മദ്രസയും പള്ളിയും തകര്‍ത്തു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌

മദ്രസയും പള്ളിയും തകര്‍ത്തു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌

നാലു പേർ മരിക്കുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ബൻഭൂൽപുരയിൽ സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് മദ്രസ തകർത്ത സംഭവത്തിൽ സംഘർഷം രൂക്ഷമാകുന്നു. നാലുപേർ മരിക്കുകയും ഇരുന്നൂറ്റി അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തന്നെ നൈനിത്താൾ ജില്ലാ മജിസ്‌ട്രേറ്റ്‌ ബൻഭൂൽപുരയിൽ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു.

മദ്രസയും പള്ളിയും തകര്‍ത്തു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌
പാകിസ്താനില്‍ വോട്ടെടുപ്പിന് തുടക്കം; മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി

നൈനിത്താൾ ജില്ലയിലെ ഹൽദ്വാനിയിലെ ബൻഭൂൽപുരയിലാണ് സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമിച്ചെന്നാരോപിച്ച് മദ്രസയും ഭൂഗർഭ പള്ളിയും മുൻസിപ്പൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തകർത്തത്. ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

രാംനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. മൂന്നോ നാലോ പേർ മരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നൂറിലധികം പേർക്ക് പരുക്കേറ്റുവെന്നും ചൂണ്ടിക്കാണിച്ചാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും ഇന്റർനെറ്റ് വിച്ഛേദിച്ചതും സ്കൂളുകൾ അടച്ചിട്ടതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു.

സംഘർഷത്തിന്റെ ഭാഗമായി വ്യാപകമായി കല്ലേറുണ്ടായതായും വാഹനങ്ങൾ കത്തിച്ചതായുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മദ്രസ നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഇത് പൊളിച്ചുമാറ്റുമെന്ന് അറിയിച്ചുകൊണ്ട് നേരത്തെ നോട്ടീസ് നല്കിയിരുന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ അറിയിച്ചു.

ബൻഭൂൽപുര പോലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിൽ ആളുകൾ പോലീസിനുനേരെ വെടിയുതിർത്തതായും പ്രതിരോധിക്കാൻ പോലീസ് തിരിച്ച് വെടിവച്ചെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വെടിവെപ്പിൽ മൂന്നോ നാലോ പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പോലീസ് സ്റ്റേഷൻ കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആൾക്കൂട്ടമെന്നും അതിനെ പോലീസ് പ്രതിരോധിക്കുകയായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് വന്ദന പറയുന്നു.

മദ്രസയും പള്ളിയും തകര്‍ത്തു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌
ചരിത്ര ദിനം, പോരാട്ടം ഫെഡറലിസത്തെ സംരക്ഷിക്കാനെന്ന് പിണറായി; 'ഇന്ത്യ'വേദിയായി കേരള സമരം

ഇത് കരുതിക്കൂട്ടി നടത്തിയ അക്രമണമാണെന്നും കലാപകാരികൾ എല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. അക്രമിക്കാനാവശ്യമായ കല്ലുകളെല്ലാം നേരത്തെ തന്നെ ആളുകൾ ശേഖരിച്ചുവച്ചിരുന്നുവെന്നും എന്നാൽ സംഘർഷം മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കാതെ ബൻഭൂൽപുരയിൽ മാത്രമായി പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നതതല യോഗം വിളിച്ചു.

മദ്രസ പൊളിച്ചുമാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നെങ്കിലും തീരുമാനമാകാതിരുന്നതിനാൽ നടപടിയുമായി അധികൃതർ മുന്നോട്ടുപോവുകയായിരുന്നു. ഹർജി വീണ്ടും ഫെബ്രുവരി 14 നു പരിഗണിക്കാനിരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in