ഉദ്ഘാടന വേദി പത്ത് പ്രതിപക്ഷ പാർട്ടികളുടെ സംഗമം, സംഘർഷം തകർത്ത മണിപ്പൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം

ഉദ്ഘാടന വേദി പത്ത് പ്രതിപക്ഷ പാർട്ടികളുടെ സംഗമം, സംഘർഷം തകർത്ത മണിപ്പൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം

മണിപ്പൂരിലെ തൗബല്‍ ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാം ഇന്ത്യാ പര്യടനം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മണിപ്പൂരിലെ സംഘര്‍ഷങ്ങളിലും, ബ്രിട്ടീഷുകാരോട് എറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. രാജ്യത്തെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം വേദിയായും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങ് മാറി.

100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സഞ്ചരിക്കുന്നത്.

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടുകയും എന്നാല്‍ സമയം ലഭിക്കാതിരിക്കുകയും ചെയ്ത പാര്‍ട്ടി നേതാക്കള്‍ ഭാരത് ന്യായ് യാത്രയുടെ ഭാഗമായത് പ്രതിപക്ഷ ഐക്യം എന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. എഎപി, എഐഎഫ്ബി, എഐടിസി, സിപിഐ, സിപിഎം, ജെഡിയു, എന്‍സിപി, ആര്‍എസ്പി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാക്കളാണ് ന്യായ് യാത്രയുമായി സഹകരിക്കുന്നത്.

ബിഎസ്പി പുറത്താക്കിയ നേതാവ് ഡാനിഷ് അലിയും കിഴക്ക് പടിഞ്ഞാറന്‍ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മണിപ്പൂരിലെ തൗബല്‍ ജില്ലയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഖോങ്ജും യുദ്ധ സ്മാരകം രാഹുല്‍ ഗാന്ധിയടക്കമുള്ളവർ സന്ദർശിച്ചതിന് ശേഷമാണ് പ്രധാന വേദിയിലെത്തി ചേർന്നത്.

100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇത്തവണ സഞ്ചരിക്കുന്നത്. 337 നിയോജക മണ്ഡലങ്ങളും, 15 സംസ്ഥാനങ്ങളും, 110 ജില്ലകളും ഉള്‍പ്പെടുന്ന ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3000 കിലോമീറ്റര്‍ കാല്‍ നടയായാണ് ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി നടത്തിയത്. എന്നാല്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബസ് യാത്രയും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മണിപ്പൂരിലെ ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്നുമായിരുന്നു കോണ്‍ഗ്രസ് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി നയിക്കുന്ന എന്‍ ബിരേന്‍ സിങ്ങ് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പരിപാടി തൗബലിലെ സ്വകാര്യ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in