തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ

തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ഒ ബി സി വിഭാഗമായ സാഹു സമുദായത്തെ ബി ജെ പി ലക്ഷ്യംവയ്ക്കുമ്പോള്‍ കുര്‍മി- യാദവ്- മരാര്‍- അഗ്രിയ പട്ടേല്‍- കേവട്ട് വിഭാഗങ്ങളെ കൂടെനിര്‍ത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്

അടുത്ത മാസം അഞ്ചിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഏക സംസ്ഥാനമാണ് ഛത്തിസ്‌ഗഡ്. 15 വര്‍ഷത്തെ ബി ജെ പിയുടെ തുടര്‍ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. തങ്ങളുടേതായിരുന്ന ഗോത്ര ഭൂരിപക്ഷ സംസ്ഥാനം തിരിച്ചുപിടിക്കാന്‍ ബി ജെ പി സകല അടവും പയറ്റുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയ്ക്കുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനും രണ്ടാം ഘട്ടം 17നുമാണ്.

ബി ജെ പിയുടെ ദേശീയത വാദത്തെ 'ഛത്തീസ്ഗഡുകാരന്‍' എന്ന പ്രാദേശികവാദത്തിലൂടെ നേരിടാനാണ് ബാഗേല്‍ ശ്രമിക്കുന്നത്

തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇനിയുമൊരു അഞ്ചുവര്‍ഷത്തേക്ക് ഭരണത്തില്‍ത്തന്നെ തുടരാനുള്ള സകല ശ്രമങ്ങളും അറുപത്തി രണ്ടുകാരനായ ഭൂപേഷ് ബാഗേല്‍ നടത്തുന്നുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിക്കൊടുത്ത അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു ബാഗേല്‍. ആകെയുള്ള 90ല്‍ 68 സീറ്റും നേടിയായിരുന്നു കോണ്‍ഗ്രസിന്റെ ജയം. അതിനുശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു എന്നതിനപ്പുറത്തേക്ക് കോണ്‍ഗ്രസിന് ഒരുതരത്തിലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ 71 സീറ്റാണ് കോണ്‍ഗ്രസിന്, ബിജെപിക്കാകട്ടെ 14ഉം.

ഭരണം നിലനിര്‍ത്തുമോ കോണ്‍ഗ്രസ്?

തുടര്‍ഭരണത്തില്‍ കണ്ണുനട്ടിരിക്കുന്ന ഭൂപേഷ് ബാഗേല്‍, ഗ്രാമീണജനതയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തന്റെ കര്‍ഷക സൗഹൃദ പദ്ധതികളിലാണ് മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷക വായ്പകള്‍ എഴുതള്ളിയത് മുതല്‍ രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന, ഗോധന്‍ ന്യായ യോജന (ചാണക സംഭരണ പദ്ധതികള്‍), രാജീവ് ഗാന്ധി ഗ്രാമീണ്‍ ഭൂമിഹിന്‍ കൃഷി മസ്ദൂര്‍ കൃഷി ന്യായ് യോജന വരെ നീളുന്നു ആ പട്ടിക. സംസ്ഥാനത്തിന്റെ മുഖ്യവിളയായ നെല്ല്, കര്‍ഷകരില്‍നിന്ന് ക്വിന്റലിന് 2,500 രൂപയ്ക്ക് വാങ്ങുന്ന പദ്ധതിയായിരുന്നു രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന. ഗ്രാമീണ മേഖലകളിലുള്ള 65ഓളം സീറ്റിലെ വോട്ടര്‍മാരെ ഈ പദ്ധതികള്‍ നേരിട്ടും അല്ലാതെയും സഹായിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ
ഹിന്ദുത്വ കാർഡിനെ മറികടക്കാൻ പിന്നാക്കസംവരണ രാഷ്ട്രീയത്തിനാകുമോ? മധ്യപ്രദേശില്‍ ബി ജെ പിയും കോൺഗ്രസും നേര്‍ക്കുനേര്‍

ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ ഒ ബി സി വിഭാഗമായ സാഹു സമുദായത്തെ ബി ജെ പി ലക്ഷ്യംവയ്ക്കുമ്പോള്‍ കുര്‍മി- യാദവ്- മരാര്‍- അഗ്രിയ പട്ടേല്‍- കേവട്ട് വിഭാഗങ്ങളെ കൂടെനിര്‍ത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ബാഗേല്‍ കുര്‍മി വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. കൂടാതെ പരമ്പരാഗത ഗോത്ര വോട്ടുകളും കോണ്‍ഗ്രസിനൊപ്പമുണ്ട്.

ആദിവാസി വോട്ടുകള്‍ ഭദ്രമാക്കാന്‍ ടെണ്ടു (വെറ്റിലയുടെ മറ്റൊരു ഇനം) ഇല പറിക്കുന്നവരുടെ കൂലി വര്‍ധിപ്പിച്ചതിന് പുറമെ സര്‍ക്കാര്‍ സംഭരിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ പട്ടിക വിപുലീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വടക്ക്- തെക്ക് മേഖലകളില്‍ ഗോത്രവര്‍ഗക്കാര്‍ ആദരിക്കുന്ന ദേവഗുഡികളുടെ സൗകര്യ വികസനത്തിനും ബാഗേല്‍ സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിരുന്നു. ഇതോലൂടെ ഗോത്ര മേഖലയിലെ വോട്ട് ചോരാതെ പോക്കറ്റിലാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

ബി ജെ പിയുടെ ദേശീയത, തീവ്ര ഹിന്ദുത്വ കാര്‍ഡുകള്‍ക്ക് തടയിടാനും ബാഗേല്‍ കൃത്യമായി വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. ബി ജെ പിയുടെ ദേശീയത വാദത്തെ 'ഛത്തീസ്ഗഡുകാരന്‍' എന്ന പ്രാദേശികവാദത്തിലൂടെ നേരിടാനാണ് ബാഗേല്‍ ശ്രമിക്കുന്നത്. ഛത്തീസ്ഗഡ് ഭാഷ, പാചകരീതി, കല, ഉത്സവങ്ങള്‍, കായിക വിനോദങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വലിയൊരു സാംസ്‌കാരിക പദ്ധതിക്കാണ് ഇതിലൂടെ ബാഗേല്‍ തന്റെ ഭരണകാലത്ത് രൂപം നല്‍കിയത്.

കൂടാതെ മൃദു ഹിന്ദുത്വ കാര്‍ഡിറക്കി ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാനും ബാഗേല്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി രാമന്‍ തന്റെ വനവാസക്കാലത്ത് സഞ്ചരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാതയുടെ ഛത്തീസ്ഗഡിലെ പ്രദേശങ്ങള്‍ വികസിപ്പിക്കാനും ബാഗേല്‍ ഉത്തരവിട്ടിരുന്നു. 'റാം വന്‍ ഗമന്‍ പാത' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പശുവിനെ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്ന് പണം നല്‍കി ചാണകം വാങ്ങുന്ന ഗോധന്‍ ന്യായ് യോജനയും ബാഗേല്‍ നടപ്പാക്കിയിരുന്നു.

ബി ജെ പി സാധ്യതകള്‍

കോണ്‍ഗ്രസ് സര്‍ക്കാരിലെ പല എം എല്‍ എമാര്‍ക്കെതിരെയും ഭരണവിരുദ്ധ വികാരം ഛത്തീസ്ഗഡില്‍ പ്രകടമാണ്. ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഴിമതി, മദ്യ വില്‍പ്പനയിലെ തട്ടിപ്പ്, കല്‍ക്കരി കുംഭകോണം തുടങ്ങി നിരവധി അഴിമതി കേസുകളും ബാഗേല്‍ സര്‍ക്കാരിനെതിരെ നിലവിലുണ്ട്. ഇവ വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒപ്പം കോണ്‍ഗ്രസിനുള്ളില്‍ ഭൂപേഷ് ബാഗേലിനും ഉപമുഖ്യമന്ത്രി ടി എസ് സിങ്ഡിയോയ്ക്കും ഇടയിലുള്ള അസ്വാരസ്വങ്ങളും ബിജെപിക്ക് ഗുണമായേക്കും. ഇരുനേതാക്കള്‍ക്കും ഇടയില്‍ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും മുറുമുറുപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, ക്രൈസ്തവരായ ഗോത്ര വിഭാഗങ്ങളെ തഴയുന്നത് എന്നീ വിഷയങ്ങളും സർക്കാരിനെതിരെ ബി ജെ പി ഉയർത്തികാട്ടുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആം ആദ്മി പാര്‍ട്ടിയും സര്‍വ ആദിവാസി സമാജ് സ്ഥാനാര്‍ത്ഥികളും കൂടി എത്തുന്നത് കോണ്‍ഗ്രസിന്റെ വോട്ട് വിഭജിക്കാന്‍ കാരണമാകുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.

അതേസമയം, ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എടുത്തുകാട്ടാനില്ലാത്ത ബി ജെ പിക്ക് തിരിച്ചടിയായേക്കും. 2018ലെ തിരഞ്ഞെടുപ്പ് തോല്‍വിയോടെ രമണ്‍ സിങ് യുഗം ഏതാണ്ട് അവസാനിച്ച മട്ടാണ്. അതുകൊണ്ടുതന്നെ രണ്ടാം നേതൃനിരയെ ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ചില അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കഴിഞ്ഞ തവണ പത്ത് ശതമാനം മാത്രം വോട്ട് നേടാനേ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളൂവെന്ന വസ്തുതയും ബി ജെ പിക്ക് മുന്നിലുണ്ട്. 42 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസ് നേടിയത്.

logo
The Fourth
www.thefourthnews.in