തക്കാളിക്ക് തൊട്ടാൽ പൊള്ളുന്ന വില, കാരണമെന്ത്?

തക്കാളിക്ക് തൊട്ടാൽ പൊള്ളുന്ന വില, കാരണമെന്ത്?

പെരുന്നാള്‍ ദിനത്തിലും പച്ചക്കറി വില കുതിച്ചു തന്നെ; കാരണം കാലാവസ്ഥാ വ്യതിയാനവും 'എൽ നിനോ'യും

പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റം രാജ്യത്ത് ജനജീവിതം ദുഃസഹമാക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന തരത്തിലാണ് അവശ്യവസ്തുക്കളുടെ വില കുതിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിയുടെ വിലയിൽ മൂന്നിരട്ടിയോളം വർധനയാണ് ഉണ്ടായത്.

ഉപഭോക്തൃ- ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ മുതൽ അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, തുവര പരിപ്പ്, തേയില, പഞ്ചസാര, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യ വസ്തുക്കളുടെ ചില്ലറ വിൽപ്പന വില കുത്തനെ ഉയർന്നിട്ടുണ്ട്.

തക്കാളിയുടെ വിലയാണ് ഇതില്‍ സാധാരണക്കാരെ വലയ്ക്കുന്നത്. സാധാരണത്തേതിനേക്കാള്‍ അഞ്ചിരട്ടി വരെയാണ് തക്കാളിക്ക് വില കൂടിയിരിക്കുന്നത്. രാജ്യത്തുടനീളം തക്കാളിക്ക് കിലോയ്ക്ക് വില 60 രൂപ തൊട്ട് 100 രൂപയ്ക്ക് മുകളിൽ ആയി. സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ ജനങ്ങൾ ഇതിനെതിരെ പ്രതിഷേധ ശബ്ദമുയർത്തുന്നുണ്ട്.

എന്തുകൊണ്ടാണ് തക്കാളിയുടെ വില കൂടുന്നത്?

മൺസൂൺ തുടങ്ങിയതിന് ശേഷമാണ് തക്കാളിക്കും മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കും വില കൂടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ 16% കുറവ് മഴയാണ് ലഭിച്ചത്. മൺസൂണിന് മുൻപുണ്ടായിരുന്ന കനത്ത ചൂടും കീടങ്ങളുടെ ആക്രമണവും കൃഷിയെ ബാധിച്ചു. ഇതിന് ശേഷം ഉത്തരേന്ത്യയിൽ ഉണ്ടായ കനത്ത മഴയും കാർഷിക ഉത്പന്നങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. ഇത്തരത്തില്‍ കാലാവസ്ഥയിലെ അസന്തുലിതാവസ്ഥ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ജൂണ് 26 ന് വിപണികളിലുടനീളം തക്കാളിയുടെ ശരാശരി വില ക്വിന്റലിന് 4,011 രൂപയായിരുന്നു. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാള്‍ 66 ശതമാനം കൂടുതലാണ്.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെ വില ഉയരാൻ കാരണമായതെന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിങ്ങ് പറയുന്നത്

'എൽ നിനോ' മറ്റൊരു ഘടകം

കിഴക്കൻ പസഫിക് സമുദ്രത്തിൽ അസാധാരണമായി താപനില ഉയരുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയും വിലക്കയറ്റത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് . ഇത് മഴയുടെ ലഭ്യത കുറയുന്നതിന് കാരണമാകും. കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന എൽ നിനോ വർഷമാണ് ഇതെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഖാരിഫ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വിളയായ നെല്ലിനാണ് എൽ നിനോ ഏറ്റവും ഭീഷണി ഉയർത്തുന്നത്.

കാലവർഷം വൈകിയതിനെത്തുടർന്ന് നെൽകൃഷിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം കുറവുണ്ട്. കേന്ദ്രത്തിലെ അരിയുടെ സ്റ്റോക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നെല്ലിന്റെ ശരാശരി വിപണി വില പ്രതിവർഷം 9% വർധിച്ചിട്ടുണ്ട്.

തക്കാളിക്ക് തൊട്ടാൽ പൊള്ളുന്ന വില, കാരണമെന്ത്?
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള സീസണൽ ഘടകങ്ങളാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിങ്ങിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പല സമയത്താണ് തക്കാളി ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ലോജിസ്റ്റിക്സ് പരിമിതികള്‍ മൂലം ഇത് എല്ലായിടത്തും കൃത്യമായി എത്തിക്കാൻ സാധിക്കാറില്ല. പലയിടങ്ങളിലും ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ തക്കാളി അഴുകി നശിക്കും. കടുത്ത വേനലിൽ ഉത്തരേന്ത്യയിൽ കർഷകർ ഗതാഗത തടസം നേരിട്ടിരുന്നതായും അദ്ദേഹം വക്തമാക്കി.

സംസ്ഥാനത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. പെരുന്നാളിനും പച്ചക്കറി വിലയില്‍ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം തക്കാളിയുടെ വില 100 രൂപയിലധികമായിരുന്നു. കഴിഞ്ഞ ആഴ്ച 50 രൂപയിലായിരുന്ന തക്കാളി വില ഞൊടിയിടയിലാണ് കുതിച്ചത്. തക്കാളിക്ക് പുറമെ, ഉരുളക്കിഴങ്ങിനും സവാളയ്ക്കും കഴിഞ്ഞ മാസത്തേക്കാൾ 10 ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെയാണ് ബാധിക്കുന്നത്.

മൊത്ത വിപണിയിലും ചില്ലറ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. പച്ചക്കറിയുടെ ലഭ്യതക്കുറവും വ്യാപാരികള് എടുത്തുപറയുന്നു.അടുത്തിടെ വിലയിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇത് കച്ചവടത്തെ ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് ചില്ലറ വ്യാപാരികള്‍.

logo
The Fourth
www.thefourthnews.in