'ഗോവയിലോ ഇൻഡോറിലോ പോയി വേസ്റ്റ് മാനേജ്‌മെന്റ് പഠിക്കൂ'; ബ്രഹ്മപുരം വിഷയത്തില്‍ കേരളാ സർക്കാരിനെതിരെ കേന്ദ്രമന്ത്രി

'ഗോവയിലോ ഇൻഡോറിലോ പോയി വേസ്റ്റ് മാനേജ്‌മെന്റ് പഠിക്കൂ'; ബ്രഹ്മപുരം വിഷയത്തില്‍ കേരളാ സർക്കാരിനെതിരെ കേന്ദ്രമന്ത്രി

ബ്രഹ്മപുരത്ത് മാലിന്യം തരം തിരിക്കുന്ന പ്രവർത്തനങ്ങളോ അതിനുള്ള ഉപകരണങ്ങളോ നടന്നിരുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ബ്രഹ്മപുരം തീപിടുത്തം ദേശീയതലത്തില്‍ ചര്‍ച്ചാ വിഷയമാക്കി ബിജെപി. മുന്‍ എല്‍ഡിഎഫ് കണ്‍വീനറുടെ മകന് കരാര്‍ നല്‍കുന്നതിനായി വന്‍ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. ബ്രഹ്മപുരത്ത് എന്ത് സംഭവിച്ചു എന്നതില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. വേസ്റ്റ് മാനേജ്മെന്റിനെ പറ്റി കേരളാ സർക്കാർ ഗോവയിലോ ഇൻഡോറിലോ പോയി പഠിക്കണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കൂടാതെ സോണ്ടയുടെ ഉടമ മുൻ എൽഡിഎഫ് മുൻ കൺവീനറിന്റെ മരുമകനും സബ് കോൺട്രാക്ട് ലഭിച്ച കമ്പനിയുടെ ഉടമ കെപിസിസി മുൻ ജനറൽ സെക്രട്ടറിയുടെ മരുമകനുമാണ്.

ഗോവയിലും ഇൻഡോറിലും വേസ്റ്റ് മാനേജ്‌മെന്റ് ലാഭത്തിലാണ് നടക്കുന്നത്. ഇവിടെ നിന്നും കേരളവും പാഠം പഠിക്കണം. എന്നാൽ സർക്കാരിന് മറ്റ് പല കാര്യങ്ങളിലുമാണ് ശ്രദ്ധ. ബ്രഹ്മപുരത്ത് മാലിന്യം തരം തിരിക്കുന്ന പ്രവർത്തനങ്ങളോ അതിനുള്ള ഉപകരണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പ്ലാന്റിനായി സർക്കാർ ചെലവഴിച്ച തുക സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. ആകെ നടന്നത് അഴിമതി മാത്രമാണ്. കടമ്പ്രയാറിന്റെ തീരത്തുള്ള ഈ പ്ലാന്റ് കാരണം നദിയിലെ വെള്ളമെല്ലാം മലിനമായി. മലിന ജലം ഇൻഫോപാർക്കിലേക്കും സ്മാർട്ട് സിറ്റിയിലേക്കുമെല്ലാം ഒഴുകിയെത്തുകയാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബയോ മൈനിങ് നടത്താനായി സോണ്ട ഇൻഫ്രാ ടെക് എന്ന കമ്പനിക്ക് 54 കോടി രൂപയ്ക്കാണ് കോൺട്രാക്ട് നൽകിയത്. എന്നാല്‍ അവർ മറ്റൊരു സ്ഥാപനത്തിന് 22 കോടി രൂപയ്ക്ക് സബ് കോൺട്രാക്ട് നൽകുകയായിരുന്നു.ഒരു പണിയും ചെയ്യാതെ സോണ്ടയ്ക്ക് ലഭിച്ചത് 32 കോടി രൂപയാണ്. അതുമാത്രമല്ല മാലിന്യ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടന്നിട്ടുമില്ല നടന്നില്ല. കൂടാതെ സോണ്ടയുടെ ഉടമ മുൻ എൽഡിഎഫ് മുൻ കൺവീനറിന്റെ മരുമകനും സബ് കോൺട്രാക്ട് ലഭിച്ച കമ്പനിയുടെ ഉടമ കെപിസിസി മുൻ ജനറൽ സെക്രട്ടറിയുടെ മരുമകനുമാണ്. യുഡിഎഫ്- എൽഡിഎഫ് സഖ്യം നടത്തിയ അഴിമതിയാണ് ബ്രഹ്മപുരത്തേത്. അഴിമതിയുടെ കാര്യത്തിൽ ഇരു പാർട്ടികളും ഒറ്റക്കെട്ടാണ്. എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളം കൊള്ളയടിക്കുകയാണ്. അതിനെ എതിർത്ത് തോൽപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബ്രഹ്മപുരത്ത് എല്ലാ വർഷവും ചെറിയ തോതിൽ തീപിടുത്തം ഉണ്ടാകുമായിരുന്നു. ഇതിനെതിരെ മുൻകരുതൽ നടപടി ഉണ്ടാകണമെന്ന് അഗ്നിശമന സേന പലപ്പോഴും നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നടപടി ഒന്നുമുണ്ടായില്ല. ബയോ മൈനിങ് നടത്താത്ത മാലിന്യ കൂമ്പാരത്തിന് തീ പിടിക്കുമ്പോൾ വെള്ളം ഉപയോഗിക്കില്ല മണ്ണാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതൊന്നും ബ്രഹ്മപുരത്ത് പാലിക്കപ്പെട്ടില്ല. തീ കെടുത്താനുള്ള മറ്റുപകരണങ്ങള്‍ അഗ്നിശമന സേനയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in