'നിങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് ഭാര്യയുടെ അച്ഛന്റെ ആഗ്രഹം'; നാരായണ മൂർത്തിക്ക് വീർ ദാസിന്റെ പരിഹാസം

'നിങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് ഭാര്യയുടെ അച്ഛന്റെ ആഗ്രഹം'; നാരായണ മൂർത്തിക്ക് വീർ ദാസിന്റെ പരിഹാസം

നാരായണ മൂർത്തിയുടെ 'ആഴ്ചയിൽ 70 മണിക്കൂർ' തൊഴിൽ സംസ്‌കാര പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്

ഇന്ത്യയിൽ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. പരാമർശത്തെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ വീർ ദാസ്.

ജീവിതം പ്രയാസമേറിയതാണെന്നും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച പെൺകുട്ടിയുടെ അച്ഛന് നിങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു വീർ ദാസ് എക്‌സിൽ കുറിച്ചത്.

"ജീവിതം പ്രയാസമേറിയതാണ്. ഒരു പെൺകുട്ടിയെ കാണുന്നു, ഇഷ്ടപ്പെടുന്നു, വിവാഹം കഴിക്കുന്നു. എന്നാൽ, അവളുടെ അച്ഛന്റെ ആഗ്രഹം നിങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ്. നിങ്ങൾക്കത്രയും കഷ്ടപ്പെട്ട് ജോലി ചെയ്യാൻ കഴിയില്ല, ജീവിതം ആസ്വദിച്ച് ഇംഗ്ലണ്ടിലേക്ക് യാത്ര പോകാനാണ് താല്പര്യം," വീർ ദാസ് പരിഹസിച്ചു.

"ചെറുപ്പത്തിൽ ആഴ്ചയിൽ 1764875437 മണിക്കൂർ ജോലി ചെയ്തിരുന്നത് ഓർക്കുന്നുണ്ടോ?" തുടങ്ങിയ പരിഹാസ പോസ്റ്റുകളും വീർ ദാസ് എക്‌സിൽ പങ്കുവച്ചു.

'3വൺ2 ക്യാപിറ്റൽ' എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത 'ദ റെക്കോർഡ്' എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിലായിരുന്നു നാരായണ മൂർത്തിയുടെ വിവാദ പരാമർശം.

''ഇന്ത്യയിലെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി കുറക്കാതെ വികസിത രാജ്യങ്ങളോട് മത്സരിക്കാനാകില്ല. യുവാക്കാൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജർമനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാർ അധിക മണിക്കൂർ ജോലി ചെയ്യേണ്ടത് അത്യാവശ്യമാണ്,'' എന്നിങ്ങനെയായിരുന്നു ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി പരിപാടിയിൽ പറഞ്ഞത്.

രാഷ്ട്രനിർമാണം, സാങ്കേതികവിദ്യ, യുവാക്കളുടെ ക്ഷമത തുടങ്ങി വിവിധ വിഷയങ്ങളിലും നാരായണ മൂർത്തി തൻെറ അഭിപ്രായങ്ങൾ ഈ പരിപാടിയിൽ പങ്കുവച്ചിരുന്നു. നാരായണ മൂർത്തിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

'നിങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് ഭാര്യയുടെ അച്ഛന്റെ ആഗ്രഹം'; നാരായണ മൂർത്തിക്ക് വീർ ദാസിന്റെ പരിഹാസം
ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന നൽകി നന്ദൻ നിലേകനി; ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ബന്ധം 50 കൊല്ലം തികയുന്ന വേളയിൽ

സ്റ്റാൻഡ് അപ് കോമഡി പരാമർശങ്ങളിലൂടെ ഇതിനു മുൻപും വീർ ദാസ് വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ൽ അമേരിക്കയില്‍ നടത്തിയ ഒരു സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചു എന്നാരോപിച്ച് വീര്‍ ദാസിനെതിരെ ബി ജെ പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസെടുത്തിരുന്നു.

"സ്ത്രീകളെ പകല്‍ നേരങ്ങളില്‍ ആരാധിക്കുകയും രാത്രികാലങ്ങളില്‍ കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന ഇന്ത്യയില്‍നിന്നാണ് ഞാന്‍ വരുന്നത്," എന്ന വീര്‍ ദാസിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. സോഷ്യൽ മീഡിയയിലും വീര്‍ ദാസിനെതിരെ വ്യാപക ആക്രമണമാണ് അന്നുണ്ടായത്.

logo
The Fourth
www.thefourthnews.in