'കോണ്‍ഗ്രസ് നികുതി അടയ്‌ക്കേണ്ടത് 626 കോടിക്ക്, സമയം നല്‍കിയിട്ടും മറുപടിയില്ല'; വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്

'കോണ്‍ഗ്രസ് നികുതി അടയ്‌ക്കേണ്ടത് 626 കോടിക്ക്, സമയം നല്‍കിയിട്ടും മറുപടിയില്ല'; വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്

മാനദണ്ഡം ലംഘിച്ചാണ് കോണ്‍ഗ്രസ് സംഭാവനകള്‍ സ്വീകരിച്ചതെന്നും അതിനാല്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ 'നികുതി ഭീകരത' നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ഏജന്‍സി. 2013 ഏപ്രിലിനും 2019 ഏപ്രിലിനും ഇടയില്‍ പാര്‍ട്ടിക്ക് അറുനൂറിലേറെ കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ആവശ്യത്തിന് സമയം അനുവദിച്ചിട്ടും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ നികുതി കുടിശിക അടയ്ക്കാനോ പാര്‍ട്ടി തയാറായിട്ടില്ലെന്നും ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം 626 കോടി രൂപയാണ് ഇക്കാലയളവില്‍ പാര്‍ട്ടി അക്കൗണ്ടുകളില്‍ എത്തിയതെന്നും ഇതു സംബന്ധിച്ചു രേഖകള്‍ അന്വേഷണത്തിനിടെ ലഭിച്ചുവെന്നും അത് പരിശോധിച്ചു വരികയാണെന്നും ഏജന്‍സി വൃത്തങ്ങള്‍ വെളിപ്പെടൃത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ആദായ നികുതി വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് പാര്‍ട്ടിക്ക് കൃത്യമായ ബോധമുണ്ടെന്നും നികുതി പുനര്‍നിര്‍ണയത്തിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ പോലും തങ്ങള്‍ തുകയുടെ സ്രോതസ് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ തങ്ങള്‍ സമയം നല്‍കതാണെന്നും എന്നാല്‍ പാര്‍ട്ടി തയാറായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രണ്ടാമത്തെ വലിയ കമ്പനിയായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് കോണ്‍ഗ്രസിന് പണം നല്‍കിയത് സംബന്ധിച്ചുള്ള രേഖകള്‍ 2019 ഏപ്രിലില്‍ നടത്തിയ റെയ്ഡില്‍ തന്നെ പിടിച്ചെടുത്തതാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ വീട്ടില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള രേഖകള്‍ ലഭിച്ചത്.

ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 13 എ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയൊഴിവ് ഉണ്ട്. എന്നാല്‍ ഒറ്റത്തവണയായി 2000 രൂപയില്‍ കുറയാത്ത തുകയാണെങ്കില്‍ മാത്രമാണ് ഈ ഇളവ് ലഭിക്കുക. ഈ മാനദണ്ഡം ലംഘിച്ചാണ് കോണ്‍ഗ്രസ് സംഭാവനകള്‍ സ്വീകരിച്ചതെന്നും അതിനാല്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മുതിരാഞ്ഞതിനേത്തുടര്‍ന്നാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക, പലിശ എന്നീ ഇനങ്ങളിലായി 200 കോടി രൂപ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടി ഇതിന് തയാറാകാഞ്ഞതിനേത്തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആദായ നികുതി വകുപ്പ് 135 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ആദായനികുതി വകപ്പ് വീണ്ടും കോണ്‍ഗ്രസിന് നോട്ടീസ് അയയ്ക്കുകയായിരുന്നു. ആകെ പിഴയായി 1700 അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരേ ഗുരുതര ആരോപണവുമായി പാര്‍ട്ടി രംഗത്തുവന്നത്.

ഇത് നികുതി ഭീകരതയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം'' ആദായനികുതി വകുപ്പില്‍ നിന്ന് 1,823 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ നോട്ടീസ് ലഭിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യപ്രതികരണം ഇങ്ങനെയാണ്. ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി നേരിട്ട ബിജെപി, പ്രതിപക്ഷത്തെ സാമ്പത്തികമായി ഞെരുക്കി പ്രതിരോധത്തിലാക്കാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

logo
The Fourth
www.thefourthnews.in