രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം; ജാർഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍

രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം; ജാർഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍

81 അംഗങ്ങള്‍ ഉള്‍പ്പെട്ട സഭയില്‍ 47 വോട്ടാണ് ചംപയ് സോറന്‍ പക്ഷം നേടിയത്

ജാര്‍ഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് വിജയിച്ച് ചംപയ് സോറന്‍. 81 അംഗങ്ങള്‍ ഉള്‍പ്പെട്ട സഭയില്‍ 47 വോട്ടാണ് ചംപയ് സോറന്‍ പക്ഷം നേടിയത്. കഴിഞ്ഞ മാസം ഒരു എംഎല്‍എ രാജിവെച്ചതിനാല്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായിരുന്നത് 41 വോട്ടുകളായിരുന്നു. വിശ്വാസവോട്ടെടുപ്പ് മറികടക്കാനാകുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം)-കോണ്‍ഗ്രസ്- രാഷ്ട്രീയ ജനതാദള്‍ സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചംപയ് സോറന്‍ സർക്കാരിനെതിരെ 29 വോട്ടുകളാണ് വന്നത്.

മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയും പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുമാണ് വിശ്വാസവോട്ടെടുപ്പിലേക്ക് നയിച്ചത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോറനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടി. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ജെഎംഎം നേതാവ് കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് പറഞ്ഞിരുന്നു.

രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം; ജാർഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍
23 വർഷം,12 മുഖ്യമന്ത്രിമാര്‍; ഖനികളുടെ നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍, ഇന്ന് വിശ്വാസവോട്ട്, ജയിച്ചു കയറുമോ ചംപയ് സോറന്‍?

കഴിഞ്ഞ ശനിയാഴ്ചയാണ് ഷിബും സോറന്റെ അനുയായി കൂടിയായിരുന്ന ചംപയ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും ചംപയ് സോറനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹേമന്ത് സോറനും വിശ്വാസവോട്ടെടുപ്പിന്റെ സമയത്ത് നിയമസഭയിലെത്തിയിരുന്നു. ഹേമന്ത് സോറന്‍ സർക്കാരിന്റെ രണ്ടാം ഭാഗമായിരിക്കും തന്റെ സർക്കാരെന്ന് ചംപയ് സോറന്‍ വിശ്വാസവോട്ടെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

വൈകാരിക പ്രസംഗത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹേമന്ത് സോറന്‍ ഉന്നയിച്ചത്. ബിജെപിയുടെ ഗൂഢാലോചനയാണ് തന്നെ ജയിലിലെത്തിച്ചതെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. ഗവർണറിന് ഇതില്‍ പങ്കുണ്ടെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ഹേമന്ത് സോറന്റെ രാജിക്ക് പിന്നാലെതന്നെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം സർക്കാർ രൂപീകരണ അവകാശം ഉന്നയിച്ചിട്ടും ഗവർണർ ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കാതെ വൈകിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in