വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023

വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരു പ്രസിഡന്റ് നയിച്ച വര്‍ഷം, പ്രതിപക്ഷമുന്നണിയുടെ മുഖമല്ലാതായി മാറിയ വര്‍ഷം, സെമിഫൈനലിലെ തോല്‍വി, അങ്ങനെ സംഭവബഹുലമായിരുന്നു 2023 കോണ്‍ഗ്രസിന്

2023 ജനുവരി 30, ശ്രീനഗറില്‍ പെയ്തിറങ്ങിയ മഞ്ഞിനെ സാക്ഷിയാക്കി രാഹുല്‍ ഗാന്ധി ഒരു പ്രഖ്യാപനം നടത്തി. 'വെറുപ്പിന്റെ കമ്പോളത്തില്‍ ഞാന്‍ സ്‌നേഹത്തിന്റെ കട തുറക്കും'. 137 ദിവസം കൊണ്ട് 4,080 കിലോമീറ്റര്‍ നടന്നു തീര്‍ത്ത ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനമായിരുന്നു അത്. 2023 തുടങ്ങിയത് അത്രയും ശക്തിയുള്ളൊരു രാഷ്ട്രീയ പ്രസ്താവനയിലൂടെയായിരുന്നു. 2024 എന്ന നിര്‍ണായക വര്‍ഷത്തില്‍ വീണ്ടുമൊരു ഭാരത് യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി നടക്കാനിറങ്ങുമ്പോള്‍, വെറുപ്പിന്റെ കമ്പോളത്തില്‍ കോണ്‍ഗ്രസിന് സ്‌നേഹത്തിന്റെ കട തുറക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന ചോദ്യം ബാക്കിയാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടി നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോയ വര്‍ഷമാണ് 2023. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരു പ്രസിഡന്റ് നയിച്ച വര്‍ഷം, പ്രതിപക്ഷമുന്നണിയുടെ മുഖമല്ലാതായി മാറിയ വര്‍ഷം, സെമിഫൈനലിലെ തോല്‍വി, അങ്ങനെ സംഭവബഹുലമായിരുന്നു 2023 കോണ്‍ഗ്രസിന്.

രാഹുല്‍ ഗാന്ധിയുടെ 2023

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് നിര്‍ണായക വര്‍ഷമായിരുന്നു 2023. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ, ചവിട്ടിനില്‍ക്കാന്‍ മണ്ണുറപ്പിക്കാന്‍ സാധിക്കുള്ളു എന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു 2022 സെപ്റ്റംബര്‍ 7-ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ആ നടത്തത്തിന്റെ കാതല്‍. ഗ്രാമങ്ങളും നഗരങ്ങളും താണ്ടിയ ആ യാത്രയില്‍, വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായി എന്നത് വസ്തുതയാണ്. ബിജെപി മുഖ്യശക്തിയല്ലാത്ത കേരളത്തിലൂടെ അധിക ദിവസങ്ങള്‍ നടന്നത്, സംഘപരിവാറിന്റെ തട്ടകമായ ഉത്തര്‍പ്രദേശില്‍ അഞ്ചുദിവസം മാത്രം നടന്നതൊക്കെ വിമര്‍ശനങ്ങളായി ഉയര്‍ന്നുവന്നു. പക്ഷേ, സാധാരണക്കാരുമായി ഇടപഴകിയുള്ള നടപ്പിന്റെ അവസാനം, താടി നീണ്ടത് മാത്രമല്ല, രാഹുലെന്ന രാഷ്ട്രീയക്കാരന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് രാജ്യം കണ്ടത്.

ഭാരത് ജോഡോ യാത്രകൊണ്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടായോ? തെലങ്കാനയും കര്‍ണാടകയും ചൂണ്ടിക്കാട്ടി നേട്ടമുണ്ടായെന്ന് വാദിക്കാം. ഈ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസിന് ശക്തി പകരാന്‍ ഭാരത് ജോഡോ യാത്രയ്ക്കായി. എന്നാല്‍, പടലപ്പിണക്കങ്ങളില്‍ കുടുങ്ങിപ്പോയ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനെ നേരെയാക്കാന്‍ രാഹുലിന്റെ നടപ്പ് കൊണ്ട് സാധ്യമായില്ല.

വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023
രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

ഭാരത് ജോഡോ യാത്രയുടെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ്, ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുലിനെ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിക്കുന്നത്. പിന്നാലെ, രാഹുല്‍ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനായി. 'എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങനെ'യെന്ന ചോദ്യത്തിന് എതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു കോടതി വിധി. പാര്‍ലമെന്റിന് പുറത്തായ രാഹുലിന്റെ വാക്കുകള്‍ക്ക് രാജ്യം കൂടുതല്‍ ശ്രദ്ധ നല്‍കി. രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ചെറുതായെങ്കിലും ഐക്യം രൂപപ്പെടാന്‍ പാര്‍ലമെന്റിന് പുറത്തേക്കുള്ള രാഹുലിന്റെ യാത്ര കാരണമായി. അദാനിക്കെതിരായ തന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റിന് പുറത്താക്കിയതെന്ന് രാഹുല്‍ രാജ്യമാകെ നടന്നു പറഞ്ഞു.

രാജ്യന്തര വേദികളില്‍ അടക്കം രാഹുലിന്റെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. പാര്‍ലമെന്റിലെ അയോഗ്യനാക്കല്‍ തന്നെ കൂടുതല്‍ കരുത്തനാക്കി എന്ന ഭാവത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പിന്നീടുള്ള ഇടപെടലുകള്‍. മണിപ്പൂര്‍ കലാപ ഭൂമിയിലേക്ക് നിര്‍ഭയനായി കടന്നു ചെല്ലാന്‍ പാര്‍ലമെന്റില്‍ അയോഗ്യനായ രാഹുല്‍ ഗാന്ധിക്ക് മുന്‍പുണ്ടായിരുന്ന രാഹുലിന് സാധിക്കുമായിരുന്നോ എന്ന രാഷ്ട്രീയ ചോദ്യം പ്രസക്തമാണ്. അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റം ആയുധമാക്കി രാഹുല്‍ മോദിക്ക് എതിരെ നിരന്തരം വിമര്‍ശനങ്ങളുയര്‍ത്തി. നരേന്ദ്ര മോദി അദാനിക്കും അംബാനിക്കും വേണ്ടി മാത്രമാണ് ഭരിക്കുന്നതെന്ന് കിട്ടിയ എല്ലാ വേദികളിലും പ്രസംഗിച്ചു. രാഷ്ട്രീയം പറയുമ്പോള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിക്കുന്ന, മോദിയുടെ എതിരാളി താന്‍ തന്നെയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ 2023ല്‍ രാജ്യം കണ്ടു.

ഖാര്‍ഗെയുടെ 2023

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും. എന്നാല്‍, കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. 1996ന് ശേഷം ആദ്യമായി നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷനുണ്ടായി. 2022 ഒക്ടോബര്‍ ഒന്നിന് ശശി തരൂരിനെ പരാജയപ്പെടുത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എഐസിസി പ്രസിഡന്റിന്റെ കസേരയിലെത്തി. സോണിയയുടേയും രാഹുലിന്റെയും വിശ്വസ്തനാണെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വരവോടെ, കുടുംബ പാര്‍ട്ടിയെന്ന ബിജെപിയുടെ ആരോപണം ഒരു പരിധിവരെ ചെറുക്കാന്‍ കോണ്‍ഗ്രസിനായി. ഖാര്‍ഗെയുടെ 2023 ജയ പരാജയങ്ങളുടെ സമ്മിശ്രവര്‍ഷമാണ്.

വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023
മുറിവ് ഉണങ്ങാത്ത മണിപ്പൂരിൻ്റെ ക്രിസ്മസ് ദിനങ്ങൾ...

കര്‍ണാടകയില്‍ നേടിയ വിജയം, ഖാര്‍ഗെയുടെ സംഘാടക മികവിന് കയ്യടി നേടിക്കൊടുത്തു. കളമറിഞ്ഞു കളിക്കാന്‍ നല്ലൊരു ടീമുണ്ടെങ്കില്‍ തനിക്ക് കപ്പടിക്കാന്‍ പറ്റുമെന്ന് കാണിച്ചുകൊടുത്തു ഖാര്‍ഗെ. എന്നാല്‍, രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും താപ്പാനകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സോണിയയേയും രാഹുലിനേയും പോലെ ഖാര്‍ഗെയും നിസഹായനായിപ്പോയി. ഖാര്‍ഗെയുടെ കീഴില്‍ കോണ്‍ഗ്രസ് ചലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, രാമക്ഷേത്രം അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ഖാര്‍ഗെയ്ക്കും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഒരുകോണില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കര്‍ണാടകയിലെ തീ, തെലങ്കാനയിലെ തണല്‍

2023ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. സിപിഎമ്മുമായി ചേര്‍ന്ന് മത്സരിച്ച ത്രിപുരയില്‍ അടിപതറി. മേഘാലയയിലും നാഗാലാന്‍ഡിലും നിരാശരാകേണ്ടിവന്നു. ഈ സമയത്താണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ തീ ആളിക്കത്തിച്ചത്. 224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തി.

ഡികെ ശിവകുമാര്‍
ഡികെ ശിവകുമാര്‍

എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോയി. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അമ്പേ തകര്‍ന്നടിഞ്ഞു. തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയെന്ന പുതിയ നേതാവും ഭരണവുമുണ്ടായതാണ് കോണ്‍ഗ്രസിന്റെ കര്‍ണാടക കഴിഞ്ഞാലുള്ള നേട്ടം. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തമ്മിലടിയാണ് സെമിഫൈനലായി കരുതിയ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തുകളഞ്ഞത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് 2024ലേക്ക് മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ത്യ മുന്നണി

ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു ഇന്ത്യ മുന്നണിയിലേക്കുള്ള കോണ്‍ഗ്രസിന്റെ കടന്നുവരവ്. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മുന്‍കൈയെടുത്ത് തുടങ്ങിയ മുന്നണി നീക്കത്തിലേക്ക് കോണ്‍ഗ്രസ് പതിയെ എത്തുകയായിരുന്നു. പ്രധാന പ്രതിപക്ഷ മുഖമായി തുടരാനുള്ള ശ്രമം പാര്‍ട്ടി ഉപേക്ഷിക്കുകയാണെന്നും ബിജെപിക്ക് എതിരെ വിശാല മുന്നണി രൂപീകൃതമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, പിടിവാശിക്കു പേരുകേട്ട കോണ്‍ഗ്രസ്, ആദ്യത്തെ പതുങ്ങലിന് ശേഷം, വല്ല്യേട്ടന്‍ റോള്‍ പതിയ എടുത്തണിഞ്ഞു.

മുന്നണിക്ക് 'ഇന്ത്യ' എന്ന് പേരിട്ടതുമുതല്‍, അഞ്ച് സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ചതുവരെ കോണ്‍ഗ്രസിന് എതിരെ മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ അപ്രീതിയുണ്ടാക്കി. എത്ര വിലപേശിയിട്ടും മധ്യപ്രദേശിലും രാജസ്ഥാനിലും മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തങ്ങള്‍ക്ക് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാന്‍ ശേഷിയുണ്ടെന്ന പ്രാദേശിക നേതൃത്വങ്ങളുടെ വീമ്പുപറച്ചില്‍ ദേശീയനേതൃത്വം കണ്ണുമടച്ചു വിശ്വസിച്ചു. ഫലം വന്നപ്പോള്‍ അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസിന് അടിപതറി. സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ വിധി മറ്റൊന്നാകുമായിരുന്നു എന്ന് മറ്റു പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരിക്കില്ല പ്രതിപക്ഷ സഖ്യത്തെ നയിക്കുക എന്ന സന്ദേശം കൂടി പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023
പീഡനത്തിനിരയായ ഒരു സ്ത്രീ നമ്മുടെ രാജ്യത്ത് നീതിക്കായി എത്രവര്‍ഷം കാത്തിരിക്കണം?

കേരളത്തിലെ കോണ്‍ഗ്രസ്

സിപിഎമ്മുമായുള്ള പോരാട്ടത്തില്‍ അല്‍പ്പം തണുത്തു നില്‍ക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. അതികായനായ ഉമ്മന്‍ചാണ്ടിയെ നഷ്ടമായ വര്‍ഷത്തില്‍ പക്ഷേ കോണ്‍ഗ്രസ് രാഷ്ട്രീയ സമര മുഖങ്ങളിലേക്ക് തിരിച്ചുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ കേരള പര്യടനത്തിനിറങ്ങിയപ്പോള്‍, തെരുവുകളില്‍ പ്രതിബന്ധം തീര്‍ത്ത് തിരിച്ചുവരവിന് കളമൊരുക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി. കരിങ്കൊടിയും അടിയും തിരിച്ചടിയുമായി കോണ്‍ഗ്രസും സിപിഎമ്മും തെരുവില്‍ ഏറ്റുമുട്ടി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് കളരിയില്‍, തെരുവുകളിലെ സമരങ്ങള്‍ അത്രമേല്‍ നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു എന്നുവേണം കരുതാന്‍. നവകേരള സദസ്സ് യാത്രയിലൂടെ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിനെ സിപിഎം ഉണര്‍ത്തിയെടുത്തെന്നും പറയാം.

എങ്ങനെയാകും കോണ്‍ഗ്രസിന്റെ 2024?

മൂന്നു ദിവസങ്ങള്‍ക്കപ്പുറം 2024, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍ണായക വര്‍ഷം. വംശീയ വെറിയുടെ കാട്ടുതീയണയാത്ത മണിപ്പൂരിന്റെ മലയിടുക്കില്‍ നിന്ന് രാഹുല്‍ വീണ്ടും നടക്കാന്‍ തുടങ്ങുന്നു. നാഗാലാന്‍ഡ്, അസം, മേഖാലയ, ബംഗാള്‍ ചുറ്റി ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ വഴി ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് കറങ്ങി മഹാരാഷ്ട്രയില്‍ അവസാനിക്കുന്ന 6,200 കിലോമീറ്റര്‍ യാത്ര. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിച്ചുകയറാന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പുതിയ അടവുകള്‍ മെനഞ്ഞുതുടങ്ങും കോണ്‍ഗ്രസ്. അമിത് ഷായോട് മുട്ടാന്‍ കനഗോലു കൊളുത്തിവിടുന്ന കനലെത്ര എരിയണം? രാമക്ഷേത്രം മഹാമേരുപോലെ മുന്നില്‍, ഉദ്ഘാടനത്തിന് പോയാലും പോയില്ലെങ്കിലും പ്രശ്‌നമാണ്. ഇന്ത്യ മുന്നണിയുടെ ഭാവി യാത്രയില്‍ കോണ്‍ഗ്രസ് ഉണ്ടാകുമോ? ചോദ്യങ്ങള്‍ അനേകം, തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസിനെ അറിയാവുന്നവര്‍ക്ക് ഉത്തരം പഴയതുതന്നെയാകും, ഇത് കോണ്‍ഗ്രസാണ്, ഇവിടെ ഇങ്ങനെയാണ്.

logo
The Fourth
www.thefourthnews.in