മറ്റന്നാൾ വരുമോ സച്ചിന്റെ പാർട്ടി? അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

മറ്റന്നാൾ വരുമോ സച്ചിന്റെ പാർട്ടി? അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

രാജേഷ് പൈലറ്റിന്‌റെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 11 ന് സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

ജൂൺ 11 രാജസ്ഥാൻ കോൺഗ്രസിന് നിർണായക ദിനമാണ്. രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ അന്ന്, മകൻ സച്ചിൻ പൈലറ്റ് കോൺഗ്രസിനോട് വിടപറയുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിനെ പിളർത്തി സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം സച്ചിൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവന്ന വാർത്ത. നിരന്തരമായി പാർട്ടിക്കകത്ത് നിന്ന് പോരാടിയതിന് ശേഷം ഒടുവിൽ സച്ചിനും പുറത്തേക്കുള്ള വഴിതുറക്കുകയാണോ?

എന്നാൽ പ്രതീക്ഷ കൈവിടുന്നില്ല കോൺഗ്രസ്. രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയില്ലെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് കോൺഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ പിളര്‍ത്തി സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രമെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

അഭ്യൂഹങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അശോക് ഗെഹ്ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് പാര്‍ട്ടി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ചത്. ഇതാണ് പാര്‍ട്ടി നിലപാടെന്നും കെ സി വേണുഗോപാല്‍ പിടിഐയോട് പ്രതികരിച്ചു. ''സച്ചിന്‍ പാര്‍ട്ടി വിടുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇതെല്ലാം സാങ്കല്പികമാണ്. ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. പ്രതീക്ഷാനിര്‍ഭരമായി ഇരിക്കൂ. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്.'' കെ സി വേണുഗോപാല്‍ പറഞ്ഞു.

സച്ചിന്‍ പാര്‍ട്ടി വിടുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇതെല്ലാം സാങ്കല്പികമാണ്. ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. പ്രതീക്ഷാനിര്‍ഭരമായി ഇരിക്കൂ. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്.
കെ സി വേണുഗോപാൽ

2018 ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവരെയും രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിമാരാക്കാമെന്ന ധാരണ കോണ്‍ഗ്രസില്‍ അന്ന് ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെഹ്ലോട്ട് 2020 ല്‍ രംഗത്തെത്തി. ഇതോടെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര തര്‍ക്കം കരുത്താര്‍ജിച്ചത്. പിന്നാലെ ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ പദവിയും സച്ചിന് നഷ്ടമായി. എഐസിസി അധ്യക്ഷനായി ഗെഹ്ലോട്ടിനെ നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം പ്രശ്നം വഷളാക്കി. പകരം മുഖ്യമന്ത്രി പദം കണ്ണുവച്ച പൈലറ്റിനെ നിരാശനാക്കി, വിമത നീക്കത്തിലൂടെ ഗെഹ്ലോട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലെ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് സമരം പ്രഖ്യാപിച്ചതാണ് പുതിയ പ്രശ്‌നത്തിന് വഴിവച്ചത്.

മറ്റന്നാൾ വരുമോ സച്ചിന്റെ പാർട്ടി? അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്
രാജസ്ഥാനിൽ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാൻ സച്ചിൻ പൈലറ്റ്

മുന്‍ ബിജെപി സര്‍ക്കാരിന്‌റെ കാലത്തെ അഴിമതിയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സച്ചിന്‍ മുന്നോട്ടുവച്ചത്. ജനപങ്കാളിത്തത്തോടെയുള്ള യാത്രയും ഏകദിന ഉപവാസ സമരവുമെല്ലാം സച്ചിന്‌റെ ശക്തിപ്രകടനമായി. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇരുവരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രശ്‌നപരിഹാരമുണ്ടായെന്ന പ്രഖ്യാപനം നടത്തി. എന്നാൽ പ്രഖ്യാപനം ഒരാഴ്ച പിന്നിടും മുന്‍പ്, പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് സച്ചിനെന്ന വാര്‍ത്ത പുറത്തുവന്നു. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേരെന്നും ജയ്പൂരില്‍ മഹാറാലി നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കമെന്നുമടക്കമുള്ള റിപ്പോര്‍ട്ടുകളോട് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in