മുസ്ലീം വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു

മുസ്ലീം വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു

ഈ നാട്ടിൽ ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇതൊക്കെ നേരിടുന്നതും തമാശയല്ല സാർ എന്ന് വിദ്യാർത്ഥി പറയുന്നതായി വീഡിയോയിൽ കാണാം.

ക്ലാസിൽ വെച്ച് മുസ്ലീം വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ് ക്ലാസ്സ് എടുക്കുന്നതിനിടെ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിദ്യാർത്ഥിയോട് പേര് ചോദിച്ച അധ്യാപകൻ, ഒരു മുസ്ലീം പേര് കേട്ടപ്പോൾ, "ഓ, നിങ്ങൾ കസബിനെപ്പോലെയാണ്'' എന്ന് പറയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോയിൽ, വിദ്യാർത്ഥി അധ്യാപകനെ നേരിടുന്നതും കാണാം. ഒരു തീവ്രവാദിയുമായി താരതമ്യപ്പെടുത്തി തന്റെ മതത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥി ശക്തമായി വാദപ്രതിവാദത്തിലേർപ്പെടുന്നുണ്ട്.

26/11 തമാശയല്ലെന്നായിരുന്നു വിദ്യാർത്ഥിയുടെ പ്രതികരണം. ''26/11 തമാശയല്ല. ഈ നാട്ടിൽ ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇതൊക്കെ നേരിടുന്നതും തമാശയല്ല സാർ. നിങ്ങൾക്ക് എന്റെ മതത്തെ കുറിച്ച് തമാശ പറയാനാവില്ല, അതും ഇത്രയും നിന്ദ്യമായ രീതിയിൽ. ഇത് തമാശയല്ല സർ''. വിദ്യാർത്ഥി പറയുന്നതായി വീഡിയോയിൽ കാണാം. നീ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ '' നിങ്ങൾ നിങ്ങളുടെ മകനോട് അങ്ങനെ സംസാരിക്കുമോ? നിങ്ങൾ അവനെ തീവ്രവാദി എന്ന് വിളിക്കുമോ?" എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.

എങ്ങനെയാണ് ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് എന്നെ അങ്ങനെ വിളിക്കുന്നത്? നിങ്ങൾ ഒരു അധ്യാപകനാണ്, നിങ്ങൾ പഠിപ്പിക്കുകയാണെന്ന് ഓർക്കണമെന്നും വിദ്യാർത്ഥി പറയുന്നു. അതിനിടെ അധ്യാപകൻ ക്ഷമ ചോദിക്കുന്നതായും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ അധ്യാപകനെ ഇൻസ്റ്റിറ്റ്യൂട്ട് സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിദ്യാർത്ഥിക്ക് കൗൺസിലിങ് നൽകിയതായും കോളേജ് അധികൃതർ അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപകനെ ക്ലാസുകളിൽ നിന്ന് ഡിബാർ ചെയ്തതായും ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർത്ഥിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in