വനഭൂമി വെട്ടിത്തെളിച്ച് കൽക്കരി ഖനനം: അതിജീവനത്തിനായുള്ള ഛത്തീസ്ഗഢിലെ ആദിവാസി സമരത്തിന് ഒരു വയസ്സ്

വനഭൂമി വെട്ടിത്തെളിച്ച് കൽക്കരി ഖനനം: അതിജീവനത്തിനായുള്ള ഛത്തീസ്ഗഢിലെ ആദിവാസി സമരത്തിന് ഒരു വയസ്സ്

നിബിഢവനങ്ങൾ വെട്ടിത്തെളിച്ച് ഓപ്പൺ കാസ്റ്റ് മൈനിങ് നടത്താനുള്ള അനുമതിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്

ഛത്തീസ്ഗഢിലെ നിബിഢ വനമേഖലയായ ഹസ്ദേവ് വനഭൂമിയിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾ ഒരു വർഷമായി നിലനിൽപ്പിനായുള്ള സമരത്തിലാണ്. 1,70,000 ഹെക്ടര്‍ വനഭൂമി വെട്ടിനിരത്തി കല്‍ക്കരി ഖനനം നടത്താനൊരുങ്ങുന്ന ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പിനെതിരെയാണ് അവരുടെ സമരം. നിലവിലുള്ളതും ഇനി വരാനുള്ളതുമായ ഖനന പ്രക്രിയകൾ തങ്ങളുടെ കാടിനെ ഇല്ലാതാക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം.

ഇന്ത്യയിലെ വളരെ സ്വഭാവികവും വിശാലവുമായ ചുരുക്കം ചില വനപ്രദേശങ്ങളിൽ ഒന്നാണ് ഹസ്ദേവ്. 1,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ വനം പല അപൂർവ സസ്യ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്. സംസ്ഥാനത്തെ വടക്കന്‍-മധ്യ മേഖലകളിലൂടെ ഒഴുകുന്ന നദികളുടെ പ്രഭവകേന്ദ്രം കൂടിയാണ് ഈ വനം.

ഏകദേശം 500 കോടി ടണ്ണോളം കൽക്കരി ശേഖരം ഈ വനത്തിലുണ്ടെന്നാണ് കണക്കുകൾ. ഉപരിതലത്തോട് വളരെ അടുത്ത കിടക്കുന്ന ഈ കൽക്കരി വളരെ എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാം. സർക്കാർ ഈ വനമേഖലകളെ 23 കോൾ ബ്ലോക്കുകൾ ആയി തിരിച്ചിട്ടുണ്ട്. ഇതിൽ ആറ് ബ്ലോക്കുകളിലാണ് ഖനനത്തിന് അനുമതിയുള്ളത്. ഇതിൽ നിരവധി ഗോത്രസമൂഹങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങൾ ഉൾപ്പെടുന്ന നാല് ബ്ലോക്കുകൾ ഖനനം നടത്താനുള്ള കരാറുകൾ ഏറ്റെടുത്തിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. പര്‍സ ഈസ്റ്റ്, കേറ്റ് ബസന്‍, ചോട്ടിയ 1, 2 എന്നീ ബ്ലോക്കുകളിൽ ഖനനം നടന്നുകൊണ്ടിരിക്കുന്നു.

പുതിയ കൽക്കരി ഖനന ബ്ലോക്കുകൾ നിർമിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ ഗ്രാമവാസികൾ പ്രതിഷേധിക്കാൻ തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. എന്നാൽ ഈ പ്രതിഷേധങ്ങളെ കണ്ട ഭാവം നടിക്കാതെയും പ്രാദേശിക ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന സർക്കാരിന്റെ തന്നെ ഗവേഷണ ഏജൻസിയുടെ മുന്നറിയിപ്പുകളും കടുത്ത പ്രതിരോധവും അവഗണിച്ചുകൊണ്ട് ഖനി തുടങ്ങാനുള്ള അന്തിമ അനുമതി കഴിഞ്ഞ വർഷം മാർച്ചിൽ അദാനി ഗ്രൂപ്പിന് ലഭിച്ചു. നിബിഢ വനങ്ങൾ വെട്ടിത്തെളിച്ച് ഓപ്പൺ കാസ്റ്റ് മൈനിങ് നടത്താനുള്ള അനുമതിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുള്ളത്. ഭരണകക്ഷിയായ ബിജെപിയുമായുള്ള അദാനി ബന്ധത്തിന്റെ അന്തർധാരയെക്കുറിച്ച് ഏറെ കേട്ടതാണെങ്കിലും ഇവിടെ അദാനി ഗ്രൂപ്പിന് ഖനന അനുമതി നൽകിയത് ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരാണ്.

വനഭൂമി ഇല്ലാതാക്കി ഖനനം നടത്തുന്നത് മൂലമുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ലെമ്രു എലിഫന്റ് റിസർവ് കൂടിയുള്ള പ്രദേശത്തുനിന്ന് ആനയടക്കമുള്ള ലക്ഷക്കണക്കിന് ജന്തുജാലങ്ങൾ അപ്രത്യക്ഷമാകും. ആദിവാസി വിഭാഗങ്ങളിൽ പെട്ട ആയിരക്കണക്കിന് മനുഷ്യർ കുടിയിറക്കപ്പെടും. പരിസ്ഥിതികമായുള്ള പ്രത്യാഘാതങ്ങൾക്ക് പുറമെയാണ് ഇവ.

വനഭൂമി ഇല്ലാതാക്കി ഖനനം നടത്തുന്നത് മൂലമുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ലെമ്രു എലിഫന്റ് റിസർവ് പ്രദേശത്തുനിന്ന് ആനയടക്കമുള്ള ലക്ഷക്കണക്കിന് ജന്തു ജാലങ്ങൾ അപ്രത്യക്ഷമാകും. ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ കുടിയിറക്കപ്പെടും

മൈനിങ് നടത്താനുള്ള അനുമതിക്ക് പിന്നാലെയാണ് ഗ്രാമവാസികളുടെ സമരം ശക്തമാകുന്നത്. ഹരിഹർപൂർ ഗ്രാമത്തിലേക്കുള്ള വഴിയിൽ എല്ലാ ദിവസവും സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളായ ഫത്തേപൂർ, ഗട്ബറ, സൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമീണർ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തുന്നു. ഹസ്ദേവ് വനഭൂമിയിൽ നിലവിലുള്ളതും ഇനി വരാൻ പോകുന്നതുമായ ഖനന നടപടികൾക്കെതിരായാണ് ഗ്രാമവാസികളുടെ പ്രതിഷേധം.

ഗ്രാമസഭയുടെ അനുമതിയില്ലാതെയാണ് ഭൂമിയേറ്റെടുക്കൽ ആരംഭിച്ചതെന്നാണ് ഇവരുടെ പ്രധാന ആരോപണം. പാർസയിലെ കൽക്കരി ഖനനത്തിനായുള്ള പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കുവേണ്ടി സമർപ്പിച്ചതില്‍ വ്യാജ രേഖകളും തെറ്റായ വിവരങ്ങളുമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ്, രാജ്യത്തെ നിയമത്തിന് അനുസൃതമായി തന്നെയാണ് നടപടികളുമായി മുന്നോട്ടുപോയതെന്ന് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും വരാന്‍ പോകുന്നതുമായ ഖനികളുടെ ഓഹരിയുടമകളായ രാജസ്ഥാൻ രാജ്യ വിദ്യുത്പാദൻ നിഗം (RRVN) ഇക്കാര്യങ്ങളിൽ കൃത്യമായ രീതിയിൽ തന്നെയാണ് നടപടികളെടുത്തതെന്ന് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഗ്രാമസഭകളുടെ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെട്ടുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഗ്രാമീണർ. ഈ ലംഘനങ്ങൾക്കെതിരെ ജില്ലാ ഭരണകൂടത്തിന് മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവർ ചേർന്ന് അപേക്ഷ നൽകിയിട്ടുണ്ട്. 2021 ൽ സര്‍ഗുജ, കോര്‍ബ ജില്ലകളിലെ 30 ഗ്രാമങ്ങളിലെ താമസക്കാരായ 350 ലധികം പേര്‍ തലസ്ഥാനമായ റായ്പൂരിലേക്ക് ലോങ്ങ് മാർച്ച് നടത്തിയിരുന്നു. എന്നാൽ ഗ്രാമവാസികള്‍ക്കിടയില്‍ തന്നെ അദാനി ഗ്രൂപ്പിന്റെ പദ്ധതികളെ പിന്തുണക്കുന്ന ആളുകളുമുണ്ട്.

വികസനം വരുമ്പോള്‍ അൽപ്പം നാശനഷ്ടങ്ങൾ ഒക്കെ ഉണ്ടാവുമെന്നാണ് നിലവിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന യുവാക്കള്‍ പറയുന്നത്. കൽക്കരി ഖനികൾ ജില്ലയിൽ 15,000 ത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഇവർ അവകാശപ്പെടുന്നു. ഗ്രാമങ്ങളിൽ സ്കൂളുകൾ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ വന്നത് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആണെന്നും ഇവർ പറയുന്നു. എന്നാൽ ഇതെല്ലാം ഗ്രാമവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള മാർഗങ്ങൾ മാത്രമായിരുന്നുവെന്നാണ് പ്രക്ഷോഭക്കാരുടെ ആരോപണം. തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രതിരോധം കൈവിട്ട് പോകാതിരിക്കാനും കമ്പനി വനത്തിലുടനീളമുള്ള ഗ്രാമങ്ങളിലെല്ലാം യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ ഗോത്രവർക്കാരുടെ സമരത്തിൽ ചില സുപ്രധാനമായ ഇടപെടലുകളുണ്ടായി. രാഹുൽ ഗാന്ധി ഈ മേഖലയിൽ ഖനനം അനുവദിക്കാനുള്ള സ്വന്തം പാർട്ടി സർക്കാരിന്റെ തീരുമാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരു വൃക്ഷമെങ്കിലും വെട്ടിമാറ്റിയാൽ പ്രതിഷേധം രൂക്ഷമാകുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. പിന്നാലെ തന്നെ ഖനന അനുമതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര സർക്കാരിന് കത്തെഴുതി.

എന്നാൽ ഇതും ഒരു തന്ത്രം മാത്രമാണെന്ന് സാമൂഹ്യ പ്രവർത്തകർ അവകാശപ്പെടുന്നു. അനുമതി പിൻവലിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനത്തിന് തന്നെയുണ്ട്, കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല എന്നാണവർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ഖനനത്തിനെതിരെ എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉതകുന്നതല്ലെന്നാണ് കോടതിയുടെ നിലപാട്. പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ തന്നെയാണ് ഇവർ.

logo
The Fourth
www.thefourthnews.in