ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; ഇന്ത്യയെ ഒന്നിപ്പിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമെന്ന് രാഹുല്‍

ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; ഇന്ത്യയെ ഒന്നിപ്പിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമെന്ന് രാഹുല്‍

150 ദിവസംകൊണ്ട് 3500 കിലോ മീറ്റര്‍ സഞ്ചരിക്കും

കേന്ദ്ര നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യ്ക്ക് കന്യാകുമാരിയില്‍ തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന് തുടക്കമാണ് ഭാരത് ജോഡോയെന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കി.

150 ദിവസം. 3500 കിലോ മീറ്റര്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ. ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ യാത്ര ആരംഭിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സോണിയാ ഗാന്ധി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. എങ്കിലും മനസുകൊണ്ട് യാത്രയ്‌ക്കൊപ്പമുണ്ടെന്നും സോണിയാ ഗാന്ധി ആശംസ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവി ഏകപക്ഷീയമായി നിര്‍ണ്ണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ പതാക വരെ ഭീഷണി നേരിടുകയാണ്. ദേശീയ പതാക ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതല്ല. ത്രിവര്‍ണ പതാക സമ്മാനിക്കപ്പെട്ടതല്ല. ജനങ്ങള്‍ സമ്പാദിച്ചതാണന്നും രാഹുല്‍ പറഞ്ഞു. മതത്തെ ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനും ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുമാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്ത പോലെ ഇന്ന് മൂന്ന് നാല് കമ്പനികള്‍ രാജ്യത്തെ ചൂഷണം ചെയ്യുകയാണ്. അവരെ പിന്തുണച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. കല്‍ക്കരി, തുറമുഖം, ടെലികോം തുടങ്ങിയവയെല്ലാം ഇത്തരക്കാരുടെ കുത്തകയാണ്. അവരുടെ പിന്തുണയില്ലാതെ ബിജെപിക്ക് നിലനില്‍ക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.അത്തരത്തില്‍ ഭയപ്പെടുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്നും രാഹുല്‍ പറഞ്ഞു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങലിലൂടെയുമാണ് ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. 118 സ്ഥിരാംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയിലുണ്ടാകുക. ചാണ്ടി ഉമ്മന്‍ അടക്കം കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണ് യാത്രയിലുള്ളത്.

logo
The Fourth
www.thefourthnews.in