കേന്ദ്ര സമീപനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയാകും, പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്!

കേന്ദ്ര സമീപനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയാകും, പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്!

കർണാടക ഫെബ്രുവരി ഏഴാം തീയതി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കും

കേരളത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തിൽ പ്രധാന പ്രതിപക്ഷ നേതാക്കളിൽചിലർ പിന്തുണ അറിയിച്ചതോടെ, സമര വേദി കേന്ദ്ര വിരുദ്ധ സംഗമമാകും. ഡിഎംകെയ്ക്ക് പുറമെ, ആം ആദ്മി പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തും. ശരത് പവാറും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതോടെ യഥാർഥത്തിൽ വെട്ടിലായിരിക്കുന്നത് കേരളത്തിലെ കോൺഗ്രസാണ്.

തെക്കേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന വിവേചനങ്ങൾക്കെതിരെയാണ് സമരം. കേരളത്തിന് നൽകുന്ന നികുതി വിഹിതം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായി ആലോചിച്ച സമരം, മറ്റ് തെക്കേഇന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ കൂടി ലഭിക്കണമെന്ന ഉദ്ദേശ്യത്തിൽ ഭരണഘടനാപരമായ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായി മാറ്റുകയായിരുന്നു.

കേന്ദ്ര സമീപനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയാകും, പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്!
ഡൽഹി സമരം: കേരളത്തിന് തമിഴ്‌നാടിന്റെ പിന്തുണ, ഡിഎംകെ നേതാക്കൾ കറുപ്പ് വേഷമണിഞ്ഞ് പങ്കെടുക്കും

"വഴിമുട്ടിയ ഇന്ത്യൻ ജനാധിപത്യം; ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ സംവിധാനം സംരക്ഷിക്കുക" എന്നതാണ് സമരപരിപാടി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഇടതുപക്ഷ എംഎൽഎമാരും എംപിമാരും പ്രതിഷേധത്തിൽ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികളുടെ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചിരുന്നു. എന്നാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണമായും കേന്ദ്ര അവഗണന മാത്രമല്ല കാരണം എന്നും അതിനാൽ സമരത്തിൽ തങ്ങൾ ഭാഗമാകില്ലെന്നും കത്തിലൂടെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. നിലവിൽ എക്സാലോജിക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് ഒരുമിച്ചൊരു സമരം ചിന്തിക്കാൻ പോലും സാധിക്കില്ല എന്നതാണ് സത്യം.

എന്നാൽ സമരത്തിന്റെ ഭാഗമാകാതിരിക്കുന്നതിലൂടെ കേന്ദ്രസർക്കാരിനെയും ബിജെപിയെയും പ്രതിരോധിക്കുന്നതിൽ തങ്ങളാണ് മുൻപന്തിയിൽ എന്ന അവകാശവാദമുന്നയിക്കാൻ സിപിഎമ്മിനും എൽഡിഎഫിനും ഇതിലൂടെ സാധിക്കും എന്നത് കോൺഗ്രസ് ഒരു അപകടമായി കാണണം. ഇത്രയും കാലം ഒരു സമരവും സംഘടിപ്പിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സമരവുമായി രംഗത്തിറങ്ങുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് എന്ന വിമർശനം ഉയർത്തിയാണ് ഇതിനെ പ്രതിരോധിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞ, കോൺഗ്രസ് ഭരണത്തിലിരിക്കുന്ന കർണാടക ഫെബ്രുവരി ഏഴാം തീയതി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസം നീണ്ടു നിന്ന നവകേരള സദസിൽ സർക്കാരും മുഖ്യമന്ത്രിയും ഉയർത്തിക്കാണിക്കാൻ ശ്രമിച്ചത് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അവഗണനയായിരുന്നു. അതിന്റെ തുടർച്ചയായി ഈ സമരത്തെയും അവതരിപ്പിക്കുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. കേരള സർക്കാരുമായും മുഖ്യമന്ത്രിയുമായും നേർക്കുനേർ നിൽക്കുന്ന കേരളത്തിലെ കോൺഗ്രസിന് സമരത്തിന്റെ ഭാഗമാകാനും സാധിക്കില്ല.

15ാമത് ധനകാര്യ കമ്മീഷൻ നിർദേശമനുസരിച്ച് 41 ശതമാനം നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം, എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 30 ശതമാനം മാത്രമാണ്. പത്താം ധനകാര്യകമ്മീഷൻ പ്രകാരം കേന്ദ്രത്തിന്റെ ഡിവിസിബിൾ പൂളിൽ നിന്ന് കേരളത്തിന് ലഭിച്ചത് 3.87 ശതമാനം നികുതി വിഹിതമാണ്. അത് 14ാം ധനകാര്യകമ്മീഷൻ വന്നപ്പോഴേക്കും 2.5 ശതമാനമായി. 15ാം ധനകാര്യ കമ്മീഷനിൽ അത് 1.93 ശതമാനമായി. ഇനി വരാനിരിക്കുന്ന 16ാം ധനകാര്യ കമ്മീഷനിൽ ഇത് എത്രയായി കുറയും എന്ന് മാത്രം അറിഞ്ഞാൽ മതി. കേരളത്തിൽ നിന്ന് പിരിക്കുന്ന നികുതി 100 രൂപയാണെങ്കിൽ അതിൽ 21 രൂപ മാത്രമാണ് തങ്ങൾക്ക് തിരിച്ചു കിട്ടുന്നത് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

കർണാടകയുടെയും കണക്കുകൾ സമാനമാണ്. 14ാം ധനകാര്യ കമ്മീഷനിൽ നിന്ന് 15ാം ധനകാര്യ കമ്മീഷനിലേക്ക് വരുമ്പോൾ കർണാടകയുടെ സംസ്ഥാന വിഹിതം 4.71 ശതമാനത്തിൽ നിന്ന് 3.64ലേക്ക് കുറഞ്ഞു. ഈ മാറ്റത്തിൽ 62,098കോടിയുടെ കുറവാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. തമിഴ്‌നാടിനെ വെട്ടിലാക്കിയത് കടം വാങ്ങാനുള്ള സംസ്ഥാന ജിഡിപി വളർച്ചയുടെ ഉയർന്ന പരിധി എട്ട്‌ ശതമാനമാക്കിയതാണ്. 15 ശതമാനം ജിഡിപി വളർച്ചയുള്ള തമിഴ്‌നാടിന് കേന്ദ്രവിഹിതത്തിൽ നിന്ന് 6000 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

കേന്ദ്ര സമീപനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയാകും, പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്!
കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക

കണക്കുകൾ നിരത്തി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ മറ്റെല്ലാ രാഷ്ട്രീയവും മാറ്റിനിർത്തി ഒന്നിക്കുമ്പോൾ വി ഡി സതീശനും കേരളത്തിലെ കോൺഗ്രസുകാരും എന്ത് പറഞ്ഞ് സ്വയം പ്രതിരോധിക്കുമെന്ന ചോദ്യം തന്നെയാണ് ബാക്കി നിൽക്കുന്നത്. നവകേരള സദസിനെ കരിങ്കൊടി പ്രതിഷേധത്തിലൂടെയും, പോലീസ് അക്രമങ്ങളും, 'രക്ഷപ്രവർത്തന'വും ഉയർത്തിക്കാണിച്ചും പ്രതിരോധിക്കാൻ ഒരു പരിധിവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട് എന്നിരിക്കെ, ദേശീയ തലത്തിൽ കേരളത്തിന്റേത് എന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്ന ഒരു പ്രശ്നത്തിൽ, കോൺഗ്രസ്‌തന്നെ നേതൃത്വം നൽകുന്ന കർണാടക സർക്കാർ ഭാഗമാകുന്ന ഒരു പ്രതിഷേധത്തിൽ എളുപ്പത്തിൽ ഒരു നിലപാടെടുക്കാൻ വിഡി സതീശനും കൂട്ടർക്കും സാധിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസിന്റെ നിസംഗത കാരണം സർക്കാരിനെതിരെ പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധമാറും എന്ന നഷ്ടം കൂടി കേരളത്തിലെ കോൺഗ്രസുകാർ മുന്നിൽ കാണണം.

logo
The Fourth
www.thefourthnews.in