ലഫ്. ഗവർണർ വി.കെ സക്സേന, അരവിന്ദ് കെജ്രിവാള്‍
ലഫ്. ഗവർണർ വി.കെ സക്സേന, അരവിന്ദ് കെജ്രിവാള്‍

ഡൽഹി അധികാരത്തർക്കം: രണ്ടും കല്‍പ്പിച്ച് കേന്ദ്രം; അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകാൻ നീക്കം

എഎപി നേതാക്കള്‍ ഉപദ്രവിക്കുന്നെന്ന് കാണിച്ച് എട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ലെഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി

ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്ക് മേലുള്ള അധികാരം സർക്കാരിനാണെന്ന ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം അട്ടിമറിക്കുന്ന ഭേദഗതിക്ക് കൂടുതൽ സവിശേഷാധികാരം നൽകാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം, പോലീസ്, റവന്യു ഒഴികെയുള്ള മറ്റെല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാരിനാണെന്നും ലെഫ്റ്റനന്റ് ഗവർണർക്കല്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്.

ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശുപാർശ എന്നിവയ്‌ക്കെല്ലാം 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി'ക്കാണ് അധികാരം. ഈ അതോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഓർഡിനൻസില്‍ പുതിയ അതോറിറ്റിയുടെ അടിസ്ഥാന ഘടനകൾ മാത്രമാണ് നിലവിൽ പരാമർശിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ തന്നെ ഭേദഗതിയിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കാനാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നീക്കമെന്നാണ് സൂചന.

മുഖ്യമന്ത്രി തലവനായ 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റി'യിൽ ഡൽഹി ചീഫ് സെക്രട്ടറിയും അഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് മറ്റംഗങ്ങൾ

അതിനിടെ, എഎപി നേതാക്കള്‍ ഉപദ്രവിക്കുന്നതായി എട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ലെഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ സർവീസസ് വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചീഫ് സെക്രട്ടറി നരേഷ് കുമാർ ആരോപിച്ചു. അതേസമയം, ചീഫ് സെക്രട്ടറി തനിക്കെതിരെ വധഭീഷണി മുഴക്കിയതായി ആരോപിച്ച് സൗരഭ് ഭരദ്വാജും പോലീസിൽ പരാതി നൽകി. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

വിജിലൻസ് സ്പെഷ്യൽ സെക്രട്ടറി വൈ വി വി ജെ രാജശേഖറാണ് മറ്റൊരു പരാതിക്കാരൻ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഏകോപിത ശ്രമമാണ് നടക്കുന്നതെന്നും ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ അന്വേഷിക്കാൻ കഴിയാത്തവിധം തന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പരാതികളെല്ലാം വ്യാജമാണെന്ന് ഡൽഹി സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ വെല്ലുവിളിക്കുന്ന ഭേദഗതിയെ മറച്ചുപിടിക്കാൻ ലഫ്.ഗവർണർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ഓർഡിനൻസിനെതിരെയുള്ള പ്രതിഷേധങ്ങൾ, വഴി തിരിച്ചുവിടുകയാണ് പരാതികൾക്ക് പിന്നിലുള്ള ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.

ലഫ്. ഗവർണർ വി.കെ സക്സേന, അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹി അധികാരത്തർക്കം: പാർലമെന്റിൽ പാസാകുമോ കേന്ദ്രത്തിന്റെ ഓർഡിനൻസ് തന്ത്രം?

മുഖ്യമന്ത്രി തലവനായ 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റി'യിൽ ഡൽഹി ചീഫ് സെക്രട്ടറിയും അഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് മറ്റംഗങ്ങൾ. വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുക്കുക. എന്നാല്‍, തർക്കമുണ്ടായാല്‍ അതോറിറ്റി ശുപാർശകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണറാണെന്നും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധി വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കേന്ദ്രത്തിന്റെ ഗൂഢനീക്കം. അധികാര തർക്കത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ കേന്ദ്രത്തിന്റെ മുനയൊടിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഓർഡിനൻസ് എന്ന തുറുപ്പുചീട്ട് പുറത്തിറക്കിയത്.

ഈ മാസം 11നാണ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികാരം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് എന്ന സുപ്രീംകോടതി വിധി വന്നത്. ലഫ്.ഗവർണർ സർക്കാരിന്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ബെഞ്ച് നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in