ബിഹാറിനു പിന്നാലെ ജാര്‍ഖണ്ഡും; ജാതി സെന്‍സസ് നടത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ചംപയ് സോറന്‍

ബിഹാറിനു പിന്നാലെ ജാര്‍ഖണ്ഡും; ജാതി സെന്‍സസ് നടത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ചംപയ് സോറന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് തീയതി പ്രഖ്യാപിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ജാതിസെന്‍സസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്. ബിജെപിയും കേന്ദ്ര സര്‍ക്കാരും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തോട് മുഖംതിരിക്കുമ്പോള്‍ കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടുന്നത് ജാതിസെന്‍സസാണ്.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തില്‍ ഇതുവരെ ബിഹാര്‍ മാത്രമാണ് ജാതി സെന്‍സസ് നടപ്പാക്കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു അത്. നിതീഷ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിക്കൊപ്പമായിരുന്നു ആ സമയത്ത്. അതുകൊണ്ടു തന്നെ ബിഹാര്‍ ജാതി സെന്‍സസ് നടപ്പിലാക്കിയത് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രചാരണങ്ങളെല്ലാം.

നിതീഷ് മുന്നണി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ അതിന്റെ ക്രെഡിറ്റ് ബിജെപി സ്വന്തമാക്കി. ഇതോടെ പരുങ്ങലിലായ ഇന്ത്യ മുന്നണിക്ക് വീണ്ടും ജീവന്‍ നല്‍കി സംസ്ഥാനത്ത് ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ഇന്ന് മുഖ്യമന്ത്രി ഒപ്പുവച്ചു.

സെന്‍സസ് നടത്താനുള്ള ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എന്നാല്‍ ജാതി സെന്‍സസ് എന്നാണ് നടത്തുകയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കള്ളപ്പണ ഇടപാടില്‍ ഇഡി കസ്റ്റഡിയിലായതിനേത്തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഈ മാസം രണ്ടിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അതിനു ശേഷം അദ്ദേഹം കൈക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാണിത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ അഴിമതിയും അറസ്റ്റും ബിജെപിയും സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നത് തീര്‍ച്ചയാണ്. അതിന് തടയിടാന്‍ കൂടിയാണ് എത്രയും വേഗം ജാതിസെന്‍സസ് നടപ്പിലാക്കാന്‍ ജെഎംഎം ശ്രമിക്കുന്നത്.

നേരത്തെ ഹേമന്ത് സോറനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗിര്‍ ആലവും സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരമേറ്റ് നാലു വര്‍ഷം പിന്നിട്ടിട്ടും ആ വാഗ്ദാനം പാലിക്കാനായിരുന്നില്ല. 2023 ഒക്‌ടോബറിലാണ് ബിഹാര്‍ ജാതി സെന്‍സസ് നടത്തിയത്. സര്‍വേയില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ 63 ശതമാനം പേരും അതീവ പിന്നാക്ക-പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നു വ്യക്തമായിരുന്നു. ഇതുപ്രകാരം സംവരണം പുനര്‍നിശ്ചയിക്കാനും ബിഹാര്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

logo
The Fourth
www.thefourthnews.in