രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍

വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരെ മോചിപ്പിച്ച കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കി. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന എല്ലാ പ്രതികളെയും വിട്ടയക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. അതേസമയം, വിധിക്കെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍, നിയമപോരാട്ടത്തിനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

പ്രതികൾ മുപ്പത് വർഷമായി ജയിലിൽ കഴിഞ്ഞെന്നും ജയിലിലെ അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആറ് പ്രതികള്‍ളെയും മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. കോടതിയുത്തരവിന് പിന്നാലെ വെല്ലൂര്‍, പുഴല്‍ എന്നീ ജയിലുകളില്‍ നിന്നും പ്രതികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.

നളിനി, ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.

logo
The Fourth
www.thefourthnews.in