ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ ഒരു വരണാധികാരി പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാനൊരുങ്ങുന്നത്

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ വരണാധികാരിയായിരുന്നു അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നു സുപ്രീം കോടതി. മേയര്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദേശം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ ഒരു വരണാധികാരി പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാനൊരുങ്ങുന്നത്.

ബാലറ്റ് പേപ്പറില്‍ മസീഫ് കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ബെഞ്ച് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു. ബാലറ്റ് പേപ്പറുകള്‍ നാളെ കോടതിയില്‍ ഹാജരാക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറിനെക്കൊണ്ട് വീണ്ടും വോട്ടെണ്ണിക്കാന്‍ നിര്‍ദേശിച്ച ബെഞ്ച് പിന്നീട് ബാലറ്റ് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് നിലപാട് അറിയിക്കുകയായിരുന്നു.

ജനുവരി 30 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 വോട്ടും ആം ആദ്മി പാര്‍ട്ടിക്ക് 12 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ആം ആദ്മിയും ചേര്‍ന്നാണ് ബിജെപിക്കെതിരേ മത്സരിച്ചത്. കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് 20 പേരുടെയും ബിജെപിക്ക് 15 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍-എഎപി സഖ്യം വിജയിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കോണ്‍-എഎപി സഖ്യത്തിന്റെ എട്ടു വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ അസാധുവാക്കപ്പെട്ട വോട്ടുകളില്‍ വരണാധികാരി ഗുണന ചിഹ്നം ഇട്ടതായി തെളിയുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ ഇതിന്റെ ദൃശ്യം പതിയുകയും ചെയ്തിരുന്നു.

ബാലറ്റുകളില്‍ എന്തിനാണ് ഗുണന ചിഹ്നമിട്ടതെന്ന ചോദ്യത്തിന് അസാധുവായ ബാലറ്റ് പേപ്പറുകള്‍ തിരിച്ചറിയാനാണെന്നായിരുന്നു മസീഹിന്റെ മറുപടി. എത്ര ബാലറ്റുകളില്‍ ഇത്തരത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയെന്ന ചോദ്യത്തിന് എട്ടെണ്ണമെന്നും മറുപടി നല്‍കി. ബാലറ്റ് പേപ്പറുകളില്‍ ഇത്തരത്തില്‍ ഗുണനചിഹ്നമിടാന്‍ നിയമം അനുവദിക്കുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തുടര്‍ന്നാണ് വരണാധികാരി തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടത്.

logo
The Fourth
www.thefourthnews.in