ആദിപുരുഷിന്റെയും ഇന്റർസ്റ്റെല്ലാറിന്റെയും മുതൽ മുടക്കിനേക്കാൾ കുറവ്; ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചെലവെത്ര?

ആദിപുരുഷിന്റെയും ഇന്റർസ്റ്റെല്ലാറിന്റെയും മുതൽ മുടക്കിനേക്കാൾ കുറവ്; ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചെലവെത്ര?

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 ന്റെ ആകെ ചെലവ് 1,600 കോടി രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്

ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3ന്റെ നിർമാണ ചെലവെത്ര? ഏതാനും ദിവസങ്ങൾക്ക് മുൻപ് ചന്ദ്രോപരിതലത്തിൽ തകർന്നുവീണ റഷ്യയുടെ ലൂണ-25ന്റെ മൂന്നിലൊന്ന് മാത്രം. അതിനേക്കാൾ എളുപ്പം മനസിലാക്കാവുന്ന മറ്റൊരു കാര്യം പറയാം, പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മുതൽ മുടക്കിന് അടുത്തുപോലും എത്തില്ല.

2014-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ക്രിസ്റ്റഫർ നോളൻ സിനിമയായ 'ഇന്റർസ്റ്റെല്ലാർ' 1,368 കോടി രൂപ (165 മില്യൺ ഡോളർ) ബജറ്റിലാണ് നിർമിച്ചത്. ഇത് ചന്ദ്രയാൻ-3 പദ്ധതിയുടെ ഇരട്ടിയിലേറെയാണ്. അടുത്തിടെ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ നിർമിച്ചത് 820 കോടി മുടക്കിയാണ്. മാറ്റ് ഡാമൺ അഭിനയിച്ച 'ദി മാർഷ്യൻ' പോലും ചന്ദ്രയാൻ-3 യേക്കാൾ ചെലവേറിയതാണ്.

ഇനി ഇന്ത്യൻ സിനിമകളെ നോക്കുകയാണെങ്കിൽ അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വൻ പരാജമായി തീർന്ന പ്രഭാസ് ചിത്രം ആദിപുരുഷ് നിർമിച്ചത് കുറഞ്ഞത് 700 കോടി മുടക്കിയാണ്. ഇതുപോലും ചന്ദ്രയാൻ 3 യെക്കാൾ കൂടുതലാണ്. അപ്പോൾ ചന്ദ്രയാൻ 3 ന്റെ ചെലവെത്രയാണ്? ഏകദേശം 615 കോടിയാണ് ദൗത്യത്തിന്റെ ചെലവ്.

ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചന്ദ്രയാന്റെയും സൂപ്പർ ഹിറ്റ് സിനിമകളുടെയും മുതൽ മുടക്കുകൾ താരതമ്യം ചെയ്തുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പുതിയ ഗ്രഹങ്ങൾ തേടി മനുഷ്യൻ നടത്തുന്ന സാഹസികമായ ബഹിരാകാശ യാത്രയുടെ കഥ പറയുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ഇന്റർസ്റ്റെല്ലാറിന്റെ മുതൽ മുടക്കും ചന്ദ്രയാൻ മൂന്നിന്റെ ചെലവും തമ്മിലുള്ള വ്യത്യാസമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുന്നത്. ഇത് താരതമ്യം ചെയ്തുകൊണ്ടുള്ള ന്യൂസ് തിങ്കിന്റെ പോസ്റ്റിനടിയിൽ "ഇത് ഇന്ത്യക്ക് ഗുണം ചെയ്യും" എന്നാണ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് കമന്റ് ചെയ്തത്.

റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 ന്റെ ആകെ ചെലവ് 1,600 കോടി രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്.ചന്ദ്രയാൻ 3 ന് മുൻപ് ഓഗസ്റ്റ് 21ന് ലൂണ 25 സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു തീരുമാനം. ലാൻഡിങ്ങിന് മുൻപ് പേടകത്തെ ഭ്രമണപഥത്തിൽ എത്തിക്കേണ്ട എൻജിൻ, 84 സെക്കൻഡിന് പകരം 127 സെക്കൻഡ് പ്രവർത്തിച്ചതാണ് തകർച്ചക്ക് കാരണമെന്ന് റഷ്യ അറിയിച്ചിരുന്നു. ഓഗസ്റ്റ് 11നാണ് ലൂണ 25 വിക്ഷേപിച്ചത്. ചൈനയുടെ ചാന്ദ്രദൗത്യത്തിന് ചിലവായത് 1,752 കോടി രൂപയാണ്. 978 കോടി രൂപയാണ് ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യയ്ക്ക് ചെലവായത്.

logo
The Fourth
www.thefourthnews.in