നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: എൻടിഎ ഡയറക്ടറെ നീക്കി കേന്ദ്ര സർക്കാർ; നീറ്റ് പിജി പരീക്ഷ മാറ്റി

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: എൻടിഎ ഡയറക്ടറെ നീക്കി കേന്ദ്ര സർക്കാർ; നീറ്റ് പിജി പരീക്ഷ മാറ്റി

പ്രദീപ് സിങ് ഖരോള ഐഎഎസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജനറല്‍ (ഡിജി) സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര സർക്കാർ. പ്രദീപ് സിങ് ഖരോള ഐഎഎസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ഡയറക്ടറിനെ ഉടൻ നിയമിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ. ബി ജെ റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: എൻടിഎ ഡയറക്ടറെ നീക്കി കേന്ദ്ര സർക്കാർ; നീറ്റ് പിജി പരീക്ഷ മാറ്റി
പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് ഇനി ജിഎസ്ടി ഇല്ല, ഹോസ്റ്റലുകളെയും ഒഴിവാക്കി; 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട്‌ കേരളം

പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം. 2024 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. പേപ്പര്‍ ചോര്‍ത്തുക, ഉത്തരക്കടലാസില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവര്‍ഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

'പൊതുപരീക്ഷ ക്രമക്കേട് തടയല്‍ നിയമം, 2024' ന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയമം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നിയമം സംബന്ധിച്ച ചട്ടങ്ങള്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാന്നെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം.

പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. കൂടാതെ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ അതില്‍ ഉള്‍പ്പെട്ടിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍, അയാള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവും 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും.

logo
The Fourth
www.thefourthnews.in