സമുദ്ര നിരപ്പുയരുന്നത് ആശങ്ക;
ചെന്നൈ, കൊൽക്കത്ത നഗരങ്ങളെ കാത്തിരിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയോ? ഗവേഷണ റിപ്പോർട്ട്

സമുദ്ര നിരപ്പുയരുന്നത് ആശങ്ക; ചെന്നൈ, കൊൽക്കത്ത നഗരങ്ങളെ കാത്തിരിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയോ? ഗവേഷണ റിപ്പോർട്ട്

'നേച്ചർ ക്ലൈമറ്റ് ചേഞ്ച്' എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

സമുദ്രനിരപ്പ് ഉയരുന്നത് ചില ഏഷ്യൻ നഗരങ്ങളെയും, പടിഞ്ഞാറൻ ഉഷ്ണമേഖലാ പസഫിക് ദ്വീപുകളെയും, പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തെയും ബാധിക്കുമെന്ന് ഗവേഷണ റിപ്പോർട്ട്. 'നേച്ചർ ക്ലൈമറ്റ് ചേഞ്ച്' എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ഉയർന്ന അളവിലുള്ള പുറന്തള്ളൽ ഇനിയും തുടരുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത, യാങ്കോൺ, ബാങ്കോക്ക്, ഹോ ചിമിൻ സിറ്റി, മനില എന്നീ നഗരങ്ങൾ 2100-ഓടെ ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിദത്തമായതിന് വിപരീതമായി സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു പഠനം.

സമുദ്രനിരപ്പിന്റെ ഉയർച്ച പ്രാദേശികമായി വ്യത്യാസപ്പെടുമെന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്

ലോകമെമ്പാടുമുള്ള സമുദ്രനിരപ്പ് വിലയിരുത്തിയാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. സമുദ്രത്തില്‍ വെള്ളം ചൂടാകുമ്പോൾ വികസിക്കുകയും അതിന്റെ ഫലമായി മഞ്ഞുപാളികൾ ഉരുകുകയും കൂടുതൽ വെള്ളം എത്തുകയും ചെയ്യുന്നു. എന്നാൽ, സമുദ്രനിരപ്പിന്റെ ഉയർച്ച പ്രാദേശികമായി വ്യത്യാസപ്പെടുമെന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്. കാരണം, സമുദ്ര പ്രവാഹങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ വടക്കുകിഴക്കൻ ഭാഗത്ത്, യുഎസ് ഉൾപ്പെടെയുള്ള ചില തീരപ്രദേശങ്ങളിലേക്ക് കൂടുതൽ ജലപ്രവാഹം ഉണ്ടാകാൻ കാരണമാകും. എൽ നിനോ പോലുള്ള പ്രതിഭാസങ്ങള്‍ കാരണമോ മറ്റോ സ്വാഭാവികമായി സംഭവിക്കുന്ന സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകളെ ആന്തരിക കാലാവസ്ഥാ വ്യതിയാനം എന്നാണ് പഠനത്തിൽ പറയുന്നത്.

ആഭ്യന്തര കാലാവസ്ഥാ വ്യതിയാനം അമേരിക്കയുടെയും ഓസ്‌ട്രേലിയയുടേയും പടിഞ്ഞാറൻ തീരങ്ങളിൽ സമുദ്രനിരപ്പ് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നുണ്ട്

ആഗോള കാലാവസ്ഥയെ പറ്റി നടത്തിയ വിവിധ പഠനങ്ങൾ , കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശങ്ങളിലെ സമുദ്രനിരപ്പ് എത്രത്തോളം ഉയരുമെന്നും താഴുമെന്നും കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിയുമെന്നാണ് വ്യക്തമാക്കുന്നത്. സാധാരണ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നതിനേക്കാൾ ഓരോ പ്രദേശത്തെയും ആഭ്യന്തര കാലാവസ്ഥാ വ്യതിയാനങ്ങളാല്‍ സമുദ്രനിരപ്പ് ഉയരാൻ 20-30 ശതമാനം വരെ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതിശക്തമായ വെള്ളപ്പൊക്കങ്ങൾക്ക് ഇത് കാരണമാകാം. ആഭ്യന്തര കാലാവസ്ഥാ വ്യതിയാനം അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ സമുദ്രനിരപ്പ് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in