'ആശ' ഗർഭിണി അല്ല : 'വിശേഷ' 
 വാർത്ത നിഷേധിച്ച് അധികൃതർ

'ആശ' ഗർഭിണി അല്ല : 'വിശേഷ' വാർത്ത നിഷേധിച്ച് അധികൃതർ

കഴിഞ്ഞ ദിവസമാണ് നമീബിയയിൽ നിന്നെത്തിച്ച ചീറ്റ ആശ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റ 'ആശ' ഗർഭിണി അല്ലെന്ന് അധികൃതർ. കഴിഞ്ഞ ദിവസമാണ് ആശ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. വാർത്തകൾ സത്യമല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗശാല അധികൃതർ. ഏതെങ്കിലും ഒരു പെൺ ചീറ്റ ഗർഭിണിയാണെന്ന വാർത്തയെ സാധൂകരിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് മധ്യപ്രദേശ് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ജെ എസ് ചൗഹാൻ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആശ, ഗർഭലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കുനോയിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. ചീറ്റയുടെ പെരുമാറ്റ, ശാരീരിക, ഹോർമോൺ ലക്ഷണങ്ങള്‍ വെച്ചായിരുന്നു ഇങ്ങനെയൊരു സംശയം. എന്നാല്‍ ഇതുറപ്പിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കേണ്ടതുണ്ട് എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വാർത്ത ശരിയാണെങ്കിൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാവും ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നത്. അതിനാല്‍ തന്നെ ഈ 'വിശേഷ'ത്തിന് വലിയ വാർത്താപ്രാധാന്യം കിട്ടി. എന്നാൽ നമീബിയയിൽ നിന്ന് ചീറ്റയെ നൽകിയ ഏജൻസി വാർത്ത സ്ഥിരീകരിച്ചിരുന്നില്ല.

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡീനും സീനിയർ സയന്റിസ്റ്റും ആയ ഡോക്ടർ യാദവേന്ദ്രദേവ് വി ഝാലയുടെ അഭിപ്രായമനുസരിച്ച്, ഒൻപത് റിസേർച്ചേഴ്‌സ് മുഴുവൻ സമയം ചീറ്റകളെ നിരീക്ഷിക്കുന്നുണ്ട്. ചീറ്റ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എട്ട് ചീറ്റകളിലും അൾട്രാസോണോഗ്രാഫി പരിശോധന നടത്തിയിട്ടുണ്ട്

ഈ മാസങ്ങളിൽ ചീറ്റകൾ ക്വാറന്റൈനിൽ ആയതിനാൽ അവർക്ക് വെവ്വേറെ സംവിധാനങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. അതിനാൽ കുനോയിൽ എത്തിച്ച ശേഷം ഏതെങ്കിലും ചീറ്റകൾ ഇണചേർന്നിട്ടില്ല. ഒക്ടോബർ 17 ന് ശേഷം മാത്രമേ ചീറ്റകളെ സ്വതന്ത്രമായ ആവാസവ്യവസ്ഥയിലേക്ക് മാറ്റുകയുള്ളു. അപ്പോൾ മാത്രമേ അവർ സ്വന്തമായി ഇര തേടാൻ ആരംഭിക്കുകയുള്ളു. അവരുടെ ആരോഗ്യനിലയും സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും പാകപ്പെടുന്നത് വരെ ചീറ്റകൾ ക്വാറന്റൈനില്‍ തുടരും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിൽ ആണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും ആണ് കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചിരുന്നത്. 1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചത്. ഇതിന് ശേഷം ചീറ്റ വംശം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.

logo
The Fourth
www.thefourthnews.in