റാണ അയൂബ്
റാണ അയൂബ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

ചാരിറ്റിയുടെ പേരിൽ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം സമാഹരിച്ചുവെന്നാണ് കേസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാസിയാബാദ് പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാരിറ്റിയുടെ പേരിൽ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം സമാഹരിച്ചുവെന്നാണ് കേസ്. കെറ്റോ എന്ന ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയുള്ള ഫണ്ട് റെയ്സർ ക്യാംപെയ്‌നിലൂടെ സ്വരൂപിച്ച പണവുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിലാണ് ഗാസിയാബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്യാംപെയ്നിലൂടെ സ്വരൂപിച്ച 2.69 കോടി രൂപ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് റാണയ്ക്കെതിരെ ഇഡി നടപടിയെടുത്തത്. നേരത്തെ റാണാ അയൂബിന് ഇഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തിരുന്നു.

2020 ഏപ്രിൽ മുതൽ കെറ്റോ പ്ലാറ്റ്‌ഫോമിൽ റാണ അയൂബ് മൂന്ന് ധനസമാഹരണ ചാരിറ്റി ക്യാംപെയ്നുകൾ ആരംഭിക്കുകയും മൊത്തം 2,69,44,680 രൂപ സമാഹരിക്കുകയും ചെയ്തുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ചേരി നിവാസികൾ, കർഷകർ എന്നിവർക്ക് വേണ്ടിയും അസം, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇന്ത്യയിൽ കോവിഡ് -19 മഹാമാരി ബാധിച്ചവരെ സഹായിക്കാൻ എന്ന പേരിലുമാണ് ധനസമാഹരണ ക്യാംപെയ്നുകൾ സംഘടിപ്പിച്ചത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമാഹരിച്ച പണം റാണാ അയൂബിന്റെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും പിന്നീട് റാണയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമാണ് ഇഡിയുടെ ആരോപണം. 50 ലക്ഷം രൂപ സ്ഥിരനിക്ഷേപമായും 50 ലക്ഷം രൂപ പുതിയ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 29 ലക്ഷം രൂപ മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ കൂടുതൽ പണം തട്ടിയെടുക്കുന്നതിനായി വ്യാജ ബില്ലുകൾ സമർപ്പിച്ചുവെന്നും ഇഡി ആരോപിച്ചു. 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം കൂടാതെ 1.77 കോടി രൂപയുടെ നിക്ഷേപങ്ങളും ഇഡി കണ്ടുകെട്ടിയിരുന്നു.

2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് റാണാ അയൂബ് വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിച്ചതെന്നും ചാരിറ്റിയുടെ മറവില്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 2.69 കോടി രൂപ ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ നിരന്തര വിമര്‍ശകയാണ് റാണാ അയൂബ്. തനിക്കെതിരെ ചുമത്തിയ സാമ്പത്തിക തിരിമറി കേസ് തീര്‍ത്തും ദുരുദ്ദേശപരമാണെന്നും റാണാ അയൂബ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in