശതമാനം വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in