ഡല്‍ഹി സർവകലാശാലയിൽ സംവരണ അട്ടിമറി; എസ് സി വിഭാഗത്തിൽനിന്നുള്ളവർക്ക് നിയമനം നൽകിയില്ലെന്ന് പരാതി

ഡല്‍ഹി സർവകലാശാലയിൽ സംവരണ അട്ടിമറി; എസ് സി വിഭാഗത്തിൽനിന്നുള്ളവർക്ക് നിയമനം നൽകിയില്ലെന്ന് പരാതി

എസ് സി വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. എന്നാല്‍ മൂന്നുപേരേയും നിയമനം നല്‍കാതെ ഒഴിവാക്കി
Updated on
1 min read

ഡല്‍ഹി യൂണിവേഴ്‌സിറ്റി മലയാള അധ്യാപക നിയമനത്തില്‍ എസ് സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞതായി പരാതി. കഴിഞ്ഞ മാസം നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി നല്‍കിയില്ല. രണ്ട് ഒഴിവുകളിലേക്കായിരുന്നു നിയമനം. ഒരു തസ്തിക ഒബിസിയ്ക്കും മറ്റൊന്ന് എസ് സി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഒബിസി വാഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. എസ് സി വിഭാഗത്തില്‍ നിന്ന് മൂന്നുപേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. എന്നാല്‍ മൂന്നുപേരേയും നിയമനം നല്‍കാതെ ഒഴിവാക്കി.

'' ജൂണ്‍ രണ്ട്, എട്ട് തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഇന്റര്‍വ്യൂ നടന്നത്. ' രണ്ടാം തീയതി പ്രസന്റേഷന്‍ ആയിരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സ്ലൈഡ് തയ്യാറാക്കി പ്രസന്റേഷന് തയ്യാറായാണ് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് ഇന്റര്‍വ്യൂ തന്നെയാണ് നടക്കുന്നത് എന്നറിയുന്നത്. കേരളത്തില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന അധ്യാപകരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍. ടീച്ചിങ് എബിലിറ്റി പരിശോധിക്കുന്ന ഒന്നും നടന്നതുമില്ല. ഒബിസി കാറ്റഗറിയിലേക്ക് ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. അദ്ദേഹത്തിന് ടീച്ചിങ് ടെസ്റ്റ് നടത്തി. എന്നാല്‍ എസ് സി കാറ്റഗറിയില്‍ നിന്ന് പങ്കെടുത്ത മൂന്ന് പേര്‍ക്കും ടെസ്റ്റ് നടത്തിയതുമില്ല'' - എസ് സി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥി പി വി ബിജു ആരോപിച്ചു

ഒന്നാംഘട്ട ഇന്റര്‍വ്യൂവില്‍ എസ് സി വിഭാഗത്തിലുള്ളവര്‍ക്ക് കുറവ് മാര്‍ക്കാണ് ലഭിച്ചതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം. മൂന്ന് പേര്‍ പങ്കെടുത്തതില്‍ രണ്ട് പേര്‍ക്ക് 30ല്‍ 11 മാര്‍ക്കും ഒരാള്‍ക്ക് 12 മാര്‍ക്കുമാണ് ലഭിച്ചത്. രണ്ടാം ഘട്ട ഇന്റര്‍വ്യൂവില്‍ മൂന്ന് ഉദ്യോഗാര്‍ത്ഥികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഉയര്‍ന്നതെങ്കിലും ആദ്യ ഘട്ടത്തില്‍ മാര്‍ക്ക് കുറവായതിനാല്‍ നിയമനം നല്‍കാനാവില്ലെന്നായിരുന്നു യൂണിവേഴ്‌സിറ്റി തീരുമാനം.

''ഒബിസി വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് 26 മാര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിച്ചു. ടീച്ചിങ് ടെസ്റ്റ് പോലും നടത്താതെ ഞങ്ങള്‍ക്ക് മാത്രം കുറവ് മാര്‍ക്ക് ഇടുകയായിരുന്നു. ഇതിന് പിന്നില്‍ സംവരണ വിഭാഗക്കാരെ ഒഴിവാക്കി നിര്‍ത്താനുള്ള മനപ്പൂര്‍വമായ ശ്രമം ഉണ്ടെന്ന് സംശയിക്കുന്നു. രണ്ടാംഘട്ട ഇന്റര്‍വ്യൂവിനായി അഞ്ച് ദിവസം ദില്ലിയില്‍ താമസിക്കേണ്ടി വന്നു. ഒന്നാംഘട്ടത്തില്‍ തന്നെ യോഗ്യരല്ലെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ രണ്ടാംഘട്ട ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ എന്തിനാണ് ഞങ്ങളോട് പറഞ്ഞത്. നേരത്തെ തന്നെ യോഗ്യതയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ?'' - മറ്റൊരു ഉദ്യോഗാര്‍ത്ഥി പ്രതികരിച്ചു.

1995ന് ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മലയാള അധ്യാപക നിയമനം നടന്നിട്ടില്ല. 2017ലും 2019ലും അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും ഇന്റര്‍വ്യൂ നടന്നില്ല. പിന്നീട് 2021ലാണ് അവസാനമായി അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്നുള്ള ഇന്റര്‍വ്യൂ ആയിരുന്നു ജൂണില്‍ നടന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎച്ചഡി യും അധ്യാപന പരിചയവും ഉണ്ടെന്നിരിക്കെ മൂന്ന് പേരെയും ഒരേപോലെ നിയമനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in