തെലങ്കാനയില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യം; ഒരു സീറ്റില്‍ മത്സരിക്കും

തെലങ്കാനയില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യം; ഒരു സീറ്റില്‍ മത്സരിക്കും

മുന്‍ എംഎല്‍എ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവു കോതഗുഡെമില്‍ മത്സരിച്ചേക്കും

തെലങ്കാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യം. കോതഗുഡെ മണ്ഡലമാണ് കോണ്‍ഗ്രസ് സിപിഐക്ക് നല്‍കിയത്. നേരത്തേ, സീറ്റിന്റെ കാര്യത്തില്‍ നിന്നു തീരുമാനമാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് സിപിഎം പിന്‍മാറിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം രണ്ടു എംഎല്‍സി സീറ്റുകള്‍ കൂടി സിപിഐക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവു ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുമായി ടിപിസിസി അധ്യക്ഷന്‍ എ. രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും സിപിഐയും കൈകോര്‍ക്കുന്നതെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. നിയമസഭയിലും കൗണ്‍സിലിലും സിപിഐ പ്രാതിനിധ്യം വേണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടറി കെ.നാരായണയും പറഞ്ഞു.

ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്നിവയ്ക്ക് മൗന ധാരണയുണ്ടെന്നും ബിആര്‍എസ് എംഎല്‍സി കെ. കവിതയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനാല്‍ ഇത് പ്രകടമായെന്നും നാരായണ പറഞ്ഞു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം മികച്ചതാണെന്നും എന്നാല്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാന്‍ ബിജെപി പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെയും സിപിഐയുടെയും ഉന്നത നേതാക്കള്‍ കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി യിരുന്നു. തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായി കോതഗുഡെ, ചേന്നൂര്‍ സീറ്റുകള്‍ വേണമെന്ന് സിപിഐ നിര്‍ബന്ധം പിടിച്ചെന്നായിരുന്നു സൂചന.

എന്നാല്‍, അടുത്തിടെ മുന്‍ എംപി ജി.വിവേക് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള പുനഃപ്രവേശനത്തോടെ ചേന്നൂര്‍ സീറ്റ് അദ്ദേഹത്തിന് നല്‍കുമെന്ന് തത്വത്തില്‍ തീരുമാനമായി. മുന്‍ എംഎല്‍എ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവു കോതഗുഡെമില്‍ മത്സരിച്ചേക്കും. സിപിഐക്ക് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ നിലയിലായിരുന്നതിനാല്‍ സീറ്റ് പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി അവകാശപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in